ദീപാവലി തൻ പെരുമയുമായ്
ദീപങ്ങൾ ഭൂമിയിൽ ‌മിഴിതുറക്കേ,
ഞാനൊരു ചെറുദീപനാളമായി.
വർണ്ണങ്ങൾ പൂത്തിരിയായ് തിളങ്ങീ
ധാത്രിതൻ മേനി തുടുത്തുവന്നൂ!
തിന്മതന്നന്ധകാരമകറ്റാൻ
നന്മപ്രകാശം തെളിഞ്ഞുനില്ക്കാൻ
എത്രയോ നാളം തെളിഞ്ഞപോലെ
താരകൾ വാനിൽ തിളങ്ങി നിന്നൂ..
നിറമാല കാണാൻ കൊതിച്ചു നിൽപ്പൂ
മധുരം നിറഞ്ഞ മനസ്സുമായി,
ഹൃദയം നിറയുന്ന കാഴ്ചയുമായ്
ഉത്സവലഹരിയിൽ മാനവരും.
ഉള്ളിൽ കൊളുത്തണം സ്നേഹദീപം,
വഴിവിളക്കാവണം മാനവർക്കായ്
അന്ധകാരത്തെ വകഞ്ഞു മാറ്റും
പൊൻപ്രഭയുള്ളിൽ തെളിഞ്ഞിടേണം!
ദീപങ്ങളാലേ വിളങ്ങിടട്ടേ,
മാനവമാനസമണ്ഡപങ്ങൾ.!

By ivayana