ഒൻപത് വയസ്സുകാരിയായ ശ്രീലയാ സത്യൻ എന്ന പ്രശസ്തയായ ഈ കൊച്ചുഗായിക പാടുമ്പോൾ ആ പ്രാർത്ഥനയ്ക്കുമുമ്പിൽ ആരാണ് കൈകൂപ്പാതിരിയ്ക്കുക !! അവർണ്ണനീയമായ ഭക്തിയുടെ ഒരു സ്പർശം ആരും അനുഭവിയ്ക്കും ജാതിമതസഭാ -വിശ്വാസ വ്യത്യാസങ്ങളൊന്നും കടന്നുവരാതെ, ആർക്കും കടന്നുചെല്ലാവുന്ന തിരുസന്നിധിയിലേക്കുളള ഒരു പ്രയാണമാണ് ഈ ഗാനത്തിലുടെ ഒരുക്കിയിരിക്കുന്നത്. സർവ്വം നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ വെളിച്ചത്തോടുളള ആത്മപ്രണയമാണ് ഈ ഗാനത്തിൻറ്റെ വരികൾ നൽകുന്ന പ്രചോദനം. വളരെ ഭക്തിയോടെയാണ് ഇതിൻറ്റെ ഗാനരചനയും സംയോജനവും ഞാൻ നിർവ്വഹിച്ചിരിയ്ക്കുന്നത്. പ്രശസ്തരായ ഗായകരും, സംഗീതസംവിധായകരുമായ പ്രീയപ്പെട്ട പന്തളം ബാലൻ, പ്രദീപ് ആറ്റിങ്ങൽ എന്നിവരുടെ ഹൃദയത്തീൻറ്റെ കൈയ്യൊപ്പ് ചാർത്തിയ ഈ ഗാനം ആലപിയ്ക്കുന്നത് ശ്രീലയാ സത്യൻ. സംഗീതലോകത്ത് ഒരു പുതിയ പ്രതീക്ഷയായി വളർന്നുവരുന്ന ഈ കൊച്ചുഗായിക പാലക്കാട് നിവാസികളായ സത്യൻ, രഞ്ജിനി ദമ്പതികളുടെ മകളാണ്.
ഗാനത്തിൻറ്റെ വരികൾ
അകതാരിൽ തെളിയുന്ന നിറദീപമേ,
എൻ മനതാരിൽ നിറയുന്ന ചൈതന്യമേ
അഖില ചരാചര കൈവല്യമേ,
എൻ സകലസാരാംശമേ
കൈതൊഴുന്നേൻ ……
പിഴവുകളേതുമേ വന്നിടാതെന്നുമെൻ
വഴികളിൽ പൊന്നൊളിയാകേണമേ
അഴലിന്നലക്കയ്യിൽ വീഴാതെ നിത്യവും,
തുഴയേന്തി ഈ തോണി കാത്തീടണേ
(അകതാരിൽ ………
കൂരിരുളേറുമെൻ ജീവിതമരുവിൽ
കിരണമായ് നീ അരികിൽ വരണേ
ഓരോ ചുവടും ഞാൻ വെച്ചിടുമ്പോൾ,
ചാരെ ഞാൻ കാണണേ പൊൻപ്രഭാതം!!
(അകതാരിൽ …….