ദീപങ്ങളേറെ തെളിക്കാം നമുക്കിഷ്ട
ദേവതകൾക്കു വഴിപാടു നൽകിടാം
പ്രാർത്ഥനാ നിരതരായ് തീരാം വരുംകാലം
ആശ്വാസമേറേ ലഭിക്കുവാനാശിക്കാം..
വറുതിയില്ലാതെയിരിക്കുവാൻ നമ്മൾക്കു
തൊഴുകൈത്തിരി നാളമോടെ പ്രാർത്ഥിച്ചിടാം.
വരണ്ടുപോകുന്ന കുളങ്ങളെ, പുഴകളെ
കെടാതെസൂക്ഷിക്കാം വരും കാലമെങ്കിലും.
മനസ്സിൽ കൊളുത്തിടാം നന്മതൻ ദീപങ്ങൾ,
വയലുകൾക്കായി പണിയാം നമുക്കിനി.
കാടുകൾ വെട്ടിമുറിച്ചു പുകപ്പുരയാകെ
പണിയുന്നതിനിയെങ്കിലും നിർത്താം.
കാവുകൾകാക്കാം അവക്കായി നന്മതൻ
ജ്വാലകളൊന്നിച്ചു മനസ്സിൽ തെളിച്ചിടാം.
പ്രേതങ്ങൾ കുന്നുകൂടുന്ന ശവപ്പറമ്പാകെ
തെളിച്ചു മരത്തൈകൾ നട്ടിടാം.
കരയുവാൻ പോലും കഴിയാത്തൊരാകുഞ്ഞു
കിളികളെ പച്ചക്കു തിന്നാതിരുന്നിടാം.
മണിമാളികയൊന്നു പണിയുന്ന നേരത്തിനിയും
മറക്കാതെ മരത്തൈകൾ നട്ടിടാം.
ഊർധ്വൻ വലിച്ചു മരിക്കുന്ന നേരത്തൊ
രാശ്വാസമായിടുമാമരച്ചില്ലകൾ.
ദീപങ്ങളേറെ കൊളുത്താം മനസ്സിന്റെ
നേരും നെറിയും ഇനിബാക്കിയുണ്ടെങ്കിൽ
പ്രാണൻ പിടഞ്ഞു പെൺകുഞ്ഞു മരിക്കുന്ന
നേരത്തവൾക്കായി കണ്ണീർ പൊഴിക്കാതെ,
തീജ്വാലപോലെ പ്രഹസനംകാട്ടാതെ,
നേരിന്റെ നന്മതൻ ദീപം തെളിച്ചിടാം.
ആണിനെ പ്രാപിച്ചുറങ്ങിയുണർന്നുള്ളിൽ
ഭ്രൂണം വളർത്തി പ്രസവിച്ചോരമ്മതൻ
ആത്മസംതൃപ്തിയറിയുന്നതിൻ
മുൻപപരൻറെ ദുഖത്തിനാഴമറിഞ്ഞിടാം.
ആദ്യം മനസ്സിൽ കരിന്തിരി കത്തിപ്പടർന്ന
പാപത്തിൻ കറകളെ തേച്ചുമിനുക്കി
അതിൽ സ്നേഹമെന്ന തെളിച്ചം നിറച്ചതിൻ-
ശേഷമീമുറ്റത്ത് ദീപം തെളിച്ചിടാം.
അവനവനിൽത്തന്നെ സ്വർഗ്ഗം പണിയാതെ
അപരന്റെ ദുഃഖത്തിൽ പൊട്ടിച്ചിരിക്കാതെ,
കളവും ചതിയും കരിഞ്ചന്തയുംവിഷപ്പുകയും
കുതന്ത്രവും മനസ്സിൽ നിറക്കാതെ,
അലിവിന്റെ വാതായനങ്ങൾ തുറന്നിട്ട്‌,
അറിവിന്റെ നന്മക്കുണർവ്വ് പകർന്നിട്ട്,
“ലോകാ സമസ്താ സുഖിനോ ഭവന്തു”
എന്നാദ്യം ജപിച്ചിട്ടു ദീപം തെളിച്ചിടാം.
മത്സരം വേണം അതിൽ നന്മ തെളിയണം
പ്രൗഢിയും വേണം അതിൽ വിനയമേറണം
സമ്പത്തു വേണം അതിൽ ദാനമൊഴുകണം
സന്തുഷ്ടമായി ജീവിക്കാൻ പഠിക്കണം.
അറിവിന്റെ നിറദീപമകതാരിൽ മിന്നണം
കനിവിൻ കടാക്ഷങ്ങൾ കണ്ണിലുണ്ടാവണം
അനുകമ്പയും ക്ഷമയും ഒരുപാടുവേണം
മനസ്സിൻ ദീപാവലി അതുതന്നെയാവണം…
സുനു വിജയൻ ..

By ivayana