ആഴങ്ങളിലേക്ക്
ഓടിക്കിതച്ച്
ചുവട്തെറ്റി
വഴുതിവീഴേക്കാവുന്ന
ഇത്തിരി സ്ഥലത്ത്
ചവിട്ടി നിന്ന്
ലോകഭൂപടം വരയുന്ന
കഴുകൻ കണ്ണുകൾ.
കാലം നിവർത്തിയിട്ട
ആകാശത്തിന്റെ
അതിരുകളിലേക്ക് പോലും
ചിറകടിച്ചുയർന്ന്
ഗർജ്ജിക്കുന്ന
മഴമേഘങ്ങൾക്കിടയിലൂടെ
ചിറകിനടിയിലൊതുക്കാൻ
വെമ്പുന്ന തലതെറിച്ച ചിന്തകൾ
നിലച്ചു പോയേക്കാവുന്ന
ചെറു ശ്വാസത്തിനിടയിലൂടെ
പിടഞ്ഞു കൂവുന്നു.
അളന്ന് തീരാത്തത്ര ഗ്രഹങ്ങൾ
ചുരുളുകൾക്കുള്ളിൽ നിന്നും
നിവരുന്നു.
കൊടുങ്കാറ്റൊന്ന്
ആഞ്ഞ് വീശിയാൽ
മഴയൊന്ന് നിലതെറ്റി പെയ്താൽ
കറങ്ങികൊണ്ടിരിക്കുന്ന ഭൂമി
ഇത്തിരിയൊന്ന്
വിറച്ചാൽ തീരുന്നതേയുള്ളൂവെന്ന്
ഇടയ്ക്കിടെ ബോധമണ്ഡലത്തെ
ചുട്ട് പൊള്ളിക്കാറുണ്ടെങ്കിലും
പ്രപഞ്ചത്തിന് വില പറഞ്ഞ്
ഏകാധിപത്യം പ്രഖ്യാപിച്ച്
നമ്മൾക്കിടയിലേക്ക്
നുഴഞ്ഞ് കയറി
കാലത്തിന്റെ
നെഞ്ച് മാന്തി പൊളിക്കുന്ന
ചില കണ്ണുകൾ…….
( ഷാജു. കെ. കടമേരി )

By ivayana