ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇരുവരുടേയും വിജയം ഇനി നിർണയിക്കുക അഞ്ച് സിംഗ് സ്റ്റേറ്റുകൾ.
പെൽസിൽവേനിയ, മിഷിഗൺ, വിസ്കോൺസിൻ, ജോർജിയ, നോർത്ത് കരോളിന എന്നീ അഞ്ച് സ്റ്റേറ്റുകളാണ് അന്തിമ ഫലത്തിൽ നിർണായകമാകുക. അഞ്ച് സംസ്ഥാനങ്ങളിലായി 77 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഇതിൽ വിസ്കോൺസിനിൽ ബൈഡൻ മുന്നിലാണ്.
ജോർജിയയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അരിസോണയിലും ബൈഡനാണ് ലീഡ്. ഫ്ലോറിഡയും ഒഹായോയും ടെക്സസും ട്രംപിനൊപ്പം നിൽക്കുന്നു. പെൽസിൽവേനിയ, മിഷിഗൺ എന്നിവിടങ്ങളിലെ ഫലം വൈകാനാണ് സാധ്യത. അതിനാൽ അന്തിമ ഫലം ഇന്നുണ്ടാവില്ല.
വിവിധ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത പാർട്ടികൾക്ക് വോട്ട് ചെയ്ത പാരമ്പര്യമുള്ള 12 സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളായി അറിയപ്പെടുന്നത്. 2000 മുതൽ 2016 വരെ നടന്ന അഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ 38 സംസ്ഥാനങ്ങൾ ഒരേ രാഷ്ട്രീയ പാർട്ടിക്ക് തന്നെയാണ് ഭൂരിപക്ഷം നൽകിയത്. എന്നാൽ ശേഷിക്കുന്ന 12 സംസ്ഥാനങ്ങൾ ഈ അഞ്ച് തെരഞ്ഞെടുപ്പുകളിലും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കൊപ്പം നിന്നു.
ഇതോടെ ഈ സംസ്ഥാനങ്ങൾ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതായി. ജോ ബൈഡനും ട്രംപും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചതും ഈ സംസ്ഥാനങ്ങളിലായിരുന്നു എന്നതുതന്നെ ഇവയുടെ പ്രധാന്യം വർധിപ്പിക്കുന്നു.