അസ്തമിച്ചീടുന്നു യുവത്വം പിന്നെ
ഉദ്ധരിച്ചിടുന്നു വാർദ്ധക്യം
ഇത്ര പറയാനെന്തിരിക്കുന്നു
അത്ര പറയാനുണ്ടാം സായന്തനത്തിനും
എത്ര തിമിർത്തു കഴിഞ്ഞതാണാ
ചിത്തത്തിൽ ഉണർന്നൊരു യുവത്വവും
അത്രയും പിന്നെ പണ്ടു തിമിർത്തതാ
എത്ര തിമിർത്തൊരു ബാല്യവും
കൊട്ടിഘോഷിച്ചൊരുങ്ങിയ നാളാണാ
കല്യാണ ദിനവും രാവുകളും
പിന്നെ വിസ്മൃതിയിലാണ്ടു പോമത്
ചുറ്റും വരിയുന്ന പ്രാരാബ്ദകാലങ്ങളിൽ
എന്നാലുമൊരാത്മഗതം പോലെ
ഒത്തിരി പൊങ്ങും ചില ദിനങ്ങളിൽ
പെട്ടെന്നടങ്ങും ആ ചിന്തകൾ ആ
പട്ടിണി തന്നുടെ കാറ്റടിക്കുമ്പോൾ
ചുറ്റും പരതി നോക്കിയാൽ കാണില്ല
കല്ക്കണ്ട പ്പെരുമഴ ഈ ദിനത്തിലും
ഒട്ടേറെ കാൺമതു പിന്നെയോ
കണ്ണീരുപ്പിൻ്റെ കല്ലിൻ തരികൾ
ഓർത്തോർത്തിരിക്കാം ബാല്യം പിന്നെ
ഓർത്തിരുന്നു പതുക്കെ ചൊല്ലിടാം
കയ്യിൽക്കരുതിയ ജ്ഞാനപ്പാനയും
സന്ധ്യാവന്ദന ഈരടി സ്തോത്രങ്ങളൂം
പിന്നെപ്പറയുംമാവർത്തിച്ചവർത്തിച്ച്
ഇനിയങ്ങിട്ടേക്കല്ലെ നീ വിളിക്കണേ
എൻ തിരുവടീ, ദുഖവും സഹിക്കതില്ല
കഷ്ടപ്പെടുത്താതെ വിളിച്ചേക്കണേ

….പ്രകാശ് പോളശ്ശേരി

By ivayana