തന്നാത്മസുഖമാകിലും
അന്യനേറ്റം സുഖദമാവണ‐
മെന്നു കരുതിയോർ
വീരചരമങ്ങളാൽ വിരചിച്ചതീ‐
ദേശത്തിന്നസ്ഥിവാരങ്ങളെന്നറിക
വിറ്റുതിന്നരുത് മക്കളേ!
നെഞ്ചകം പിളർന്ന കുരുതി‐
പ്രവാഹങ്ങളിൽക്കുതിർന്ന
കേദാരങ്ങളിൽ
നട്ടുനനച്ചതീക്കാണും
സഞ്ചിതസംസ്ക്കാരങ്ങളത്രയും
വിറ്റുതിന്നരുത് മക്കളേ!
ചത്തുപോയ സല്ക്കർമ്മികൾ
ചത്തുപോകാതെ കാത്ത
കൊണ്ടുപോകാതിട്ടേച്ചുപോയ
പലതുണ്ടറിയണം
വിറ്റുതിന്നരുത് മക്കളേ!
കല്ലറകളിലൊതുങ്ങാത്ത
ചൈതന്യമായവർതൻ
ജനിതകം പേറും
പുത്രപൗത്രരെന്നചിന്തയാൽ
നിങ്ങളെ സ്നേഹിച്ചിടാം ജനം!
പൂർവ്വാർജ്ജിതമാവിശ്വാസം
സ്വയാർജ്ജിതമെന്നചിന്തയാൽ
വിറ്റുതിന്നരുത് മക്കളേ!
പട്ടിണിയിലുഴറി
പ്രിയങ്കരങ്ങളൊന്നൊന്നായ്
നിപതിച്ചു നാടുനീങ്ങുമ്പോഴും
സമത്വസുന്ദരസ്വപ്നലോകത്തിനായ്
ദർശനം ചമച്ച യുഗപ്രഭാവരുണ്ടിരുവർ
ജീവിതം പിഴിഞ്ഞുചേർത്തകലവയിൽ
വാർത്തതാദർശനങ്ങൾ!
വിറ്റുതിന്നരുത് മക്കളേ!
നൂറ്റാണ്ടുകളണിഞ്ഞ ചങ്ങലകളുടച്ച്
പെറ്റുപോറ്റിയനാടിനായൊരു
സ്വച്ഛസ്വതന്ത്രമാമാകാശം തീർത്തു
കൃശഗാത്രനൊരല്പവസ്ത്രൻ
സമസ്തലോകസൗഖ്യം കാംക്ഷിച്ച
മഹാനുഭാവൻ
സമ്പാദ്യമായ്ത്തന്നതമൂല്ല്യമാം
കരുണാർദ്രമാനവികദർശനങ്ങൾ
വിറ്റുതിന്നരുത് മക്കളേ!!!
‐‐‐രഘുനാഥൻ കണ്ടോത്ത്