നിന്റെ പ്രണയം എച്ചിലാക്കിയ
ഒരു ശരീരം തീരത്തു വന്നടിഞ്ഞിട്ടുണ്ടെന്നു
കടൽ തിരയടിച്ചലറി
വിളിക്കുന്നുണ്ട്.
നിന്റെ കാമം കടിച്ചുതുപ്പിയ മാംസമെല്ലാം
ആർത്തി പൂണ്ട മത്‍സ്യങ്ങൾ
തിന്നുതീർത്തിട്ടുണ്ടെന്ന്
കണ്ടവർ മുഖം തിരിക്കുന്നുണ്ട്.
ഗർഭപാത്രത്തിന്റെ ഭിത്തിയിൽ
രണ്ടു കുഞ്ഞിക്കൈകൾ മരണവെപ്രാളത്തിൽ
ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നു
ചിലർ കണ്ണുകൾ കൊണ്ടുതന്നെ
പോസ്റ്റുമോർട്ടം ചെയ്തു പോലും..
നഗ്നത കാശാക്കാൻ
ആർത്തി പൂണ്ടു
കുറേ നായകൾ
വാർത്തയും ചിത്രവും
പകർത്തി രസിക്കാൻ
മൊബൈൽകണ്ണ് തുറന്നു വച്ചിട്ടുണ്ടത്രേ.
വേഗം ചെല്ലൂ ,
നീ നാളത്തെ താരമല്ലേ.
രണ്ടു നിരപരാധിക്കരച്ചിൽ,
ശവത്തിന് സ്വഭാവദൂഷ്യം,
പിന്നൊരു വീഡിയോ നാടകവും
മുള്ളിത്തെറിച്ചൊരു രാഷ്ട്രീയബന്ധവും പോരും
നീ നാളെ മഹാനല്ലേ..
ആരേലും ധീരകൃത്യം ഏറ്റെടുത്തു
ക്യാമറക്കണ്ണിൽപ്പെടുംമുമ്പ്
നീ വേഗം ചെല്ലൂ,
നാളെ നീ നാടറിയും വീരനാകട്ടെ.

✒️ജയന്തി അരുൺ

By ivayana