വൃശ്ചിക കാറ്റുലയുന്നു,
വിഭൂതിമണം പടരുന്നു,
വിശ്രുത ശരണഘോ-
ഷങ്ങള്‍ മുഴങ്ങുന്നു…,
വിശ്വേശ്വരതനയാ, വിനായക
സോദരാ വിപത്തുകളില്‍നിന്നു
കാത്തരുളും പരംപൊരുളെ
പാടുന്നവിടുത്തെ നാമസങ്കീര്‍-
ത്തനങ്ങളടിയനാലാവോളം…!
പിഴകളേറും മനുജജന്മമിതില്‍
മോക്ഷപദം പൂകുവാന്‍ പൂങ്കാവനം
തന്നില്‍ വാഴും ഭൂതനാഥാ
തേടിവരുന്നൂ തവ ചേവടികളയ്യാ…!!!
സുകൃതിയല്ലിവനെങ്കിലും വര-
മേകണേ ദേവാ, ശ്രുതിഭംഗമില്ലാതെ
കീര്‍ത്തനം തവ പാടുവാന്‍….!
സഹസ്രങ്ങള്‍ കൈകൂപ്പും
തിരുനടയില്‍ തിരുരൂപം
കണ്‍പാര്‍ത്തു തുമ്പമകറ്റുവാനടിയനും
വന്നേനയ്യാ…,
ആളുമാഴിതന്നിലായെരിയട്ടെ ജന്മ-
ദുഃഖങ്ങള്‍, നെയ്യഭിഷേകപ്രിയനെ,
അംഗോപാംഗമടിയനുമുരുകുന്നു
നല്‍നറുനെയ്യുപോലെന്നയ്യാ….!
കൃപാനിധേ, സംസാരവാരിധി
താണ്ടുവാനമരത്തു തുണയായ്
വരേണമയ്യനേ, താളത്തില്‍
ഞാനെന്നും പാടും താവകനാമാ-
വലികളില്‍ തിരുവുള്ളമുണരണെ
കലിസങ്കടമോചനാ…!
കതിരവനായിരം കതിരിടുംപോല്‍
ചേതോഹരം നിന്‍മുഖാംബുജം ചിത്ത-
ത്തില്‍ നിറയുമ്പോളഖിലവും മറക്കു-
ന്നേനയ്യാ, കരളുരുകി പാടുന്നു
ശരണ കീര്‍ത്തനങ്ങള്‍….!!!
സങ്കടമോചനാ ശബരിഗിരിനാഥാ
സന്തതം പാലിക്കവേണമടിയനെ
സത്ചിതാനന്ദരൂപാ ചിത്തേവിളങ്ങണെ-
യെന്നും, ചിത്തത്തില്‍ മുഴങ്ങണെ
മന്ത്രാക്ഷരപ്പൊരുളെന്‍റെ ദേവാ…!
ശരണാഗതപ്രിയനേയെന്നും ശരണ-
മന്ത്രങ്ങള്‍പാടുവാനുള്ളം തുടിക്കട്ടെ
തുടികൊട്ടിപ്പാടുമൊരുടുക്കുപോല്‍…!
ഹരിഹരസുതനേ, മദഗജവാഹനാ
മഹിമകളിങ്ങനെപാടാം മഹീതലേ
പെരുകും ദുരിതമാറ്റാന്‍ പ്രണവ
മന്ത്രാക്ഷരപ്പൊരുളേ…!!!

www.ivayana.com

By ivayana