വെൺമുകിലാകുമുത്തരീയം ചുറ്റി
വാരുറ്റപൂന്തിങ്കൾ മന്ദഹസിക്കെ
അഭ്രപഥം തന്നിലായ് താരകപ്പൂക്കൾ
രശ്മിമാല കോർത്തീടുന്നു ലാസ്യമായ്
താരുണ്യമാമൊരു ഹിമ മണിയേറിൽ
പുളകം നെയ്യുന്നു മലർശയ്യയിൽ,
കാറ്റത്തുലാവുന്ന ദലമർമ്മരങ്ങൾ
കേൾക്കെ അഭിനിവേശമായെന്നിലും
മോഹ സൗധത്തിന്നുമ്മറത്തായ്
കനവിൻ്റെ പട്ടുപൂഞ്ചേലയിൽ
നിൻ വദനം തെളിഞ്ഞു നിൽക്കെ
നിനവിലാകെ കുളിരു പുതയുന്നു
നിന്നുടെ മാസ്മര വല്ലികയിലുതിരും
അനഘമാമൊരു നാദവിദ്യയിൽ
ഹർഷമൊടെ നിമഗ്നയായ് നിന്നനേരം
എന്നുടെ ഹൃദന്തവും വിലയമായ്
വല്ലഭൻ,നീ മൃദുമന്ദഹാസമോടെ
കാമിനിയായൊരെന്നുടെ സുസ്ഥിര
തന്ത്രിയിൽ ഭാസുരനാദമായ് തീരവേ
മംഗലമാം ഹൃത്തിനാമോദക്കുളിരായ്
നിശ്ശബ്ദ നിശീഥിനിയിൽ നിന്നുടെ
ഗേയസുഖം വിട്ടു പോകേ ഞാൻ
അറിഞ്ഞീടുന്നു സുഖദ നിദ്രയിൽ കിടക്കുകയെന്ന നിത്യസത്യം
🖋️ ബേബിസബിന