ജനലഴികളിൽ പിടിച്ച വാർദ്ധക്യം
ജാലകപഴുതിലൂടന്തി കാൺമൂ
നിലാവണയും നിശീഥിനിയിൽ
നിറഞ്ഞൊഴുകി
നീർക്കണങ്ങൾ
സ്മൃതി തൻ താരാട്ടുപാട്ടിൽ
ശ്രുതിയറ്റയീണങ്ങൾ
സ്വർഗ്ഗമായിരുന്നു സദനം
സൗരഭ്യം വീശി നാലിതൾ പൂക്കൾ
സദാ മൂളുന്നു വസന്തകോകിലങ്ങൾ
കണ്ണേറു തട്ടി
കരിഞ്ഞുണങ്ങി
കണ്ണടച്ചു തുറക്കുന്നു
കനക്കുന്നു കാർമുകിൽ
കാക്കകൾ കരഞ്ഞു
ബലിച്ചോറിനായ്
വിധവ തൻ കുപ്പായം
വിധിച്ച നാളിൽ തന്നെ
വിധി നൽകി വിരഹം
വിതുമ്പിയീ മാനസം
മക്കളായ് നാലുപേർ
മാളികാ വാസമായ്
മാറിയീ ചിന്തകൾ
മാറ്റിയീയമ്മയെ
പേക്കോലമെന്നോ
പാഴ്ജന്മമെന്നോ
പേരക്കിടാങ്ങൾ
പിന്നിലെത്തി പുലമ്പി
അടുത്തൂൺ നാളിൽ
അലിവോടെയെത്തി
അലങ്കാരമായി
അടുത്ത നാളിലോ
ആക്രോശമായ്
അലങ്കോലമായ്
അധികപറ്റായി
പകുത്തു നല്കി പുരയിടം
പടിയിറങ്ങിയദൃശ്യഭാരവുമായ്
പിന്നിലാ മൺകൂനയിൽ
പിണങ്ങി തിന്നു ചെരാതുകൾ
പാതിവഴിയിൽ പകച്ചു ദിശയറിയാതെ
കാൽവെന്ത നായ പോൽ
കാതങ്ങൾ പിന്നിട്ടു
കൂട്ടരായ് കിട്ടി
കദനത്തിൻ നോവുകാർ
‘ഈ വൃദ്ധ സദനത്തിലെത്തി
ഇടറും മൊഴികളും
ഈറൻ മിഴികളും
ഇന്നിവിടെയുണ്ട് ശാന്തി
ഇണങ്ങിചേർന്നു ഹതാശർ
ഇഴ പിരിയാത്ത സൗഹൃദം
ഇടുങ്ങിയ ചിന്തയും മനവുമില്ല
എങ്കിലും മമ സ്വപ്നം
എരിഞ്ഞടങ്ങില്ല മോഹം
ഒരിളം തെന്നൽ
ഒരു മാത്രയെന്നെ പുണരുമോ?
നിർദയമെൻ വിധിയെ
നീരസത്താൽ പഴിക്കുന്നു
നിശ്ചയമുണ്ടൊന്നു ഭൂമിയിൽ
നീരറ്റുണങ്ങിയ കൈകളെ
നീർ വീണു പൊള്ളിയ മാറിനെ
നീട്ടി പുണരുവാനാരും വരില്ല
ആദരിക്കില്ലയെങ്കിലും
അവഗണയരുതേ
തെറ്റല്ല കുറ്റവുമല്ലയീ
വാർദ്ധക്യം
വിധിതൻ കൈകൾ വിസ്മയം തീർക്കും
ഉദയമെത്തുംഅസ്തമയത്തിനായ്
ഉർവിയിൽ പരിണാമമീ പച്ചിലകൾ
ഉറപ്പിച്ചെഴുതൂ പച്ചയാം വാക്കുകൾ
നര തിന്നു തീർത്തൊരീ നരജന്മം
നാട്യങ്ങളറിയാതെ നാലു ചുവരിൽ
കനലെരിയുമീ വരികൾ
കാലമേയുത്തരം തരിക
വാർദ്ധക്യമൊരു ശാപമോ?
വിധവകൾ വിധിയുടെ കളിപ്പാട്ടമോ ?
ബീഗം

By ivayana