എടീ ദീനാമ്മോ…
എന്തോ….?
അല്ലെടിയെ, അവടെങ്ങനാ…., ഭൂമിയിലെപ്പോലത്തന്നാന്നോടി….?!
ഇതെന്നാ ചോദ്യവാ മനുഷ്യേനെ, എന്നാപ്പിന്നെ ഭൂമിയെത്തന്നെ അങ്ങു കഴിഞ്ഞാൽ പോരായോ…?
എമ്പടി വ്യത്യാസമുണ്ടെന്നേ ….
ഇപ്പൊ നീയെന്റെ കൂടെണ്ട്, അവടെചെല്ലുമ്പം ഇങ്ങനെ കൂടെ നിക്കാമ്പറ്റുവോ, പറ്റത്തില്ലായിരിക്കും അല്യോടി. മത്തായിച്ചന്റെ ശബ്ദത്തിൽക്കലർന്ന നിരാശ ദീനാമ്മയുടെ ഉള്ളിൽത്തട്ടി.
എടിയേ….
എന്തോ….
നിനക്കെന്നോട് ഏതാണ്ട് എനക്കേട് എന്നേലും തോന്നിയിട്ടുണ്ടോടി…?
ഒന്നു ചുമ്മാതിരി മനുഷ്യാ, ആദ്യം ഒന്നങ്ങു ചെല്ലട്ട്. അങ്ങോരെന്നാ ഒക്കെയാ ഒണ്ടാക്കുന്നെ എന്നൊരാധിയാ എന്റെ ചങ്കിനകത്ത്.
ആര്…? ആരാടി നെന്നെ ദണ്ണപ്പെടുത്തുന്നേ, ആരായാലും മത്തായീടെ തനിക്കൊണവറിയും അവൻ.
ചത്തുകെട്ടാണ് മനുഷ്യാ നിങ്ങളെ അങ്ങോട് കെട്ടിയെടുക്കണെ. ബോധമില്ലായ്‌മക്ക് അന്നേരോം കുറവൊന്നും വരുത്തരുത്, കാളപെറ്റെന്ന് ആരേലും പാതി പറഞ്ഞാമതി, ഇതിയാൻ അന്നേരം കയറുംതേടി നെട്ടോട്ടവാണ്.
ഇത് നീയെന്നതാടി കടംകഥയും പറഞ്ഞു കയർക്കുന്നേ, നിന്റെ പറച്ചിലുകേട്ടാത്തോന്നും ഇതിനുമുമ്പ് ഞാനഞ്ചാറ് വട്ടം ചത്തതാണെന്ന്. ആദ്യല്ലേടി, ഇത്തിരി പരിചയക്കൊറവൊക്കെ കാണും. നീയങ്ങു് ക്ഷമീരെടീ ദീനാമ്മോ….
ഞാങ്കരുതി, ഞാഞ്ചത്താലെങ്കിലും ഈ വളിപ്പുപറച്ചിലൊന്ന് നിക്കൂന്ന്, അതെങ്ങാനാ, ജാത്യാലുള്ളത് തൂത്താ പോകത്തില്ലാലോ. അങ്ങു ചെല്ലുമ്പോ ആ ഗബ്രിയേൽ മാലാഖ എന്നാ മൂഡിലാന്നോ ഇരിക്കുന്നേ, നിങ്ങടെ വായേലാണേ വേണ്ടാത്ത സമയത്ത് വേണ്ടാത്തതെ വിളയത്തും ഉള്ളൂ.
ഓ… അതാന്നോ, അങ്ങനെയങ്ങ് പേടിച്ചാ പറ്റുവോടി പെണ്ണേ, മത്തായിച്ചൻ ദീനാമ്മയുടെ കവിളിനിട്ടു തോണ്ടി…
ദേ മനുഷ്യാ, ശൃങ്ങരിക്കാൻ കണ്ട സമയം. പിറകെ ആ പാവം മാലാഖകൊച്ചുള്ളത് ബോധമില്ലാതെ….
ആ പിണക്കത്തിലും കലർന്നിരിക്കുന്ന നാണം മത്തായിച്ചനെ ആ പരലോക യാത്രയിലും പ്രണയാതുരനാക്കി. തന്റെ ഇടതുകൈയിലിരിക്കുന്ന ദീനാമ്മയുടെ വലതുകരം മുറുകെപ്പിടിച്ചയാൾ ചുണ്ടോടുചേർത്തു.
ച്ഛേ…, ഇതെന്തൊരു ജന്മം കർത്താവേ, ചുമ്മാ മനസ്സിലോരോ പ്രലോഭനങ്ങളുണ്ടാക്കാൻ… മാലാഖ ദൃഷ്ടി ശൂന്യതയിലേക്ക് തിരിക്കാൻ ശ്രമിച്ചു. പക്ഷെ സുഖമുള്ളൊരാരസ്വസ്ഥതയോടെ പാവം മത്തായിച്ചനെയും ദീനാമ്മച്ചിയെയും ഓട്ടക്കണ്ണിട്ടുനോക്കി.
എടീ ഫെലിഷ്യക്കൊച്ചേ, കള്ളക്കണ്ണിട്ടുനോക്കാതെടി, ദീനാമ്മ തിരിഞ്ഞുനോക്കാതെ പറഞ്ഞു.
ഓ…അമ്മച്ചിയും കെളവന് ചേർന്ന മൊതല്തന്നെ, അതേയ്, ഇതൊക്കെ അങ്ങു ഭൂമിയില്, ഗബ്രിയേലിന്റെ കാലേപിടിച്ച പിടിവിടാതെക്കരഞ്ഞപ്പം സ്വൈര്യക്കെട് ഒഴിഞ്ഞുപോട്ടെ എന്നും കരുതിയാ അമ്മച്ചിക്ക് സമ്മതം തന്നത്. അതിന് ഞാനും ശുപാർശ ചെയ്‌താരുന്നു, മറക്കണ്ട.
ഓ…ഒവ്വേ, നിന്റെ ശിവാർശയും ഉണ്ടായിരുന്നു, അതിന് ഞാനെന്റെ കേട്ട്യോനോട് ഒന്നു മിണ്ടിപ്പറയുമ്പോ എന്നാത്തിനാ കൊച്ചേ ഓട്ടക്കണ്ണിട്ടു നോക്കുന്നേ…., എന്റെ നല്ല പ്രായത്തി ഇതിയാനേം പെറ്റിട്ട എന്റെ ഇളയകൊച്ചിനേംവിട്ടങ്ങേരുടെ വിളിയുംകേട്ടിങ്ങാട് വന്നതല്ല്യോ, ഒന്നഡ്ജസ്റ്റ് ചെയ്യടി കൊച്ചേ, ഒന്നൂല്ലേലും ഇവിടെ വന്ന അന്നുതൊട്ട് ഞാൻ കൈയേന്നു വയ്ക്കാതെ എടുത്തോണ്ടു നടന്ന് ആളാക്കിയതല്യോടി നിന്നെ…., ചാവാൻ നമ്പറുവീഴുംമുന്നേ ജീവനൊടുക്കാൻ തിടുക്കപ്പെട്ട് ഓരോ ജീവിയുടെ ചുറ്റിനും പാത്തുപതുങ്ങി നടന്ന നിന്റെ മനോരോഗിത്തള്ള നിന്നേം ഞെക്കിക്കൊന്നേനെ…., സ്മരണവേണം, സ്മരണ…!
സൈക്കിക്കായ അമ്മയുടെ ആർത്തിനിറഞ്ഞ ഭയപ്പെടുത്തുന്ന കണ്ണുകൾ മനസ്സിൽ തെളിഞ്ഞപ്പോൾ ഫെലിഷ്യയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ ഒന്നുംമിണ്ടാതെ തലതാഴ്ത്തി നടക്കുന്നതുകണ്ടപ്പോൾ ദീനാമ്മയ്ക്ക് വലിയ സങ്കടംതോന്നി. എടി കൊച്ചേ, നെണക്ക് സങ്കടായോ, നിന്റെ നാക്കിന്റെ നീളകൂടുതലല്ല്യോ എന്നെ ദേഷ്യംപിടിപ്പിച്ചേ, പോട്ടേ, സാരമില്ല, നീയെന്റെ മോളല്യോ….
അതിനെന്നാ അമ്മച്ചി, പറഞ്ഞതപ്പടി നേരുതന്നല്യോ, എനിക്ക് വിഷമമൊന്നും ഇല്ല. എവിടെ ജനിച്ചിട്ടും ഒരു കാര്യോംമില്ല, തലേവര നന്നാവണം. എനിക്കതില്ല. ഈ തൊഴിലു ചെയ്തുചെയ്തത് ഞാനും എന്റെ അമ്മയെപ്പോലെ കൊല്ലാനുള്ള ആർത്തിമൂത്തലയും. ഈ തൊഴിലിന്റെ അഭിശാപമാണത്. മാനസാന്തരംവന്ന് ക്ഷീരപഥത്തിലൊരു നക്ഷത്രമായിത്തീരാൻ, എന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ പ്രാർത്ഥിക്കണെ അമ്മച്ചി….
സംഗതി കൈവിട്ടുപോകുന്നതുകണ്ടപ്പോൾ മത്തായിച്ചൻ ഇടയിൽക്കയറി. ഓ, ഇതെന്നാ എടപാടാ പെണ്ണുങ്ങളെ, ചുമ്മാ ചിണുങ്ങാതെടി കൊച്ചേ, ഇതേ മത്തായിയാ ആള്, എനിക്കെയ് പൂച്ചേടെ ജന്മമാണെന്നാ എന്റെ അമ്മച്ചി പറയാറ്. എങ്ങനെ വീണാലും നാലുകാലേലെ വീഴത്തുള്ളൂ. എന്റെ ദീനാമ്മ വളത്തിയ കൊച്ച് എന്റേം കൊച്ചുതന്നെ, ഗബ്രിയേലിനെപറ്റിച്ച് നമ്മളീനീം ഭൂമിയിയിലേക്ക്‌തന്നെ പോകും. എനിക്കൊരു സ്വർഗ്ഗവും സ്വർഗ്ഗമല്ല, മണ്ണീച്ചവിട്ടി നടക്കണ സുഖമൊന്നും ഒരു പൂവേചവിട്ടാനും കാണത്തില്ല. ഞാൻ ഭൂമീല്ക്ക് പോവുമ്പോ കൂടെ ദീനാമ്മയും നീയും കാണും.
തൊടങ്ങി, മത്തായിച്ചൻ തുടങ്ങി ദിവാസ്വപ്നംകാണാൻ. കെട്ട്യോളുമാരെപ്പറ്റിച്ച് കണ്ടവളുമാരെക്കാണാൻ പോയോരുടെ കണക്ക് വായിക്കണതും, അതിന്റെ ദേഹണ്ഡങ്ങളും ഞാനൊത്തിരി കണ്ടിട്ടുള്ളതാ, അതാണ് എന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. എന്തേലും ചോദിക്കുന്നേനും പറയുന്നേനും മുന്നേ കൂർത്തകുന്തത്തേൽകൊരുത്ത് നിങ്ങളെ നാൽക്കവലയിൽ നാട്ടും. വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞും വിളിച്ചും ബോധം പോയില്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറിനുശേഷം ബാക്കി നന്മതിന്മകളുടെ കണക്കെടുപ്പ്.
ഓഹോ, അപ്പോ അതാണ് കാര്യം…., അപഥസഞ്ചാരിയായ കേട്ട്യോനെ പിന്നെന്നാത്തിനാടി ഇത്രേം സ്നേഹിക്കണേ…? ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് ശിക്ഷ കിട്ടിക്കോട്ടെ, അതിൽ നീ സന്തോഷിക്കയല്ലേ വേണ്ടത്.
അതേ, സന്തോഷിക്കാനാ പാടുപെട്ട് കൂടെകൂട്ടി വരുന്നത്. പക്ഷേ നിങ്ങളെ ദണ്ണിക്കാൻ ദീനാമ്മ വിട്ടുകൊടുക്കത്തില്ല. എന്തേലും ഒരുപായം കർത്താവ് തമ്പുരാൻ കാണിച്ചുതരും.
അമ്മച്ചിയുടെ കണ്ണീരുകണ്ടപ്പോൾ ഫെലിഷ്യയ്ക്ക് വലിയ സങ്കടമായി. അവൾ അവർക്കൊപ്പം നടന്നെത്തി, ദീനാമ്മയുടെ തോളിൽ കൈ പതിയെ വച്ചു വിളിച്ചു, അമ്മച്ചി, ചുമ്മാ മനസ്സുവിഷ്‌മിപ്പിക്കാതെ, എന്തേലും ഒരുവഴി കാണാമെന്നേ, ഇതിയാൻ അത്ര വലിയ പാപമൊന്നും മനസ്സുകൊണ്ടും ശരീരംകൊണ്ടും ചെയ്തിട്ടില്ല, ഈ വിടുവായനപ്പാപ്പൻ ചുമ്മാ ഓരോ കഥകൾ പറഞ്ഞു പറ്റിക്കുവല്ലായിരുന്നോ…?
ങേ…, അതെന്തുവാടി കൊച്ചേ ഒരു പുതിയ കഥ. എന്നേം പറ്റിച്ചേച്ച് ഇതിയാൻ ഒരുമാതിരിപ്പെട്ട കളിയൊക്കെ കളിച്ചിട്ടുണ്ട്. അതൊക്കെ എനിക്ക് നല്ലപോലെ അറിയേം ചെയ്യാം.
അതൊക്കെ അമ്മച്ചിടെ തെറ്റിദ്ധാരണയാണ്. അപ്പാപ്പൻ പോയിരുന്ന സ്ഥലങ്ങൾ ഞാനമ്മച്ചിക്ക് കാണിച്ചു തരട്ടെ…? ഒരു നിമിഷം അമ്മച്ചി കണ്ണൊന്നുപൂട്ടിക്കേ….
ഓ…, നീയതെന്നാ ഇന്ദ്രജാലം കാണിക്കാൻ പോവുന്നെടി കൊച്ചേ…
അതെല്ലാം ഉണ്ട്. ആദ്യം കണ്ണടയ്ക്ക്. എന്തെല്ലാം പറഞ്ഞാലും ഞാനും ഒരു മാലാഖയാന്നേ, എനിക്കും ചില ശക്തിയൊക്കെ കാണുമെന്നറിയാലോ…
ഒവ്വ്, ഇപ്പോഴും എന്തേലും ചെറിയ കാര്യത്തിന് ചിണുങ്ങുന്ന നീയൊരു മുഴുത്ത മാലാഖതന്നെ. നിന്നെ വിശ്വസിച്ച്. ഇനി കണ്ണുമൂടാത്തതിന്റെ പേരിൽ ചിണുങ്ങണ്ട…,
അടച്ചുപിടിച്ച കൺപോളകളിൽ മൃദുവായി തൊട്ടുകൊണ്ടു ഫെലിഷ്യ ചോദിച്ചു. ഇപ്പോൾ കാണുന്ന കാഴ്ചയിൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ അമ്മച്ചിക്ക് പിടികിട്ടിയോ…?
കർത്താവേ, ഇതാണോ ഇതിയാന്റെ ഇഷ്‌ടക്കാരി. ദൈവമേ, ഞാനെന്നാ പാപിയാ…, ഈ കൊച്ചുങ്ങളൊക്കെ ഇനി എന്നാ ചെയ്യുമെടി കൊച്ചേ…, ഇതിയാനീ നല്ല കാര്യം ചെയ്യുന്നതിന് എന്നാത്തിനാ ഇത്രേം അപവാദം കേട്ടതും എന്നെ പറഞ്ഞു പറ്റിച്ചതും…?
നിന്റെ വലതുകൈ ചെയ്യുന്ന ദാനം ഇടതുകൈ അറിയരുതെന്നല്ലേ അമ്മച്ചി. അപ്പാപ്പൻ അത് ചുമ്മാ പറയുന്ന ആളല്ലായിരുന്നു. സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ എന്തേലും വീഴ്ചവരുത്തിയിട്ടുണ്ടോ അദ്ദേഹം…? അമ്മച്ചിയേം പിള്ളാരേം ഒരു കുറവും വരുത്താതെ നോക്കിയിട്ടില്ലേ,
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ഈ ദൈവസന്തതികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സ്നേഹവും സുരക്ഷിതത്വവും വിദ്യാഭ്യാസവും എല്ലാം ഒരു ഒറ്റയാൾപട്ടാളമായി അപ്പാപ്പൻ ചെയ്തുപോന്നു.
എന്തിലും ഏതിലും ലാഘവത്വം തോന്നാൻവേണ്ടിയുള്ള മറയായിരുന്നു മറ്റുള്ളവരാൽ ആരോപിക്കപ്പെട്ട സ്വഭാവദൂഷ്യം. അതിനൊരു തന്മയീഭാവത്തിനായി മറ്റുള്ളവരുടെ മുന്നിൽ അദ്ദേഹം നന്നായി അഭിനയിച്ചു.
ദൈവമേ, ദൈവമേ….
ദീനാമ്മ ഉള്ളുനൊന്തുകരഞ്ഞു. ഞാൻ എന്തോരം ഈ മനുഷ്യേനെ പഴിച്ചിരിക്കുന്നു. എന്തിനാ എന്നെക്കൊണ്ടീ പാപം ചെയ്യിച്ചത്…
അവർ മത്തായിച്ചന്റെ കൈ വിടുവിച്ച് മുട്ടിന്മേൽനിന്നു കൈകൾ കൂപ്പി. മത്തതായിച്ചൻ അവരെ പിടിച്ചെഴുന്നേല്പിച്ചു. ചുമ്മാ കരയാതെടി, അതെനിക്ക് സഹിക്കാത്തില്ലെന്നു നിനക്കറിയത്തില്ലേ……മത്തായിച്ചൻ അവരെ ചേർത്തുപിടിച്ചു.
ദേ, സ്ഥലകാലബോധമില്ലാതെ പിന്നേം കെളവനും കെളവിയും ശൃംഗാരംതുടങ്ങി. അമ്മച്ചീ, അറിയാലോ നേരനീക്കംവരാതെ അങ്ങോട്ടെത്തണം. ഞാനും അപ്പാപ്പനെ ആദ്യം തെറ്റിദ്ധരിച്ചു. പിന്നെ ഏതോ പ്രേരണയാലെ ഉൾക്കണ്ണുകൊണ്ടിതിയന്റെ ചെയ്ത്തുകളൊന്നു കാണാൻതോന്നി. അപ്പാപ്പന് അങ്ങു്ചെല്ലുമ്പോ കിട്ടാമ്പോന്നത് വല്യ സ്വീകരണമാണ്. ഇഷ്ടമുള്ള മൂന്നു വരങ്ങൾ പരമാത്മാവ് തന്നനുഗ്രഹിക്കും. അപ്പാപ്പൻ പറഞ്ഞപോലെ ഭൂമിയിൽ ഇനിയും ഒരു ജന്മംകൂടി വരമായി ചോദിക്കയാണെങ്കിൽ എന്നെ നിങ്ങടെ മോളായി, ഒരു സാധാരണ മനുഷ്യനായി കൂടെക്കൂട്ടുമോ…?
മത്തായിച്ചൻ വികാരാധീനനായി ഫെലിഷ്യയെ തന്നോട് ചേർത്തുപിടിച്ചു, ഉവ്വെടി മോളെ, നിന്നേം ഞാനെന്റെ കുഞ്ഞായി ഭൂമിയിലേക്ക് കൂട്ടും….

By ivayana