മുറവും, വട്ടിയും മൂലാംകുട്ടയും
മുപ്പറക്കുട്ടയും ചിക്കുപായും
വിതവട്ടി, താംബൂലച്ചെല്ലവും നെയ്തവർ
വേരറ്റുപോകുന്നോയെൻ്റെ തൈവേ….
ഈറ്റപ്പൊളികൊണ്ട് നെയ്ത പരമ്പതും
കൈതോല കൊണ്ടുള്ള പായകളും
ഓലമെടഞ്ഞുള്ള ‘വല്ല’വും പുല്ലിലായ്
നൂലുകടത്തിയ പുല്ലുപായും
ചങ്ങനാശ്ശേരീലും, ചെങ്ങന്നൂർ ചന്തേലു-
മുല്പന്നം തുച്ഛവിലയ്ക്കു നല്കി
കേരളനാടിൻ്റെ ജൈവതകാത്തവർ
ജീവിച്ചു ജീവിതം ദുഷ്കരമായ്
ഇന്നിപ്പോ പ്ലാസ്റ്റിക്കു വന്നപ്പോൾ ജീവിതം
രണ്ടറ്റംമുട്ടാതെ കഷ്ടത്തിലായ്
ഈറയെ നമ്മൾ മറന്നൂ, തഴപ്പായ
തീരെയും മോശമെന്നായി ചിന്ത!
കുന്നുപോൽ കൂടുന്നു പ്ലാസ്റ്റിക്കു കൂടുകൾ
മണ്ണിനെക്കൊന്നു മുടിച്ചിടുമ്പോൾ
മണ്ണിൻ്റെ മക്കൾക്കു കണ്ണുനീർ നല്കിയോർ
ദണ്ണംപെരുത്തു കുഴങ്ങിടുന്നൂ!
മണ്ണിലായ് വിത്തുവിതച്ചുവിളയിച്ചു
ഉണ്ണുവാൻ നല്കിയ കൂട്ടരെല്ലാം
മണ്ണിനെത്തൊട്ടു നടക്കാതെയായപ്പോൾ
മണ്ണുപിണങ്ങുന്ന കാഴ്ച്ചയെങ്ങും!
എൻ.കെ.അജിത് ആനാരി