കാത്തിരിപ്പിന്‍ വേദന
നരവീഴ്ത്തിയ കണ്ണുകളിൽ
ഒരു കനിവിന്റെ നോട്ടമാകുവാൻ,
പാദങ്ങളിൽ തൊട്ടൊന്നു
ശിരസ്സു നമിക്കുവാൻ
നെഞ്ചോടുചേർത്ത് പിടിക്കുവാൻ,
മനസ്സൊന്നു പിടയുമ്പോൾ
അമ്മേയെന്നു വിളിക്കുന്ന ഞാൻ
അമ്മയെ കാണുവാൻ
വൈകിക്കുന്നു എപ്പോഴും..!
പ്രാണനായ് കണ്ടു
കൺകളിൽ കുടിയിരുത്തി
തേങ്ങലായ് കഴിയുന്ന പ്രിയതമയെ
മാറോടുചേർത്തൊരുമ്മ നൽകുവാൻ,
ഒരു തുണയായ് നെഞ്ചിൽചായാൻ
കൊതിക്കുന്ന പ്രാണന് തുണയാകുവാൻ
വൈകിക്കുന്നു ഞാൻ എപ്പോഴും..!
കൊച്ചു കൊച്ചു വിജയങ്ങളുമായ്
ഓടിയെത്തുന്ന മക്കളെ
ചേർത്തുപിടിച്ചൊന്നനുമോദിക്കുവാൻ
വൈകിക്കുന്നു ഞാൻ എപ്പോഴും..!
പിന്നിട്ട വഴികളിൽ എന്നും പുഞ്ചിരിയായ്
മകനായ് കണ്ടഭിമാനമായ് തിളങ്ങിയ
കണ്ണുകളെ തിരയുവാൻ,
ഇന്നലെകളിൽ നഗ്ന പാദനായ്
ഓടിനടന്ന മൺവഴികളിൽ കൂട്ടായിരുന്നവരെ
കണ്ടൊന്നു ചിരിക്കുവാൻ,
കൊഴിഞ്ഞുപോയ മോഹങ്ങളും
പൂക്കാതിരുന്ന പാഴ്മരങ്ങളും നോക്കി
നെടുവീർപ്പിടുന്ന കുഴിഞ്ഞ കണ്ണുകളെ
കണ്ടൊന്നു കൈകൂപ്പുവാൻ
വൈകിക്കുന്നു ഞാൻ എപ്പോഴും..!
അറിയാതെ നോവിച്ചതിൽ
വേദനിക്കും മനസ്സുകളെ
പരിഭവം മാറ്റിയൊന്നു ചിരിക്കുവാൻ,
വിയർപ്പിറ്റുവീണ വഴികളിൽ
ഒരു കൈതന്നു താങ്ങായവർ,
ഉറ്റവർ വീണൊറ്റപ്പെട്ടിരുളിൽ
മറഞ്ഞവരെയൊന്നു കാണുവാൻ
വൈകിക്കുന്നു ഞാൻ ഇപ്പോഴും..!
ഈ വൈകിയ വേളയിലും.!

വി.ജി മുകുന്ദൻ

By ivayana