ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.
കണ്ണെത്താത്ത ദൂരത്തോളം,
കാതെത്താത്ത കാലത്തോളം,
ശബ്ദം അലയിട്ട്.നുരയിട്ട്,
ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറും
ഞാന്‍ പരതി.
നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!
ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധ
ങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെ
മനസ്സിലെ ആവനാഴികളില്‍
ശരങ്ങളെതെരഞ്ഞു.
ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?
മനസ്സെന്ന മാന്ത്രികന്‍ എന്നും
എവിടെയും പിടിതരാതെ കറങ്ങി
നടക്കുന്നതും,
പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതും
അകലങ്ങളില്‍ അലയുന്നതും
ഞാനറിയുന്നു.
ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍
നിന്നും
ബാഹ്യലോകത്തിന്റെ വാതായനങ്ങള്‍
കടന്നുവരാന്‍ ശ്രമിക്കുന്ന
ജീവിത സമസ്യകളില്‍;
ഞാന്‍ അഭയം തേടുന്നത് സമയത്തിലല്ല,
എന്നില്‍ തന്നെയാണെന്ന നഗ്നസത്യം
എന്നും വിസ്മരിക്കപ്പെടുന്നുവോ?
(പട്ടം ശ്രീദേവിനായർ)

By ivayana