ആയിരത്തൊന്നു രാവോരോ കഥ പറ-
ഞ്ഞന്നൊരാളായുസ്സു കാത്തു.
മൂഢകിടാങ്ങൾക്കു രാജ്യതന്ത്രങ്ങളായ്
പഞ്ചതന്ത്രങ്ങൾ പിറന്നു.
ആയിരങ്ങൾക്കായ് കരുത്തുറ്റ കൈ –
ചുരുണ്ടാദർശ ലോകമുയർത്തി.
വീരേതിഹാസകഥകളായോലകൾ
നൂറു നൂറായി മുറിഞ്ഞു.
അന്നധികാര വിഷക്കോപ്പയിൽ തുള്ളി
പോലും കലരാത്ത രക്തം
നീറുന്നസത്യം നിരങ്കുശമിന്നുമെൻ
നാലു ചുറ്റും ചാലു കീറി.
ഒക്കെയറിഞ്ഞുമറിയിച്ചും വാഴ് വിനെ
നക്കിതുടച്ചെടുക്കുന്നോർ –
എത്ര കൊടികുത്തിയെത്രകടൽ താണ്ടി
യെത്രയോ പായകൾ മാറ്റി.
കോടി താരങ്ങളെ ചേർത്തുതുന്നുന്നതാം
കൂരിരുളിൻപുറം പോലെ.
ആഴിത്തിരകളിൽ താലോലമാടുന്ന
രാവിൽ നിലാച്ചീന്തു പോലെ.
പത്തിയെടുത്തു കൊത്തിക്കുമുന്മാദങ്ങൾ
കാത്ത കറുത്ത സൗന്ദര്യം
ചോരയുംകണ്ണീരുമായി കുതിർന്നതാം
നാൾകളെടുത്തു കത്തിച്ചു.
ഓരോരെഴുത്തുമതിൻവെളിച്ചത്തിനാൽ
കാണാതെയാകുന്ന പോലെ
ഒറ്റയ്ക്കിരിക്കുമ്പൊളാരുമറിയാതെ –
യിത്തിരി ചോരയൂറ്റുന്നു –
തൊട്ടു വരയ്ക്കുന്നതിൽ! കുട്ടിയെപ്പോലെ
ചിത്രമെഴുത്തുകളാമോ?
ചിത്തം കവരുമോ?നൃത്തമാടിടുമോ?
ചിത്രശലഭങ്ങളാമോ?
പത്മനാഭൻ കാവുമ്പായി