നാമനിര്‍ദ്ദേശപ്പത്രികാസമര്‍പ്പണം!
സ്വതന്ത്രസ്ഥാനാര്‍ത്ഥി!
ചിഹ്നം: ”ചിരട്ടേം പാലും”
വാര്‍ഡ്‌: കുറുങ്ങാട്ടുപുരം!
സംവരണവാര്‍ഡോ വനിതാവാര്‍ഡോ അല്ല!
ജയിച്ചാല്‍, ഭൂരിപക്ഷകക്ഷിക്ക് സാര്‍വത്രികപിന്തുണ!
തുല്യകക്ഷികള്‍ വന്നാല്‍, വലതുപക്ഷത്തിന് സാര്‍വത്രികപിന്തുണ!
ജയിച്ചാല്‍, പഞ്ചായത്തില്‍നിന്ന് എനിക്ക് കിട്ടുന്നതെല്ലാം വാര്‍ഡിലെ അര്‍ഹിക്കുന്ന കുടുംബങ്ങളിലെത്തിക്കും!
അപ്പോളൊരു ചോദ്യം വന്നേക്കാം?
ഒരു കക്ഷിയുടെ പിന്തുണയോടെ നിന്നുകൂടെ?
ഇല്ല, എന്റെ സേവനം ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുന്നില്ല!!
നയം വ്യക്തമാക്കുന്നവര്‍ക്കേ വോട്ടുചെയ്യാവൂ എന്നതാണ് എന്റെ നയം!
ഞാനെന്ന സ്ഥാനാര്‍ത്ഥി നയം വ്യക്തമാക്കുന്നു!


• ഞാന്‍, കെ. എന്‍. വിജയന്‍ (K.N.Vijayan)
• 1959 മോഡല്‍
• FB യില്‍ Kurungattu Vijayan (കുറുങ്ങാട്ട് വിജയന്‍) എന്നുകാണും.
• ‘കുറുങ്ങാട്ട് ‘ വീട്ടുപേരാണ്.
• എറണാകുളം-കോട്ടയം അതിര്‍ത്തി ഗ്രാമമായ ‘ഇലഞ്ഞി’ ജന്മദേശം. പേരിനൊരു വാലിട്ടാല്‍ ആശാരിയെന്നോ ആചാരിയെന്നോ വരാം. അച്ഛനൊരു ദരിദ്രനാരായണപുരോഗമാനവാദി ആയതുകൊണ്ട്‌ വാലുമുളച്ചില്ല. പറക്കമുറ്റിയപ്പോള്‍ എട്ടുദിക്കുകളില്‍ ഓരോദിക്കുംതേടിപ്പോയ എട്ടെണ്ണത്തില്‍ നാലാമന്‍. സമ്പത്തിലും സാഹിത്യത്തിലും ദരിദ്രനാരായണകുടുംബം. പണ്ട്, ഞങ്ങളുടെ നാട്ടില്‍, പണിക്കൂലി പതമായല്ല (നെല്ലും കപ്പയും ചക്കയും) പണമായിത്തന്നെ വേണമെന്നു വാശിപിടിച്ചവന്‍ എന്റെ അച്ഛന്‍. പതം പോര, കൂലി പണമായിത്തന്നെ വേണമെന്നു വാദിച്ചപ്പോള്‍‍‍ അടിക്കാന്‍ ഓങ്ങിയ നാട്ടുപ്രമാണിയുടെ കൈ അടിച്ചൊടിച്ചവാന്‍ എന്റെ അച്ഛന്‍. അച്ഛന്‍ യാഥാസ്ഥിതികങ്ങളോട് കലഹിക്കുനതുകണ്ടുവളര്‍ന്ന ബാല്യം!
• ജന്മദേശത്തെ ആശാന്‍ കളരിയില്‍ ആദ്യാക്ഷരം കുറിച്ചു. ആശാന്‍ എഴുതണപോലെ എഴുതണമെന്ന് ആശാന്‍ വാശിപിടിച്ചപ്പോള്‍ ഞാനെഴുതി. അനുസരണയുള്ള കുട്ടിയെപ്പോലെ. അക്ഷരങ്ങള്‍ തലതിരിച്ച്. അന്ന് ഞാന്‍ തലതിരിഞ്ഞു പോയതാ. പിന്നെ, നേരെയായിട്ടില്ല!
• നീണ്ട പതിമൂന്നുവര്‍ഷത്തെ ജന്മദേശത്തെ സ്കൂള്‍ വാസശേഷം ചാക്കരിപ്പാസിന്റെ(210) പിന്‍ബലത്തില്‍ SSLC ബുക്ക് നേടി.
• 1978-ല്‍ PDC നല്ല മാര്‍ക്കില്‍ പാസ്സായി.
• 1981 സിവില്‍ എന്ജിനിയറിങ് ഡിപ്ലോമ സ്റ്റേറ്റ് റാങ്കില്‍ (ആദ്യത്തെ പത്തുറാങ്കില്‍ ഒരുവന്‍) നേടി.
• 1982-ല്‍ ഭാരത്‌ സര്‍ക്കാര്‍ ശമ്പളക്കാരനായി (CPWD/LPWD).
• ജോലിയോടൊപ്പം പഠനവും തുടര്‍ന്ന്.. AMIE-യും (BE-ക്കു തുല്യം) പാസായി. ME രണ്ടു സെമിസ്റ്റര്‍ പഠിച്ചു.. ME പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല..
• 1989-ല്‍ ഭാരത്‌ സര്‍ക്കാര്‍(സര്‍ക്കസ്) ജോലി വിട്ടു.
• 1990 മുതല്‍ പ്രവാസം! Dubai-Abudhabi-Sharjah…പ്രവാസത്തെപറ്റി ആരെങ്കിലും ചോദിച്ചാല്‍ ഒരു മറുപടി മാത്രം..So far so good. എങ്കിലും, കുബ്ബൂസും പച്ചത്തൈരും കഴിച്ചിട്ട് ‘ഞങ്ങടെ ഓണസദ്യ ഗംഭീരമായിരുന്നു’ എന്ന് തിരുവോണത്തിന്റെ അന്ന് ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് ഫോണ്‍വിളിച്ചുപറയുന്ന പ്രവാസത്തിന്റെ ആദ്യകാലങ്ങളിന്നും ഓര്‍മ്മിക്കുന്നു. മൃഗങ്ങള്‍ അയവിറക്കുന്നപോലെ…..!
• സോഷ്യല്‍ മീഡിയ‍വായന ഒരു ശീലമാണ്.. വായനയില്‍നിന്നു കിട്ടുന്ന വളവും വെള്ളവും വലിച്ച് ചിലതക്കെയെഴുതും! പത്താംതരംവരെ മാത്രമേ മലയാളം പഠിക്കുവാന്‍ ഭാഗ്യം കിട്ടിയുള്ള. അതുകൊണ്ടുതന്നെ, എന്‍റെ എഴുത്തില്‍ തെറ്റുകള്‍ ധാരാളമുണ്ട്… സംശയം തോന്നുന്നതെന്തും മടികൂടാതെ ആരോടും ചോദിച്ചു സംശയനിവര്‍ത്തി വരുത്തും.. അതില്‍ ഞാന്‍ ഒരു പ്രത്യേക സുഖം കാണുന്നു. ‘ഇലഞ്ഞിപ്പൂക്കള്‍’ എന്ന പേരില്‍ ഒരു ഗദ്യസമാഹാരം പ്രസിദ്ധീകരിച്ചുണ്ട്. ഈ പുസ്തകത്തിനു 2019 വര്‍ഷത്തെ ഏറ്റവും നല്ല ഗദ്യസാഹിത്യത്തിനുള്ള ‘ചേന്തിണ 2019 പുരസ്കാര’വും ‘പരസ്പരം മാസിക 2019 പുരസ്കാര’വും ലഭിച്ചിട്ടുണ്ട്.
• വീടും സ്ഥലവും സ്വന്തമായിയുള്ളത് കോട്ടയം-ഇടുക്കി അതിര്‍ത്തി ഗ്രാമമായ ‘നീലൂര്‍’ ആണ്.
• കൃഷിയാണ് ഇഷ്ടവിനോദം.. നാട്ടിലെ അല്പമുള്ള പുരയിടത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നു… അരി, ഉപ്പ്, പഞ്ചസാര ഇവ ഒഴികെ എല്ലാംതന്നെ വീട്ടുപുരയിടത്തില്‍ വിളയിക്കുന്നുണ്ട്. നാട്ടിലുള്ളപ്പോള്‍ നല്ലനല്ല കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുക ഇഷ്ടവിനോദമാണ്‌. റബ്ബര്‍ പൂക്കുന്നകാലമാണ് എന്റെ വസന്തകാലം. റബ്ബര്‍ തോട്ടത്തിലൂടെ നടക്കുന്നത് ഇഷ്ട വിനോദം. റബ്ബര്‍ മരങ്ങള്‍ ഇലപൊഴിക്കുന്നകാലം റബ്ബര്‍ത്തോട്ടത്തിലൂടെ നടക്കാന്‍, ഉണങ്ങിയ റബ്ബറിലകള്‍ ചവിട്ടിനടക്കാന്‍, മരച്ചില്ലയില്‍നിന്നു വീഴുന്ന തെന്തുള്ളികളേറ്റ് ‘ചക്കരപ്പന്തലില്‍ തേന്‍മഴ നനയുന്ന ചക്രവര്‍ത്തികുമാരനെപ്പോലെ’ നടക്കാന്‍….!
• ഒറ്റയാള്‍ പട്ടാളം. ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റപ്പെട്ടുനില്‍ക്കാന്‍ ഇഷ്ടം. ഇരിപ്പിടം പിന്‍ബഞ്ച് അഭികാമ്യം. ട്യൂബുലൈറ്റുപോലെയാണ്, അല്പം, അമാന്തിച്ചേ കത്തൂ. തെങ്ങില്‍ കയറന്‍ പറഞ്ഞാല്‍ ആദ്യം പത്തടികേറും, പിന്നെ, എഴാടിയിറങ്ങും, പിന്നെയും പത്തടികേറും. അങ്ങനെയേ മുകളിലെത്തൂ… മുകളിലെത്തിയിരിക്കും!
• ‘കടലില്‍ കളഞ്ഞാലും അളന്നുകളയണം’ എന്ന ചൊല്ലിന് ഞാന്‍ ഒരു അപവാദം. ചെറുപ്പംമുതലേ വായനയില്‍ കമ്പക്കാരന്‍. കൈയില്‍ കിട്ടുന്നത് എന്തും വായിക്കും. പാഠപുസ്തകങ്ങള്‍ക്കപ്പുറം പലവ്യഞ്ജനങ്ങള്‍ പൊതിഞ്ഞികിട്ടിയിരുന്ന കാടലസ്സുകളായിരുന്നു അറിവിന്റെ ബാഹ്യലോകത്തേക്കുള്ള ആദ്യവാതായനങ്ങള്‍. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വായനക്കമ്പംമൂത്ത് ആഗ്രഹകമ്പിത്തിരിയായി നാട്ടിലെ പഞ്ചായത്ത് വായനശാലയില്‍ അംഗത്വമിരക്കിച്ചെന്നു. വരേണ്യരക്തമാല്ലാത്തതുകൊണ്ട് ജനലഴികളിലൂടെ അറിവിന്റെ സാഗരം നോക്കിക്കണ്ടിട്ടു തലകുനിച്ചു പിന്തിരിഞ്ഞു നടന്നു. അന്നുകുനിഞ്ഞ തല ഇന്നും കുനിഞ്ഞു തന്നെ. സൗഹൃദയവലയങ്ങളുടെ ഇടയിലോ സോഷ്യല്‍ മീഡിയക്കൂട്ടയ്മകളിലോ ആണ് അന്നു കുനിഞ്ഞതല ചിലപ്പോഴെങ്കിലും പൊങ്ങാറുള്ളൂ, അല്ല പൊക്കാറുള്ളൂ…

അപ്പോള്‍, മറക്കേണ്ട, നമ്മുടെ ചിഹ്നം… “ചിരട്ടേം പാലും”
(എനിക്കെതിരേ ‘ഒട്ടുവള്ളി’ എന്ന ചിഹ്നത്തിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിവന്നാല്‍, ഞാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായിരിക്കും. ഒരു ഗുഹയില്‍ രണ്ട് സിംഹങ്ങള്‍ വാഴില്ല)

By ivayana