ഉത്തുംഗ ശൃംഗത്തിൽ
ഒരു കടലാസ്സുപതംഗം പോൽ
പച്ചിലകൾക്കിടയിലൊരു
പഴുത്തില ഞാൻ പാടുന്നു.
ഉച്ചസ്ഥായിലെന്നെ
കണ്ടിട്ടു കൺമഞ്ചുന്നുവോ?
മാഞ്ചുവട്ടിലെ മച്ചിങ്ങാപോൽ
പൊഴിയും ഞാൻ പൊടുന്നനെ.
അധിക നാൾ ഇനിയാവില്ല
ജീവിതക്കൊതിപൂണ്ടപോൽ
ഇത്തിൾ കണ്ണി പോലെ
കടിച്ചുതൂങ്ങികിടക്കുവാൻ
എത്ര ഉയര സ്ഥിതിയിൽ
ഞാനിന്നായിരിക്കുന്നുവോ
അത്രതന്നെ ഭയാനകമെ –
ന്നോർക്കെയെൻ വൻപതനം
എന്മനമിന്നു തേങ്ങിടുന്നു
മങ്ങുന്നെൻ കാഴ്ചകൾ
ചിരിക്കവേണ്ട നിങ്ങൾ ഇന്നു
യുവപച്ചില കൂട്ടമേ!
നാളെ ഇതേ ഗതി വരുമേ
നിങ്ങൾക്കുമെന്നോർക്കുക
പതിതർതൻ മാനസം
കണ്ടു വേണ്ടതു ചെയ്യുക.
കേഴേണ്ട കാലവർഷമേ
വരും ചൈത്രമിനിയുമേ
ജറുസലേം പുത്രിമാരെപ്പോൽ
കരയുക മക്കൾക്കായി നീ.
വരൾച്ചയും വർഷവും
എത്രയോ താണ്ടി ഞാൻ
മാദകസുഗന്ധം എത്ര-
യെത്രനുകർന്നു ഞാൻ.
പൂനിലാവും പൊരിവെയിലും
കണ്ടു വിരഹവും വേർപാടും
എത്രയെത്രമേൽ വിലപിച്ചു
എത്ര തപിച്ചു എൻമനം.
ശിശിരകാല പൊൻശോഭയും
കാനന വസന്ത കാന്തിയും
മൂവന്തി മനോഹരി നിത്യം
മനോജ്ഞതയണിവതും
മധുരമായ് ശ്രുതികളിടും
കുയിലും രാക്കിളികളും
മക്കൾക്കായി കൂടുകൂട്ടും
മീവൽ കുരുവികൂട്ടവും
പ്രണയ ജോഡികൾ പുണർന്നിടും
പുളിനവും കണ്ടു ഞാൻ.
സ്വർഗദേശേ പറക്കുമെൻ
ചിറകുകൾ കരിയുന്നോ?
നൂൽ പൊട്ടിയ പട്ടംപോൽ
കീഴ്മേൽ ഞാൻ പതിക്കുമോ?
എല്ലാമെനിക്കു നഷ്ടസ്വർഗം
ഞാൻ അന്യനാകുന്നു,സഖീ!
എല്ലാം ഒരു നിമിഷനേരം
ഞാൻ ശൂന്യമാകുന്നു,സഖീ!
ജനനവും മരണനേരവും
മാറ്റുവാൻ ആർക്കായിടും?
ഇവയ്ക്കിടയിൽ വിരിയിക്കാം ഒരു
മനോജ്ഞജീവിതാരാമം.

തോമസ് കാവാലം

By ivayana