അരുതെന്ന് തുടങ്ങും
രാമായണത്തിലെ
ശിഥില ബന്ധങ്ങളും
ഒളിയമ്പുകളും
അഗ്നിപ്രവേശങ്ങളും,
മഹാഭാരതത്തിൽ
വസ്ത്രാക്ഷേപങ്ങളായും
അരക്കില്ലങ്ങളായും
കുരുക്ഷേത്രങ്ങളായും
ചക്രവ്യൂഹങ്ങൾ ചമച്ച്
ഇന്നും അവിരാമം
നമ്മെ പിൻതുടരുന്നു…..
മാനിഷാദ ചൊല്ലി !
കർക്കിടകക്കുളിരിൽ
വിറക്കുന്നവിരലുകൾ
വത്മീകം പിളർന്ന്
രാമനെ തേടുമ്പോൾ,
അഹന്തയുടെ ദശമുഖങ്ങളും
അവിഹിതാസക്തിയിൽ
മൂക്കറ്റ ശൂർപ്പണഘകളും
മാത്സര്യമൂട്ടുന്ന മന്ഥരകളും
കനിവറ്റ കൈകേയികളും
എനിക്കു ചുറ്റും നിന്ന്
ഭീഭത്സം കണ്ണുരുട്ടുന്നു!
സീതയെ ബന്ദിയാക്കിയും
സ്പർശിക്കാത്ത രാവണൻ
ഉത്തമനെന്നിന്നനേകവും
ചൊല്ലിത്തിരിയുമ്പോൾ;
സ്പർശനമല്ലാത്മദർശനം –
കാണാതഹങ്കരിക്കുന്നവൻ
അർഹതയില്ലാത്തതൊന്നും
അപഹരിച്ചീടെന്നറിയണം!
പൈതൃകത്തിന്റെ ബലം
അറിയാതെ വാലിൽ തീ
കൊളുത്തീടെന്നറിയണം!
അരയന്റെയമ്പുകൾ
അരചന്റെ ഭണ്ഡാര –
മാക്കാതിരിക്കണം!
രാമനോ സീതയോ
അല്ല രാമായണം
രാവണന്റെ ആത്മ –
പ്രണയവും കുടിയാണ്!
മനുഷ്യോൽപത്തിയുടെ
പൈതൃകഭാവപരിണാമ വൈകൃതങ്ങളത്രയും
ഏകോപിച്ചനുഗമിക്കുന്ന
ജീവൽസംസ്കൃതിയുടെ
പഞ്ചഭൂതസമന്വയാതീത മായ
അനശ്വര പ്രവാഹമാണ്!
കാലാതീതമായ ഒഴുക്കാണ്
ഉൾപെരുക്കാണ്‌!
രാമനും രാവണനും എന്നിലുണ്ട്’!
ഞാനെന്റെ വത്മീകം വിട്ട്
വേടന്റെ വിഷലിപ്തമായ
അമ്പുകളെ ഭയക്കാതെ
ഒരു കറൌഞ്ചമായി
സ്വച്ഛന്ദം പറക്കാൻ
എനിക്ക് കഴിയുമോ?
എന്നെ അനുവദിക്കുമോ?
മുക്തി തേടുന്ന മനസ്സിന്റെ
ആത്മപരിദേവനം കേട്ട്
രാമായണക്കാറ്റിലെ
അരുതായ്മൾക്കപ്പുറം
സമത്വ ചിറകുകൾ വിരിച്ച്
സ്വാതന്ത്രമായി പറന്നുയരാൻ
വ്യാഖ്യേയം കാത്തിരിപ്പാണ്
ഊർമിളയും സീതയും!
അന്നും
ഇന്നും
എന്നും !
(ജനാർദനൻ കേളത് )

By ivayana