ഒന്ന്.
കിടപ്പുമുറിയുടെ ഇരുട്ടിൽ നിന്നാണ്
കവിതയുടെ ചിറകടി കേട്ടത്.
അവൾ അടുക്കളയിൽ
ഭാരിച്ച അരപ്പാൻ പെട്ടിയുടെ ഭാരത്തിൽ
കിതക്കുന്നുണ്ടായിരുന്നു.
മരണം മേയുന്ന വിറങ്ങലിച്ച
ആരൂഡത്തിൽ നിന്നും മഴത്തുള്ളികൾ
നെറുകയിൽ.
നാളെ ,ഇടവഴിച്ചാലുകളിൽ ഒഴുകുന്ന നീരുറവയിൽ
,ദൂരെ ഒരു കിനാവു കണ്ട്
മഷിത്തണ്ടിൽ തട്ടി തെറിച്ച മഴത്തുള്ളിച്ച ,
പട്ടുപാവാട ഞൊറിത്തുമ്പിൽ
ഒരു കളം വര.
രണ്ട്.
വരണ്ട് നീണ്ടു കിടക്കുന്ന ഭൂവിൽ
തിരക്കില്ലാതെ വീശുന്ന
കാറ്റിലാടിയ മുടിയിഴകളിൽ സുഗന്ധം.
കറ്റാർവാഴപ്പൂ നിറങ്ങളിൽ മയങ്ങി
മുന്നോട്ടു നീങ്ങുന്ന രണ്ടു പെൺകുട്ടികൾ
കവിതയും കവിതയും
തോളോടുതോൾ ചേർന്ന്
ചെവിയോട് ചെവി ചേർന്ന്.
കടവയറിലെ കാളൽ ഒളിപ്പിക്കാനാകാതെ..
ആവണെക്കെണ്ണയും
ഉലുവയും ,കറ്റാർവാഴ നീരും
പനിനീരും ചേർത്തു കാച്ചിയ എണ്ണമണം
മുഴിയിഴകളിൽ മാത്രമായി ഒതുങ്ങി
നില്ക്കുന്നില്ല.
ആകാശത്തിലേക്ക് ഒരു കിളിവാതിൽ
തിരശ്ശീലകളുലഞ്ഞ്
വയലിൻ ശബ്ദം
നേർത്തു നേർത്തു വരുന്നത്
ഹൃദയവരമ്പിൽ
ഒരേ നേർരേഖയിൽ
കാലുകളുതിരുന്ന ഭ്രമത്തിൽ.
മൂന്ന്.
മൂവന്തിയിൽ അവർ
തിരികെ വരുമ്പോഴേക്കും ഒരു യുദ്ധം ഒഴിവാക്കിയ ഭൂമി
കാറ്റിലൊഴുകി നടക്കുന്നുണ്ടാകും.
ഒടിച്ചമഷിത്തണ്ടും കൈയ്യിൽ വീശി
ഒളി മനസ്സുകൊണ്ട്
പതപാകത്തിലെ
പുതിയ രണ്ടു പെൺകുട്ടികൾ.

By ivayana