പിച്ചവെച്ചു നടന്നൊരാ മുറ്റവും
അക്ഷരങ്ങൾ പഠിച്ചോരകങ്ങളും
കൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളും
കൂട്ടുകൂടിയ കുന്നിൻ പുറങ്ങളും
പൂക്കളങ്ങളൊരുക്കിയ മുറ്റവും ,
കാത്തുവെച്ചൊരാ പിച്ചകവള്ളിയും
തൂത്തുവാരിയോരുമ്മറക്കോലായും
ഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!
ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർ
പെൺകിടാവിനെ അന്യയായ് മാറ്റുന്നു
മാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെ
മാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!
പെൺകുരുന്നിൻ കുരുതിക്കളങ്ങളോ
പുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!
ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾ
ചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾ
ജന്മജന്മങ്ങളതെത്ര പിന്നീടിലും
ജന്മദോഷങ്ങൾ മാറുകയില്ലയോ
കർമ്മദോഷങ്ങളെന്നു പറഞ്ഞവർ
ധർമ്മനീതികൾ ചെയ്യാതെ പോകയോ.. !
(ആർക്കോ പറ്റിയൊരക്ഷരത്തെറ്റാണവ’ൾ’
‘അവൻ’ നു പകരം ‘അവൾ’ആയിപ്പോയതിനാൽ എല്ലാം അന്യമായ്പ്പോയവൾ)
©ഗീത മന്ദസ്മിത (ഗീത.എം.എസ്.)