ചളി പുതഞ്ഞ മുറിയൻ മുണ്ട്
അരയ്ക്ക് മുകളിലേക്ക് മാടിക്കുത്തി
ഞാനിപ്പോൾ കെട്ടുപോകുമെന്ന്
കുശുമ്പ് കാണിച്ച് മടിക്കുന്ന
ചൂട്ട് ആഞ്ഞ് വീശി
നാടൻപാട്ടുകൾക്കിടയിലൂടെ
തെറിച്ച് വീഴുന്ന
പുളിച്ച തെറികളുമായ്
ആടിയുലഞ്ഞ രണ്ട് കാലുകൾ
കോണിപ്പടി കയറി വരും.
കാത്തിരുന്ന് കത്തിച്ച് വച്ച
കണ്ണുകളപ്പോൾ
കൊടുങ്കാറ്റടിച്ച് മങ്ങും.
ചാണകം മെഴുകിയ നിലത്ത്
ചമ്മണം പടിഞ്ഞിരുന്ന്
കുട്ടികൾ വായിച്ചുകൊണ്ടിരുന്ന
പുസ്തകങ്ങൾ
മുറ്റത്ത് തളംകെട്ടി നിൽക്കുന്ന
മഴവെള്ളത്തിലേക്ക്
ആഞ്ഞ്പതിക്കും.
അരുതെന്ന് വിലക്കുന്ന
ചേട്ടത്തിയുടെ നിലവിളികൾ
ഇടവഴികളിലേക്കിറങ്ങി
ഓടിക്കിതച്ച്
അക്കരെ അമ്മദ്ക്കായുടെ
ചായക്കട വരെ എത്താറുണ്ട്.
അയൽപക്കങ്ങളിലെ
ഉറക്കത്തിലേക്ക്
നീളുന്ന കണ്ണുകൾ
വേലിക്കരികെ നിരന്ന് നിന്ന്
ഒന്ന് നോക്കുക മാത്രം ചെയ്ത്
അവരിലേക്ക് തന്നെ മടങ്ങും.
തലതല്ലി പിടഞ്ഞ വാക്കുകളും
അടുക്കളപാത്രങ്ങളും
മൂടി വച്ച ചോറും കറിയും
ഇറവെള്ളത്തിലൂടെ ഒലിച്ചിറങ്ങും.
ചാറ്റൽമഴ നനഞ്ഞ്
ചെടികൾക്കിടയിൽ
പതുങ്ങിയിരുന്ന കറുമ്പിപൂച്ച
ചേറ് പുതഞ്ഞ ചോറിൽ
നാവിട്ട് മോങ്ങും.
പാതി മുറിഞ്ഞ
നിലവിളികൾക്കിടയിൽ
കുട്ടികൾ ഉറക്കത്തിലേക്ക്
വഴുതും.
കീറപ്പായയിൽ
മഴത്തുള്ളികളോടൊപ്പം
ചിറകിട്ടടിക്കാൻ കൊതിക്കുന്ന
കുഞ്ഞ് സ്വപ്‌നങ്ങൾ
അയാളുടെ നെഞ്ചിൽ
ചോദ്യചിഹ്നമാവാറില്ല.
കുഴങ്ങി മറിയുന്ന
കണ്ണുകൾക്കിടയിലൂടെ
ശകാരവർഷങ്ങളും
നെഞ്ചത്തടിയും
മഴവെള്ളത്തിൽ
പെയ്ത് തോരാത്ത
കണ്ണുകളുടെ ചിത്രം
വരയ്ക്കും.
( ഷാജു. കെ. കടമേരി )

By ivayana