പാതിമെയ് മറഞ്ഞെന്തേ
മനസ്സിൻ വാതായനത്തിൽ
എത്തിനോക്കുന്നു നീ
പ്രഭാതം വിടർത്തുന്ന
മനോജ്ഞമാംമലരുപോൽ
സമ്മോദം എന്നാത്മാവിൽ
ഉന്മാദഹാരമണിയിപ്പൂ?
കുളിർകാറ്റിന്നലകൾപോൽ
ചിറകടിച്ചെത്തുന്ന
ഭാവനാപ്പക്ഷി കൂട്ടും
അലങ്കാരകൂടു നീ
എന്മനോവൃക്ഷത്തിൻ
ശിഖരങ്ങളിലെവിടെയോ
കുറുകുന്നടയിരിക്കുന്നു
നീ വെള്ളരിപ്രാവുപോൽ.
കവിതേ! പ്രണയിനി!
നീ പറക്കും വിഹായസ്സിൽ
സങ്കല്പമാം മലരുകളിൽ
മധുവുണ്ണും മനസ്സുണ്ടോ?
നേരുണ്ണും മനശലഭങ്ങൾ
ഹരമാക്കും നിൻ കൃതിപ്പൂക്കൾ
വിരിയുമോയവസ്പുരിക്കുമോ
മാസ്മരമാം നിൻ തിരിവെട്ടം.
കവിതേ! നീ മനംപൂകൂ!
ഗതകാലസ്മരണയായ്
മനോജ്ഞാനുഭൂതിയിൽ
മയക്കും മനോരാജ്യങ്ങളിൽ
പ്രണയാഗ്നി വിതറിയെൻ
ദേഹീദേഹങ്ങളിൽ
പ്രാണനായ് പരിമളമായ്
മീറതൻ സുഗന്ധംപോൽ.
കവിതേ! നീ മീട്ടുക!
ജീവിതഗന്ധിയാം തംബുരു
വിതുമ്പൽ വിരഹം
മനംമയക്കും കാഴ്ചകൾ
വിസ്മയ വാക്കുകൾ
അവതൻ പൊരുളുകൾ
അകതാരിൻ നൊമ്പര-
കണ്ണീർപേറും പ്രളയങ്ങൾ.
കവിതേ! പ്രിയ മോഹിനീ!
നീ നിൽക്കില്ലേ തെല്ലു നല്കില്ലേ
നിൻ ചൊടിയിൽ വിരിയും
മൃദുസുഗന്ധ കഥനങ്ങൾ
ഉൾപ്പുളകങ്ങളുണർത്തുന്ന നിൻ
താളലയ കോകിലങ്ങൾ
എന്മനസ്സിൽ രതിക്കട്ടെ
മഥിച്ചുമഥിച്ചവ പാടട്ടെ.

By ivayana