ഞാൻ മിനി.
എന്റെ കഥ ആയതുകൊണ്ടാണ് ഇതിന് മിനി ക്കഥ എന്ന് പേരിട്ടത്.
ഞാൻ പാംപൂക്കുന്നു ഗ്രാമത്തിലെ നാലാം വാർഡിൽ താമസിക്കുന്നു.
ഈ പാംപൂക്കുന്നു ഗ്രാമം എവിടെയാണ് കേട്ടുകേൾവി പോലും ഇല്ലല്ലോ എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ എന്റെ കഥ വായിച്ചു കഴിയുമ്പോൾ നിങ്ങൾ പറയും ഓ . ഈ സ്ഥലം ഞാൻ നന്നായി അറിയും ഇത് എന്റെ ഗ്രാമം തന്നെയാണ് എന്നുപോലും നിങ്ങൾ പറഞ്ഞേക്കാം.
ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി എന്റെ ഗ്രാമത്തിലെ നാലാം വാർഡ്‌ മെമ്പർ ആണ്
മെമ്പർ മിനി..
ഓ ഏതു പാർട്ടിയുടെ ബേസിൽ ആണ് മെമ്പർ ആയതെന്നോ..
ക്ഷമിക്കണം കഥയിൽ ചോദ്യമില്ല
ഞാൻ എന്റെ ഗ്രാമത്തിൽ തേനും പാലും ഒഴുക്കി..
പക്ഷേ പാക്കറ്റ് ആക്കിയാണ് ഒഴുക്കിയത്.. അല്ലങ്കിൽ റോഡൊക്കെ ചീത്തയാവില്ലേ .
മിനി ഹണി, മിനി മിൽക്ക്..
നല്ല കച്ചവടം കിട്ടി.. ലാഭവും..
ചില കുബുദ്ധികൾ പറഞ്ഞു ഞാൻ പഞ്ചായത്തിന്റെ പണം വകമാറ്റി ചിലവിട്ടു ബിസിനസ്സ് തുടങ്ങിയെന്ന്.. അസൂയ അല്ലാതെന്ത്.. എന്റെ ഓടിട്ട പഴയ വീട് ഒന്നു പുതുക്കി ഇരുനിലയാക്കി.. പിന്നെ വീട്ടിലേക്കുള്ള വഴി ചെറുതായതിനാൽ മുൻവശത്തുള്ള മൂന്നേക്കർ സ്ഥലം വാങ്ങി വഴി വെട്ടി. അതു ടാർ ചെയ്തു.. അല്ലപിന്നെ.. വീട്ടിലേക്കു വഴി വേണ്ടേ.. പിന്നെ ഒരു ചെറിയ ഇന്നോവാ കാർ വാങ്ങി.. ഒന്നുമല്ലെങ്കിലും ഞാൻ ഒരു വാർഡ് മെമ്പറല്ലേ… ഒരു ചെറിയ ബിസിനസ്സ് ഒന്ടരപ്പനെർ അല്ലേ..
ഞാൻ അഞ്ചു സെന്ററിൽ പൊട്ടിപൊളിഞ്ഞ വീട്ടിൽ താമസിച്ചു മരിക്കണം എന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്… എനിക്കും ഇല്ലേ ആശകളും അഭിലാഷങ്ങളും.. സ്വപ്നങ്ങളും . പാർട്ടി പറയുന്നതിനപ്പുറത്തേക്കു ഞാൻ അണുവിട മാറിയിട്ടില്ല..
എന്നിട്ടിപ്പോൾ പറയുന്നു ഇത്തവണ എനിക്ക് സീറ്റില്ലാന്നു.. പ്രതിഛായ നഷ്ടപെട്ടുപോലും…
പാവം ഞാൻ..
ഞാൻ പ്രതിഛായ മെച്ചപ്പെടുത്തുകയല്ലേ ചെയ്തത്..
നിങ്ങൾതന്നെ പറയൂ..
പാർട്ടി പരസ്പരം ചെളിവാരി എറിയുന്നു.. പിളരുന്നൂ.. പിന്നെ വലിയ വലിയ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്..
എന്നിട്ട് ഈ പാവം എനിക്ക് സീറ്റില്ല പോലും..
ആരോട് പറയാൻ
ഈ മിനിയുടെ സങ്കടം ആരുകേൾക്കാൻ.
ഇപ്പോൾ മനസിലായില്ലേ ഇത് എന്റെ മാത്രം കഥയല്ലന്ന്..
ഇനി പറയൂ ഇത് കേവലം ഒരു മിനി ക്കഥ ആണോ?
സുനു വിജയൻ

By ivayana