“നാളെ വെള്ളിയാഴ്ച്ച അവധി ദിവസം, രാവിലെ തന്നെ ഒരു കിടുക്കാച്ചി കഥയെ ഗർഭം ധരിച്ചാൽ,വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ – കൊൽക്കത്ത മത്സരം തുടങ്ങുന്നതിനു മുമ്പ്, ഫേസ്ബുക്കിന്റെ ഉമ്മറത്ത് “കഥ”യെന്ന സുന്ദരിപ്പെണ്ണിനെ, പെറ്റിട്ടതിന്റെ നിർവൃതിയോടെ മിനി സ്‌ക്രീനിനു മുന്നിലിരുന്നു മുംബൈയുടെ വിജയത്തിനായി താളംപിടിക്കാം, പരസ്യത്തിന്റെ ഇടവേളകളിൽ എന്റെ സുന്ദരിപ്പെണ്ണിനെ കാണുവാൻ ആരൊക്കെയെത്തിയെന്ന് ഫേസ്ബുക്ക് വാളിലേക്ക് എത്തിനോക്കുകയും ചെയ്യാം”
ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചിന്തകൾ ട്രാൻസൈബീരിയൻ റെയിൽവേ ലൈൻപോലെ നീണ്ടു.
രാവിലേ ഒമ്പത് മണിയോടെ ഉണർന്നു ചായക്ക് പാൽവെക്കുമ്പോൾ മനസ്സിൽ “കമ്മ്യുണിസ്റ്റ്പൊന്നമ്മ”യുടെ ജീവന്റെ ആദ്യ തുടിപ്പുകൾ ഉയർന്നു.
പൊന്നമ്മ നാലുവരിയായി വളർന്നപ്പോൾ ഐഎംഒയിൽ വൈഷുവിന്റെ കാൾ, പൊന്നമ്മയെ മാറ്റി നിർത്തി വൈഷുവിലേക്ക്, എന്തൊക്കെയോ സംസാരിച്ചു ഏറെ നേരം, വൈഷുവിന് ശേഷം അടുത്ത കാൾ ശോഭാമ്മയിലേക്ക്, തുടർന്ന് വാവയിലേക്കും, മാരത്തോൺ ഫോൺ വിളി അവസാനിക്കും വരെ പാവം പൊന്നമ്മ പിണക്കമൊന്നും കാട്ടാതെ ഒരു മൂലയിൽ അടങ്ങിയിരുന്നു.
വീണ്ടും പൊന്നമ്മയിലേക്ക് നീളവേയാണ് ആമാശയത്തിൽ നിന്നും മെക്സിക്കൻ തിരമാലകൾ കണക്കെ വിശപ്പിന്റെ വിളി ഒരു മര്യാദയുമില്ലാതെ കടന്നുവന്നത്. ചപ്പാത്തിയെയും തലേന്നത്തെ ചിക്കൻകറിയേയും പ്രണയിക്കുമ്പോഴും പൊന്നമ്മ അനുസരണയുള്ള കുട്ടിയെപോലെ കൂടെ ഉണ്ടായിരുന്നു.
സഹകരണത്തിന് നന്ദി പറഞ്ഞു, വീണ്ടും പൊന്നമ്മയെ ചേർത്തുനിർത്തി, വെട്ടലും, തിരുത്തലുമായി രണ്ടാമത്തെ ഖണ്ഡികവരെ പൊന്നമ്മ വളർന്നതോടെ, പൊന്നമ്മയും തനിഗുണം കാട്ടുവാൻ തുടങ്ങി, അല്ലേലും കമ്മ്യുണിസ്റ്റ്പൊന്നമ്മ അങ്ങനെ പെട്ടന്ന് കീഴടങ്ങുന്നവൾ അല്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു.
പൊന്നമ്മയെ വരുതിയിലാക്കുവാനുള്ള ശ്രമം തുടരുന്നതിനിടയിലാണ്, തൊട്ട്മുമ്പ് കഴിച്ച ചപ്പാത്തി ദാഹത്തിന്റെ രൂപത്തിൽ വില്ലനായി കടന്നുവന്നത്,
ഇന്നലെ രാത്രി കാലിയായ വെള്ളം കുപ്പി കളിയാക്കി ചിരിച്ചതോടെ, പൊന്നമ്മയോട് അഞ്ച് മിനിറ്റ് പറഞ്ഞു, വെള്ളം വാങ്ങുവാനായി അഞ്ചാം നിലയിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബംഗാളിയായ കെയർട്ടേക്കറുടെ ചാരത്തേക്ക്.
മടങ്ങിയെത്തി ദാഹം ശമിപ്പിച്ചു വീണ്ടും പൊന്നമ്മക്കൊപ്പം,കാര്യമായി ഇടങ്ങേറുണ്ടാക്കാതെ സഹകരിച്ചതോടെ പൊന്നമ്മക്ക് പാതിവളർച്ചയെത്തുവാൻ അധികസമയം വേണ്ടിവന്നില്ല. പൊന്നമ്മയുടെ വളർച്ചയിൽ നിന്ന് പെട്ടന്നെപ്പോഴോ ശ്രദ്ധ മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ഒരാഴ്ച്ചത്തെ മുഷിഞ്ഞതുണികളിലേക്ക് വഴിമാറി സഞ്ചരിച്ചു, പൊന്നമ്മയോട് വീണ്ടും അഞ്ചു മിനിറ്റ് ചോദിച്ചുവാങ്ങി അലക്കുവാനുള്ള തുണികളുമായി വാഷിംഗ്‌മെഷിനരികിലേക്ക്,
വിഴുപ്പ്ഭാണ്ഡം മെഷിനിൽ തള്ളിമടങ്ങിയെത്തി ശാന്തയായി കാത്തിരിക്കുന്ന പൊന്നമ്മയെ അവഗണിച്ചു വായ്നോട്ടത്തിനായി ഫേസ്ബുക്കിലേക്ക് ഇത്തിരിനേരം.
“ഉച്ചക്ക് കഴിക്കുവാൻ എന്തുണ്ടാക്കി?”
മെസ്സഞ്ചറിൽ കാത്തുകിടന്ന വൈഷുവിന്റെ ചോദ്യം വീണ്ടും കാര്യങ്ങളെ മാറ്റി മറിച്ചു.
ഒന്നും ഉണ്ടാക്കിയില്ല, പൊന്നമ്മക്കൊപ്പമാണെന്ന് മറുപടി മറുഭാഗത്തും രസിച്ചില്ല,
“പൊന്നമ്മയും, ചിന്നമ്മയുമൊക്കെ പിന്നെ പോയി വല്ലതും ഉണ്ടാക്കുവാൻ നോക്ക്, അവിടെ സമയം പന്ത്രണ്ട് മണി ആകാറായല്ലോ”
വൈഷുവക ഓർമ്മപ്പെടുത്തൽ വന്നതോടെ, സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല സമരം കിടക്കുന്നവരെ അവഗണിച്ചു കടന്നുപോകുന്ന തുക്കിടിസായിപ്പൻമാരെപോലെ, കാത്തിരിക്കുന്ന പൊന്നമ്മയെ കണ്ടില്ലെന്ന് നടിച്ചു ഞാനും കിച്ചണിലേക്ക്.
ഫ്രിഡ്ജിലെ മോർച്ചറിയിൽ മരവിച്ചുകിടന്ന മത്തിപെണ്ണിനെ വെട്ടി സുന്ദരിയാക്കി, കുടംപുളിയിട്ട് നല്ലചെങ്കൊടിനിറമുള്ള കറിയുണ്ടാക്കി, ചോറുംവെച്ച് മടങ്ങിയെത്തുമ്പോൾ, കണക്കുകൂട്ടലുകൾ തെറ്റിച്ചു പൊന്നമ്മ കോമരമാടി തുടങ്ങിയിരുന്നു,
“നിന്റെ സൗകര്യത്തിന് തുള്ളാൻ നിന്റെ പെണ്ണുമ്പുള്ളയെ വിളിക്ക്, ഈ പൊന്നമ്മയെ കിട്ടില്ല”
അടുത്തേക്ക് ചെന്ന് താലോലിക്കുവാൻ നോക്കിയപ്പോൾ കാലുമടക്കിതൊഴിച്ചു,പൊന്നമ്മ ദൂരേക്ക് മറഞ്ഞിരുന്നു.
പിണക്കം മാറി പെട്ടന്ന് തന്നെ പൊന്നമ്മ എന്നിലേക്ക് വരുമെന്നും,
അധികംവൈകാതെ തന്നെ
“കമ്മ്യുണിസ്റ്റ് പൊന്നമ്മ”യെ പെറ്റിടാമെന്ന പ്രതീക്ഷയോടെ…
കെ. ആർ. രാജേഷ്

By ivayana