വർഷങ്ങൾക്ക് മുമ്പ് ജംഷിയുടെ ചുവപ്പ് ഷർട്ടും
തവിട്ട് കളർ പാന്റും ഒരു യാത്രക്ക് വേണ്ടി
കടം വാങ്ങിയ ഓർമ്മ ഇന്ന് ഈ പുലർച്ചെ കടന്ന് വരാൻ കാരണം ഇന്ദുവിന്റെ കവിത വായിച്ചു നോക്കാൻ അയച്ച മെസ്സേജിന്
താഴെവന്ന അവളുടെ ഒരു മെസ്സേജ് ആണ്
ഒരു പഴയ മലയാളം പാട്ട് കൂടെ ഒരു ഗുഡ്
മോർണിംഗ് മെസ്സേജും..
അലക്ഷ്യമായി പലപ്പോഴും കേട്ടിട്ടുള്ള പാട്ടായിരുന്നെങ്കിലും ഇപ്പോഴേന്തോ അതിനൊരു പ്രത്യേക ഇമ്പം
രണ്ട് മൂന്ന് സാഹിത്യ ഗ്രൂപ്പ് രണ്ട് മൂന്ന്
പാർട്ടി ഗ്രൂപ്പ് അവയിൽ നിന്ന് വന്ന് കൊണ്ടിരിക്കുന്ന മെസ്സേജുകൾ എന്നിവ ഒഴിച്ചു നിർത്തിയാൽ ജീവിതം പോലെ തന്നെ വട്സാപ്പും ശാന്തമാണ് ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ വായിക്കുന്നവർ ഉണ്ടോ ആവോ
വട്സാപ്പും മൊബൈലും എന്തിനേറെ ടിവി
പോലും അധികം വീടുകളിൽ ഇല്ലാത്ത കാലത്താണ് മാമന്റെ കൂടെ ഓർഫനേജ് ബോഡിംഗ് സ്കൂളിൽ ചേരാൻ പോകുന്നത്
ഒരു പറിച്ചു നടൽ വളർന്ന് വന്ന മണ്ണിൽ നിന്നും
വേരോടെ പിഴുതെടുത്ത് മറ്റൊരു മണ്ണിലേക്ക്
പറിച്ചു നടൽ ഒരു പരീക്ഷണം ചിലപ്പോൾ നന്നായാലോ വേഗം വളർന്നാലോ
അവിടെ വെച്ച് ബാബു ആന്റണിയെ പോലെ
ചാടി തട്ടുന്ന നാസർ കൂട്ടുകാർക്ക് വേണ്ടി കിക്കിലെ വൈവിധ്യം പരീക്ഷിച്ചത്പുതുമുഖമായ എന്റെ മുഖത്തായിരുന്നു നിന്ന ഇടത്ത് നിന്നും രണ്ട് മീറ്റർ അപ്പുറമാണ് ഞാൻ വീണത് കിക്ക് ഗംഭീരം തന്നെ നാസറിന്റെ മുഖത്തും ഉണ്ടായിരുന്നു ഒരഭിമാനമൊക്കെ
എന്ത് കിട്ടിയാലും വായിച്ചു ഒരു മൂലക്കിരിക്കുന്ന ഞാനും ഒരിടത്തും അടങ്ങിയിരിക്കാത്ത നാസറും കമ്പനി ആയത്
ആ ഒരു കിക്കിലൂടെയായിരുന്നു ചുണ്ട് പൊട്ടി ചോര ഒലിച്ചെങ്കിലും ഹോസ്റ്റൽ വാർഡനോട്
ഞാൻ തനിയെ വീണെതെന്നായിരുന്നു
പറഞ്ഞത്
വീട് വിട്ടിറങ്ങിയത്തിന്റെ ഗൃഹാതുരത്വവും
മുഖത്തേക്ക് കിട്ടിയ ചവിട്ടിന്റെ വേദനയും
ചേർത്ത് എഴുതിയ അക്ഷരങ്ങൾക്കായിരുന്നു
അക്കൊല്ലത്തെ ഹോസ്റ്റൽ സാഹിത്യ മത്സരത്തിൽ ചെറുകഥയിൽ ഒന്നാം സ്ഥാനം
നാസർ എന്നെക്കാളും നാല് വയസ്സോളം മൂത്തതായിരുന്നു ബീഡി വലിയും പ്രായപൂർത്തിയായവരുടെ ചൂട് പിടിപ്പിക്കുന്ന കഥകളും അവന്റെ അടുത്ത് ധാരാളം ഉണ്ടായിരുന്നു ഹോസ്റ്റലിന്റെ കുറച്ചു മാറി
റബ്ബർ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കുന്നുകളായിരുന്നു അവിടെ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടും ഉണ്ടായിരുന്നു
പൊതുവെ അന്തർമുഖനായ ഞാനേറെ
ഇഷ്ടപ്പെട്ടിരുന്ന സ്ഥലവും അതായിരുന്നു
എല്ലാവരും ഫുട്‌ബോളും മറ്റു കളികളിലും
വൈകുന്നേരത്തെ ശബ്ദ മുഖരിതമാക്കുമ്പോൾ ഞാനാ കുന്നിൻ മുകളിൽ പോയിരുന്നു
നാസറിന് കോളേജിൽ നിന്നും കൂട്ടുകാർ കൊടുക്കുന്ന പുസ്തകങ്ങളിൽ തുണി ഉടുക്കാത്ത പെണ്ണുങ്ങളുടെ ചിത്രമുള്ള ബുക്കും
ഉണ്ടെന്ന് ഹോസ്റ്റലിൽ കരകമ്പി പരന്നപ്പോഴാണ് ആ കുന്നിൻ മുകളും
ശബ്ദ കോലാഹലമായി മാറിയത്..
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ കണ്ടിരുന്ന നഗ്നത കളറിൽ കണ്ടപ്പോൾ
എന്തോ ലോകോത്തര രഹസ്യം ആ കുന്നിൻ
മുകളിൽ പരസ്യമാക്കപ്പെട്ട ഭീതിയും അമ്പരപ്പുമായിരുന്നു സ്കൂൾ തലം വിട്ടിട്ടില്ലാത്ത ഞങ്ങൾക്ക് നാസർ സമ്മാനിച്ചത്
കാണാനുള്ള ഉത്സാഹമോ സന്തോഷമോ കണ്ട്
കഴിഞ്ഞപ്പോൾ നാസർ ഒഴികെ ആരിലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം
ഇംഗ്ളീഷ്‌കാരി പെണ്ണുങ്ങളെ നാണവും
മാനവും ഇല്ലാത്തവർ എന്ന് വരെ കൂട്ടത്തിലുള്ളവർ പ്രാകി അവരുടെയും എന്റെയും സങ്കല്പങ്ങളിലെ നഗ്നതയായിരുന്നില്ല
അവിടെ കണ്ട യാഥാർഥ്യം എന്ന് മനസ്സിലായത്
അവിടെയും രോമങ്ങൾ ഉണ്ടാകുമോ എന്ന്
ഒരുത്തൻ ചോദിച്ചപ്പോഴാണ്..
നാസറിന് കോളേജിലെ ഒരുത്തിയുമായി പ്രണയമുണ്ടായിരുന്നു അവനതൊക്കെ ഹോസ്റ്റലിൽ വന്ന് വർണ്ണിച്ചതിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ നാസറിന് പകരം ഞങ്ങൾ ഓരോരുത്തരും കാമുകന്മാരായി മാറിയിട്ടുണ്ടാകും..
ഹോസ്റ്റലും പഠനവും കഴിഞ്ഞു കുറച്ചു
കാലം കഴിഞ്ഞപ്പോഴാണ് നാസർ അവന്റെ
കല്യാണം പറയാൻ മാമന്റെ വീട്ടിലേക്ക് വരുന്നത് നാസർ ഒരു ആജാനുബാഹു ആയിരിക്കുന്നു മസിലും മീശയും ഒക്കെ വെച്ച്
എന്നെക്കാൾ എത്രയോ വളർന്നിരിക്കുന്നു
ഹോസ്റ്റലിലെ വാർഡൻ ആയിരുന്നോ അയാൾ
എന്ന് അടുക്കളയിൽ ചായക്ക് മധുരം ഇടുമ്പോൾ മാമന്റെ മോൾ ചോദിച്ചു ശരിയാണ് ഞാനും അവനും അത്രയും വ്യത്യാസമുണ്ട്
നാസർ ഉച്ചക്ക് ചോറും തിന്ന് വൈകുന്നേരം
പോകാൻ നേരം അവന്റെ കൂടെ പോരാൻ ക്ഷണിച്ചു കല്യാണത്തിന് ഒരു മാസമുണ്ട് നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ നിനക്ക് കോഴിക്കോട് ശരിക്കൊന്ന് കാണുകേം ചെയ്യാം
അവന്റെ ഓഫർ നിരസിക്കാൻ തോന്നിയില്ല
ഒരു ഇരുപത് രൂപ എടുക്കാൻ പോലും കൈയ്യിലുണ്ടായിരുന്നില്ല പ്രത്യേകിച്ചു പണിയും
അമ്മയിയോട് സമ്മതം ചോദിച്ചു അവന്റെ കൂടെ ഇറങ്ങി നാസർ ഒരു ഉദാരമതിയായിരുന്നു എന്ത് വേണേലും വാങ്ങി തരും ആരെയും കൂസാത്ത ഒരു തന്റേടിയും
അവന്റെ കൂടെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ
ഉമ്മയോ ഉപ്പയോ ഒരു ഏട്ടനോ ഇല്ലാത്ത
കുറവുകൾ നികന്ന പോലെ തോന്നി
നാസറിന് മുന്നിൽ ഞാനൊരു ശിശുവായിരുന്നു
എല്ലാം കൊണ്ടും അവന്റെ കൂട്ടുകാരരെല്ലാം
എന്നെക്കാൾ പ്രായമുള്ളവരായിരുന്നു ചിലർ
അവനേക്കാളും കോളനി പോലെയുള്ള
ഒരിടത്തായിരുന്നു അവന്റെ വീട് വെളുത്ത്
കൊലുന്നനെയുള്ള ശാന്തനായ എന്നെ അവിടെ ഉള്ളവർക്കെല്ലാം പറ്റാണ്ടിരിക്കാൻ
കാര്യം ഒന്നും ഉണ്ടായിരുന്നില്ല
അന്ന് ബുക്കിൽ കാണിച്ചു തന്ന നഗ്നത
സ്ക്രീനിൽ കാണിച്ചു തന്നതും നാസറായിരുന്നു
അവന്റെ കൂട്ടുകാരോട് കൂടെ അവരുടെ
അശ്ലീലത നിറഞ്ഞ സംഭാഷണങ്ങളോട് കൂടി
ആ പടം കാണുമ്പോൾ അവർക്കിടയിൽ ഇരുന്ന് കാണാൻ തന്നെ നാണക്കേട് തോന്നി
എങ്കിലും ഇല്ലാത്ത പക്വത അഭിനയിച്ചു
സിനിമയിലെ നായിക അഭിനയിക്കുന്ന കൃത്രിമ രതിമൂർച്ഛ പോലെ ഞാനും അത് ആസ്വദിക്കുന്ന പോലെ അവർക്ക് മുന്നിൽ അഭിനയിച്ചു
അക്കാലത്ത് അവനെന്നെ എന്നും ഓരോ സിനിമക്ക് കൊണ്ട് പോകുമായിരുന്നു
അന്ന് കണ്ട ഒരു സിനിമയായിരുന്നു വാനത്തെ പോലെ വിജയകാന്തിനെ പോലെ ഒരു ഏട്ടൻ ഇല്ലാതിരുന്നിട്ടും ഇല്ലാത്ത ഒരു ഏട്ടന് വേണ്ടി
അന്നേറെ കരഞ്ഞിരുന്നു
നാസർ പണിക്ക് പോയാൽ തൊട്ട് അടുത്തുള്ള റെയിൽ പാളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും സ്കൂളിൽ പോകുന്ന കുട്ടികൾ കലപില കൂട്ടി എന്നെയും കടന്ന് പോകും അതിൽ നാസറിന്റെ പെങ്ങളും ഉണ്ടാകും അവളെന്നോട് വളരെ കാരുണ്യം കാണിച്ചിരുന്നു സഹോദര തുല്യമായ ഒരു പുഞ്ചിരി അവളെനിക്ക് സമ്മാനിക്കും
കാലത്ത് കക്കൂസിൽ പോകുമ്പോൾ കുറച്ചു ബീഡികളും നാസർ തരുമായിരുന്നു അത്ര വൃത്തികേട് ഇല്ലെങ്കിലും അത്ര വൃത്തി ഉള്ളതായിരുന്നില്ല വീട്ടിൽ നിന്ന് കുറച്ചു മാറി
നിൽക്കുന്ന കക്കൂസ് ആദ്യമൊക്കെ ഒരു അസഹ്യത ഉണ്ടാക്കിയിട്ടുന്നെങ്കിലും ബീഡി ആസ്വദിച്ചു വലിക്കാൻ പഠിച്ചത് മുതൽ കക്കൂസിൽ പോക്കും ഒരു നല്ല ഓർമ്മയായി മാറി…
നാസർ പോയാൽ നടക്കാനിറങ്ങുന്ന പതിവ് സ്ഥലങ്ങളിൽ നിന്നും കുറച്ചു ദൂരം മാറി സഞ്ചരിച്ചപ്പോഴാണ് അവളെ ആദ്യമായി കാണുന്നത് കുറച്ചു ആട്ടിൻ പറ്റങ്ങൾക്ക്
പുറകെ അവയെ നയിച്ചു കൊണ്ട് അവൾ
പാളം മുറിച്ചു കടക്കുന്നു..
പിന്നീടുള്ള ദിവസങ്ങളിൽ നാസർ പോകാൻ കാത്തു നിന്നു അങ്ങോട്ടേക്ക് പോകാൻ
ഒന്നും മിണ്ടാനൊന്നും ധൈര്യമില്ലെങ്കിലും
വെറുതെ ഒരു നടത്തക്കാരൻ എന്ന ഭാവത്തിൽ
അവളെ കണ്ട് പോരും
അന്ന് ആനുകാലികങ്ങളിൽ ചിലതൊക്കെ അച്ചടിച്ചു വന്നിരുന്നു പത്തും ഇരുപതും അമ്പതുമൊക്കെ അയക്കുന്ന കൂട്ടത്തിൽ
ഒന്ന് പ്രസിദ്ധീകരിച്ചു വരുമ്പോൾ അതൊരു
ആത്മനിർവൃതിയായിരുന്നു
കല്ല്യാണ ദിവസം അടുത്ത് വരാൻ തുടങ്ങിയപ്പോൾ വീട്ടിലും അടുത്ത വീടുകളിലും
ബന്ധുക്കളും കുടുംബക്കാരും വന്ന് പോകാൻ തുടങ്ങിയിരുന്നു നാസറും പണിക്ക് പോക്ക് നിർത്തി അങ്ങനെ ഒരു ദിവസം വീട്ടിലേക്ക് വന്ന ബന്ധുക്കളിൽ അവളും ഉണ്ടായിരുന്നു
നാസർ അവരോട് സംസാരിച്ചു നിൽക്കുമ്പോൾ
അവളെനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു
അതാരും കണ്ടില്ലെങ്കിലും നാസർ കണ്ടിരുന്നു
അവൻ എനിക്കൊരു ഗംഭീര പ്രൊഫൈൽ
തന്നെ അവൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു
അതിലേറ്റവും പ്രധാനം ഞാൻ ഒരെഴുത്തുകരൻ ആണെന്നായിരുന്നു
അവനന്ന് എനിക്ക് തന്ന കിക്ക് പോലെയായിരുന്നു അതും അവളും
എഴുതുമായിരുന്നു പിറ്റേന്നത്തെ നടത്തത്തിൽ
അവളെഴുതിയ കുറച്ചു വരികൾ എന്നെ കാണിച്ചു അവളുടെ കോളേജ് മാഗസിനിൽ
വന്ന കവിത ആയിരുന്നു
ഞാനതിൽ കുറച്ചൊരു മാറ്റം വരുത്തി
അവൾക്ക് കൊടുത്തപ്പോൾ ആ കവിത ഒന്നൂടെ മികച്ചതായി അവളുടെ കവിൾ
ചുവക്കുന്നതും ആ മുഖത്ത് ഒരാരാധന
നിറയുന്നതും ജീവിത്തത്തിൽ എല്ലാം കൊണ്ടും
ഒരു പരാജയമായ ഞാൻ ഒരു ഭാരവും ഇല്ലാത്ത ഒരു പഞ്ഞി കണക്കെ നോക്കി നിന്നു..
അന്നവിടെ നിന്നും തിരിച്ചു നടക്കുമ്പോൾ
ഒരു കാരണവുമില്ലാതെ ഞാൻ കരഞ്ഞിരുന്നു
അപ്പോൾ വന്നൊരു ട്രെയിൻ എനിക്ക് കുറച്ചു
ശബ്ദത്തോടെ കരയാണുള്ള സ്വാതന്ത്ര്യം നൽകി ട്രെയിൻ കടന്ന് പോയപ്പോൾ തൊട്ട് പുറകിലതാ അവൾ ഓടി വരുന്നു
ഈ ആഴ്ചത്തെ മനോരമയിൽ നിങ്ങളുടെ കവിതയുണ്ട് ഞാൻ ഇപ്പോഴാണ് ഫോട്ടോ ശ്രദ്ധിച്ചത് അവളതും പറഞ്ഞു അടുത്ത് നിന്ന്
ഒരു പുഞ്ചിരിയോടെ കിതച്ചു നിന്നു
എനിക്കവളെ അപ്പോൾ ഒന്ന് എന്നോട് ചേർത്ത്
നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു
എന്താ കരഞ്ഞ പോലെ കണ്ണൊക്കെ
കലങ്ങിയിട്ടുണ്ടല്ലോ നിങ്ങടെ ഉമ്മാനെ കാണാഞ്ഞിട്ടാണോ എന്നും ചോദിച്ചു ചിറി
പൊത്തി ചിരിച്ചു..
എനിക്കൊരു ചിരിയും വന്നില്ല പുസ്തകം
അവൾക്ക് തന്നെ കൊടുത്ത് നേരെ നടന്നു
അവൾ അവിടെ തന്നെ നിന്നിട്ടുണ്ടാകുമെന്ന്
എനിക്കുറപ്പായിരുന്നു
ആ കരച്ചിൽ എന്തിന്റെ ആയിരുന്നെന്ന്
പിന്നീട് ആലോചിച്ചും പിടി ഒന്നും കിട്ടിയിട്ടില്ല
എന്നാൽ എപ്പോഴൊരു പ്രണയം ഉണ്ടാകുമ്പോഴും അപ്പോഴെല്ലാം ഞാൻ കരഞ്ഞിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു
കല്യാണത്തിന് രണ്ട് ദിനം മുന്നേ ആഘോഷങ്ങൾതുടങ്ങിയിരുന്നു നാസർ
തരക്കേടില്ലാത്ത ഒരു കുടിയൻ കൂടി ആണെന്ന്
അപ്പോഴാണ് മനസ്സിലായത് അവന്റെ കൂട്ടുകാർ വൈകീട്ട് നടത്തുന്ന പാട്ടിലും ഡാന്സിലും
താത്പര്യം തോന്നി തുടങ്ങിയത് അവൾ കൂടി വരാൻ തുടങ്ങിയപ്പോഴാണ് അവൾ നാസറിന്റെ
തരക്കേടില്ലാത്ത ബന്ധു തന്നെയായിരുന്നു
നാസറിന്റെ ഉദാരത അവൾക്കും ഉണ്ടായിരുന്നു
ചായ വിതരണം നടക്കുമ്പോൾ ചോറ് കൊടുക്കുമ്പോൾ ഒരു മിന്നായം പോലെ അവൾ കടന്ന് വരും പപ്പടം തരാൻ വെള്ളം തരാൻ ചിലപ്പോൾ ചായ തന്നെ അവൾ കൊണ്ടെന്ന് തരും അവളും ഞാനും പറഞ്ഞില്ലെങ്കിലും ഏറെ കുറെ പലർക്കും
ഞങ്ങളുടെ ഇഷ്ടം അറിയും എന്ന തരത്തിലേക്ക് കാര്യങ്ങൾ കടന്നു
കല്ല്യാണ തലേന്ന് നാസർ ഫുൾ ഫിറ്റ് ആയിരുന്നു അവനെന്തൊക്കെയോ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു അതിനിടയിലൂടെയാണ് ദേഷ്യം പിടിച്ച മുഖത്തോടെ അവൾ കടന്ന് പോയത്
കല്യാണ ദിവസം അവളെ കാണുമ്പോഴെല്ലാം
ആ മ്ലാനത മുഖത്തുണ്ടായിരുന്നു
കല്യാണം കഴിഞ്ഞ അന്നും മണിയറയിലേക്ക്
പോകുമ്പോൾ നാസർ കുടിച്ചിട്ടാണ് പോയത്
കല്ല്യാണം കഴിഞ്ഞ പിറ്റേന്ന് വളരെ അടുത്ത ബന്ധുക്കൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ
എല്ലാവരും മുറ്റത്ത് കസേരകളിൽ ഇരിക്കുന്നു
നേരം പുലർന്നതെയുള്ളൂ കാലത്തെ വണ്ടിയും ചരക്ക് വണ്ടികളും പോയി കഴിഞ്ഞു ആണും
പെണ്ണും കുട്ടികളും ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നു ചിലർ ചിലർക്ക് ചായ കൊടുക്കുന്നുണ്ട് അവരവരുടെ ആളുകൾക്ക്
കൊണ്ടെന്ന് കൊടുക്കുന്നു ഞാൻ കുറച്ചു മാറി ഇരിക്കുന്നത് കൊണ്ട് ഞാനവരുടെ
ലിസ്റ്റിൽ പെട്ടിട്ടില്ല കാലത്തെ ചായയോ ഉച്ചക്കത്തെ ചോറോ കഴിഞ്ഞാൽ വീട്ടിലേക്ക്
തിരികെ പോകണം എന്നും ചിന്തിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ്സ് ചായയുമായി
അവൾ അടുത്തേക്ക് വന്നു അവളുടെ
പുറകിൽ രണ്ട് മൂന്ന് പെണ്ണുങ്ങൾ ചിരിക്കുന്നുണ്ട്
ചായ കൈയ്യിൽ തന്നപ്പോൾ അവളോട്
ഇന്ന് പോകുമെന്നും പറഞ്ഞു അവളൊന്നും പറഞ്ഞില്ല കുറച്ചു കഴിഞ്ഞു അവൾ പാളത്തന്അപ്പുറം നിന്ന് കൈകാട്ടി വിളിച്ചു
‘ഇനി ഈ വഴിയൊക്കെ വരുമോ എന്നവൾ
ചോദിക്കുമ്പോൾ ശബദം ഇടറിയിരുന്നു
ഇനി ഒരു വരവ് ഉണ്ടാവില്ലെന്ന് അറിയാമായിരുന്നിട്ടും ഞാൻ പറഞ്ഞു ഇടക്കൊക്കെ വരാം..
‘രണ്ട് പേരും പരസ്പരം ഓരോ കവിതകൾകൈമാറി..
എന്റെ കവിതയിൽ എഴുതിയിരുന്നത്
‘അന്ന് ഞാൻ കരഞ്ഞത് ഉമ്മയെ ഓർത്തല്ല
എനിക്ക് ഉമ്മയില്ല നിന്നെ ഓർത്തായിരുന്നു
എനിക്ക് നിന്നോട് ഇഷ്ടമായിരുന്നു
നിനക്ക് എന്നോടുള്ള ഇഷ്ടം നിന്റെ മുഖത്ത്
ഞാൻ കണ്ടു ആരാരുമില്ലാത്ത എന്നെ
ഒരാൾ ഒരു നിമിഷമെങ്കിലും ഇഷ്ടപ്പെട്ടു
എന്ന യാഥാർഥ്യം വെറുതെ ഒന്ന് കരയാനാണ്
അപ്പോൾ തോന്നിപ്പിച്ചത്
‘അവളുടെ എഴുത്തിൽ ഉണ്ടായിരുന്നത്
അന്ന് നിങ്ങൾ കരഞ്ഞു കണ്ണ് കലങ്ങി
നിന്നപ്പോൾ എനിക്കും കരച്ചിൽ വന്നെങ്കിലും
ഞാൻ ചിരിക്കുകയാണ് ചെയ്തത് എന്നാലും
നിങ്ങളെന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ
എന്ന് ഞാൻ ആശിച്ചിരുന്നു.
സ്നേഹത്തോടെ.