സൂററെ പോട്രൂ’ സിനിമയുടെ റിവ്യൂ എന്താണെഴുതാത്തതെന്ന് കല്ലാറിൽ നിന്നൊരു സുഹൃത്ത് വിളിച്ചു ചോദിച്ചിരിക്കുന്നു. അങ്ങനെ അതെഴുതാനിരുന്നപ്പോളാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ലൂഡോ എന്ന ഹിന്ദി സിനിമ കണ്ടത്. എന്നാൽ ലൂഡോയെ പറ്റി എഴുതിയേക്കാമെന്നായി.
ലൂഡോ കളിയിലെ പോലെ കളിക്കാരുടെ നാലു നിറങ്ങളിലുള്ള ടോക്കനുകൾ ജീവിതമെന്ന ലൂഡോ ബോർഡിലൂടെ കയറി ഇറങ്ങി സഞ്ചരിക്കുകയാണ്.
കുറേ ജീവിതങ്ങൾ അവരറിയാതെ കെട്ടുപിണഞ്ഞു ഒരേ രേഖയിൽ പല പ്രാവശ്യം തുടർച്ചയായി കടന്നുവരുന്ന ഫോർമാറ്റിലുള്ളതാണ് ഈ സിനിമ.ട്രാജഡി, വയലൻസ് എല്ലാമുണ്ട് പക്ഷേ ഇതിനെയെല്ലാം പൊതിഞ്ഞിരിക്കുന്ന കടലാസ് കോമെഡിയുടേതാണ്. അതുകൊണ്ട് ജോണർ ഡാർക്ക് ഹ്യൂമർ തന്നെയാണെന്ന് പറയാം.
ബർഫി, ഗാങ്സ്റ്റർ, മർഡർ,ലൈഫ് ഇൻ എ മെട്രോ, കൈറ്റ്സ്, ജഗ്ഗാ ജസ്സൂസ് എന്നീ സൂപ്പർ സിനിമകളുടെ സംവിധായകൻ അനുരാഗ് ബസുവാണ് ലുഡോയുടെ സംവിധായകൻ. സിനിമാട്ടോഗ്രാഫിയും അനുരാഗ് ബസു തന്നെയാണ്. സംഗീതം പ്രീതം. പക്ഷേ സിനിമ കഴിയുമ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നത് സിനിമയിൽ ഉപയോഗിച്ച പഴയ സിനിമാ ഗാനമായ ‘ഓ ബേടാജിയാണ്’.
വൻ താരനിരയുണ്ട് . അതിൽ തന്നെ വില്ലനായി വേഷമിട്ട മിർസാപൂർ ഫെയിം പങ്കാജ് തൃപാഠി നിറഞ്ഞാടുകയാണ്. ആളിന്റെ അഴിഞ്ഞാട്ടമാണ് സിനിമയിൽ. ഒരു രക്ഷയുമില്ല. രാജ്‌കുമാർ റാവു ഈ വേഷത്തെയും തന്റെ മുൻ സിനിമകളിലെ കഥാപാത്രങ്ങളെ പോലെ വ്യത്യസ്തവും, മിഴിവാർന്നതുമാക്കുകയാണ്. ‘ഐ ആം എ ഡിസ്കോ ഡാൻസർ ‘എന്ന പാട്ടിനൊപ്പം ഒരു യുവ തലമുറയെ നൃത്ത ചുവടുകൾ വെപ്പിച്ച മിഥുൻ ചക്രവർത്തി എന്ന താരത്തിന്റെ ആരാധകനായ യുവാവായി രാജ് കുമാർ റാവു നിറഞ്ഞു നിൽക്കുന്നു. അഭിഷേക് ബച്ചൻ മോശമാക്കിയില്ല, സാധ്യതകളുണ്ടായിട്ടും അമിതാഭിനയത്തിലേക്ക് വഴുതി വീണതുമില്ല.
നാലു പ്രധാന സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾ മലയാളി കഥാപാത്രമായ ഷീജ തോമസ് എന്ന മലയാളി നഴ്സാണ്. ഹിന്ദി സംസാരിക്കാൻ അറിയാത്ത മലയാളത്തിൽ ആശയ വിനിമയം നടത്തുന്ന ആളാണ് ഷീജ. അതുകൊണ്ടെന്താ ഒരു ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ മലയാളം ഡയലോഗ് കേൾക്കാനാകുന്നത് ഒരു പക്ഷേ ലൂഡോയിലായിരിക്കും. ഷീജ തോമസായി അഭിനയിക്കുന്നത് പേർലി മാണിയാണ്. പേർലിയുടെ ക്യൂട്ട്നെസ്സ് പണ്ടേ ഇഷ്ടമുള്ളത് കൊണ്ടു കൂടിയായിരിക്കും എനിക്കിതുമിഷ്ടപ്പെട്ടു, പേർളി തകർത്തു എന്നു ഞാൻ പറയും. ഒരു ഹിന്ദി സിനിമയിൽ ഓടിക്കോ, രക്ഷിക്കൂ, കള്ളാ, നായിന്റെ മോനെ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ ആഹാ എന്തൊരു സന്തോഷ, ആത്മാനിർഭരത.
കഥയിൽ പുതുമ ഒന്നുമില്ല, പ്രവചിക്കാൻ പറ്റാത്ത സന്ദർഭങ്ങളുമില്ല. യമരാജനും, ചിത്ര ഗുപ്തനും അവരുടെ നന്മ, തിന്മ കണ്ടുപിടിക്കലുകളും ഒരു വശത്തു കൂടി അങ്ങ് പോകുമെന്നല്ലാതെ പ്രത്യേകിച്ച് എടുത്തു പറയാനൊന്നുമില്ല.എങ്കിലും എവിടെയൊക്കെയോ നമ്മെ ചിരിപ്പിച്ചും,ചില അവസ്ഥകൾ നേരിയ വേദന ഉണ്ടാക്കിയും, എപ്പോളൊക്കേയൊ ചെറുതായി ചിന്തിപ്പിച്ചും കടന്നു പോകുന്നുണ്ട് ലൂഡോ.
അപ്പോൾ സ്ഥിരം ക്‌ളീഷേ ഡയലോഗ് പറയാനുള്ള സമയമായി,അതിതാണ്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ കാണാൻ പോയാൽ ആസ്വദിക്കാവുന്നൊരു സിനിമയാണ് ലൂഡോ.😀
(രജിത് ലീല രവീന്ദ്രൻ)