രാമായണത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ ശക്തമായ സ്ത്രീ കഥാപാത്രം ഊർമ്മിളയിൽ നാം വിസ്മരിച്ചത്..ഇന്നത്തെ പല ” അമ്മ വേഷങ്ങളും ” ഊർമിളയെ ഇനിയും അറിയേണ്ടതല്ലേ?

ഒട്ടു നിശബ്ദമായ് തേങ്ങുന്നു ഊർമ്മിള
രാമായണത്തിന്നേടുകളിൽ.
വത്മീകി പോലും കാണാതെപോയതോ
നോവുമാ ഹൃദയത്തിൻ കദനഭാരം.
ആദ്യ പ്രവാസിതൻ ഭാര്യയാണൂർമ്മിള
മധുപനറിയാത്ത മകരന്ദമീയൂർമ്മിള.
വൈദേഹിയല്ലവൾ ജാനകിയല്ലവൾ
സീതതൻ നിഴലിൽ മങ്ങിയ നോവിവൾ.
ഉള്ളമൊരൂർമ്മിപോൽ അലതല്ലിടുമ്പോഴും
അപശ്രുതിമീട്ടാത്ത വീണയാണൂർമ്മിള.
പതിയുടെ നിഴലില്ലാ വഴികളിൽ കാണുന്ന
വിരഹദുഃഖത്തിന്റെ പേരാണ് ഊർമ്മിള.
കരയാൻ മറന്നൊരു മിഴികളായ് മാറിയ
നിർവ്വികാരതയുടെ ഭാവമാണൂർമ്മിള.
കാമത്തിന്നപസർപ്പക കഥകളിലാറാടും
അമ്മ വേഷങ്ങൾക്കപവാദമൂർമ്മിള.
ത്രേതായുഗത്തിലും അവഗണിച്ചോ വിധി
കരഞ്ഞു വീഴാത്തൊരീകണ്ണുനീർത്തുള്ളിയെ?
കനലുകളെരിയും കഠിനമാം പാതയിൽ
തളർന്നു വീഴാത്ത കരുത്താണൂർമ്മിള.
മനോജ്‌ കാലടി

By ivayana