മരണത്തിലേക്ക്
യാത്ര ചെയ്യുമ്പോൾ
പൂവുകൾ ഞൊറിയിട്ട
തിരമാലകൾ കാണാം
മലകത്തിയമരുന്ന കറുത്ത
പുകയുടെ പമ്പരം കാണാം
ശലഭങ്ങൾ പറക്കുമാകാശ
മഴയുടെ ചിറകുകൾ കാണാം.
പുതു പായയിൽ ഒറ്റയ്ക്ക്
കിടക്കുന്ന കണ്ണുകൾ
കട്ടിലിൽ, തലയിണയിലേ-
ക്കെത്തി വലിഞ്ഞു നോക്കുമ്പോൾ
കരഞ്ഞുകലങ്ങിയ
കാമുകിയുടെ കണ്ണിൽ
വെള്ളരി പ്രാവിന്റെ
വിശപ്പിന്റെ ചിരി പൂത്തുകാണാം
സമത്വം കൊയ്യുന്ന പുഴയരികിലെ
മൂന്നുവിള മുളക്കുന്ന പാടം കാണാം.
പട്ടയമില്ലാത്ത പട്ടടയ്ക്കുള്ളി-
ലിരിയ്ക്കുമ്പോൾ മൂല്യമില്ലാത്ത
ഭൂമിയുടെയതിരിൽ മുളക്കുന്ന,
പണം കായ്ക്കും മരം വിതുമ്പുന്ന കാണാം.
അധികാരമില്ലാത്ത കസേരയ്ക്കരികിൽ
ശർക്കരയില്ലാത്ത ഭരണി കാണാം.
വികാരം നശിച്ച ശരീരത്തിനരികിൽ
മൂടുപൊട്ടിക്കാത്ത മദ്യക്കുപ്പി കാണാം.
മരണത്തിലേക്ക്
യാത്ര ചെയ്യുമ്പോൾ
ഞാനറിയാത്തയവളെ കാണാം
അവളറിയാത്തയെന്നിലൂടെ.
സഫലമാകുന്ന സ്വപ്നങ്ങൾ പാകി
ലക്ഷ്യത്തിലേറി വിളവെടുക്കാം
മടുത്ത മാറാലകൾ നീക്കി
തിളങ്ങും മഴവില്ലിലേറാം.

By ivayana