അലസവിരസമായ
ഒരുപകലവസാനത്തിൽ
വായിച്ചുതീർത്ത പുസ്തകങ്ങൾ
അടുക്കിവെക്കുന്നതിനടയിലാണ്
എപ്പോഴോ ഉതിർന്നുവീണ
ഒരു വിവാഹക്ഷണപ്പത്രം
കണ്ണിൽപ്പതിഞ്ഞത് .
സ്മരണയുടെ തീവണ്ടി
മടുപ്പിന്റെ പുകതുപ്പി
പിന്നോട്ടുപായുമ്പോൾ
തെരുവിന്റെ ഓരത്ത്
ഒറ്റക്കോളാമ്പിയുടെ
വാലിൻതുമ്പത്തെ മൈക്കിലൂടെ
കൂടത്തിനുടയാത്ത
അതികഠിനവാക്കുകൾ
ആംഗ്യവിക്ഷേപങ്ങളോടെ
ഉച്ചത്തിൽ പുലമ്പുന്നൊരാളുടെ
മെല്ലിച്ചരൂപം കണ്ണിൽതെളിയുന്നു.,
പഴകിപ്പുളിച്ചുപോയിട്ടും
ആരാലും തിരസ്കരിക്കപ്പെടാത്ത
അനാചാരസാമൂഹ്യവ്യവസ്ഥിതിയെ
നിർദ്ദയം പരിഹസിക്കുന്നു .,
ജീർണ്ണിച്ചുനാറിക്കുഴഞ്ഞ
സർക്കാർ സംവിധാനങ്ങളെ
അവജ്ഞയോടെ തള്ളിക്കളയുന്നു .,
കരിഞ്ചന്തക്കാരെയും
കൈക്കൂലിക്കാരെയും
ഘോരഘോരം പുലഭ്യം പറയുന്നു .,
ആവേശപൃഷ്ഠത്തിനുതീപിടിച്ചു
ചോരതിളച്ചുതൂവിയ വങ്കർ
ഒറ്റദിവസംകൊണ്ടീലോകം
കീഴ്മേൽമറിക്കാൻ ചാടിപ്പുറപ്പെടുന്നു.
അനന്തരം വ്യർത്ഥവസന്തത്തിനുമേൽ
പ്രായോഗികതയുടെ മഞ്ഞുവീണപ്പോൾ
അയാൾ സർക്കാരുദ്യോഗത്തിന്റെ
സുഖമുള്ള കുപ്പായത്തിലേക്കു
വിസർജ്ജ്യംഭുജിച്ചുനൂണ്ടുകയറുന്നു.,
അനാചാരവ്യവസ്ഥിതിക്കുമേൽ
കീഴ്ശ്വാസത്തിന്റെ മറയിട്ടുമൂടി
പണത്തൂക്കം കണക്കെണ്ണിപെണ്ണുകെട്ടുന്നു.,
ആർത്തിമൂത്തുപ്രാന്തായി
കൈക്കൂലിക്കാരനെന്നു പേരുവാങ്ങുന്നു ,
കള്ളനാണയങ്ങളുടെ വാക്ക്ചൂടിൽ
ഭാവിപുകഞ്ഞുപോയ മൂഢർ
കലികാലവഴികളിൽ നടന്നുമടുത്ത്
നീറിക്കരിഞ്ഞജീവിതത്തിന്റെ
കറുംപാടകുത്തിപ്പൊളിക്കുന്നു .
പ്രവീൺ സുപ്രഭ