അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ ഒട്ടാകെ വിജയാഘോഷം തുടങ്ങി. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍.ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗം. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണ് ഭാര്യ. നാലു മക്കളുണ്ട്.
ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്‍റായി വിജയിച്ചു. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് 77കാരനായ ബൈഡൻ നേടിയത്.ഇന്ത്യൻ, ജമൈക്കൻ കുടിയേറ്റക്കാരുടെ മകളായ കമല ദേവി ഹാരിസ് രാജ്യത്തിന്റെ 244 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പദവിയിലേക്കെത്തുന്ന വനിതയായി മാറാൻ ഒരുങ്ങുകയാണ്. ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസ് മാറാനുള്ള സാധ്യതയും ഇതോടെ വർധിച്ചിരിക്കുകയാണ്.വോട്ടർമാർക്ക് ജോ ബൈഡൻ നന്ദി പറഞ്ഞു.