കോട്ടംവന്ന വേരുകളിലേക്കിറങ്ങിച്ചെന്ന്
മതിയുടേയും മൃതിയുടേയുമിടക്ക്
സ്വാസ്ഥ്യസുഖമുള്ള
സ്ഥിതിയുടെ ഔഷധംപകരുന്ന
ചില നോട്ടങ്ങളുണ്ട്.
വിളകൾക്കിടയിലെ കളകളെ
വേരോടെ പിഴുതെടുക്കുന്ന
തൊടാതെ തൊടുന്ന ആ നോട്ടങ്ങൾക്ക്
വല്ലാത്തൊരു കാന്തശക്തിയാണ്.
ഭ്രമ, വിഭ്രമവികാരങ്ങൾ
ചിന്താലോകത്തിന്റെ
ചില്ലുകൊട്ടാരങ്ങളിൽ
വികൃതച്ചിത്രങ്ങൾ വരയ്ക്കുമ്പോൾ,
എനിക്കും നിനക്കുമിടയിലെ
മൂന്നാംലോകത്തിന്റെ മൂഢതയിൽ നീ
സ്ഥാനഭ്രംഷ്ടനായ രാജാവാണ്.
വെളിച്ചപ്പെടാനും വേറിട്ടുകാണാനും
വെല്ലുവിളിക്കാനും
അർത്ഥശൂന്യമായി ചിരിച്ച്,
ആർക്കോവേണ്ടി കരഞ്ഞ്,
മേഘരൂപങ്ങളെനോക്കി
പിറുപിറുക്കാനും തുടങ്ങുമ്പോഴാണ്
നിനക്കുനേരെയോരു
‘നോട്ട’ത്തിന്റെ ആവശ്യം വരുന്നത്.
നാല്പതിലെത്തുന്ന കറുത്തതോന്നലുകൾ
കാഴ്ചയെ ദുർബലപ്പെടുത്തുമ്പോൾ
ബോധ്യപ്പെടുത്തലുകളാൽ വെളിച്ചംനൽകുന്ന
നോട്ടങ്ങളുടെ കണ്ണടകളിൽ നീ
അഭയം തിരയാൻ മടിച്ചിരിക്കരുത്.
തിരിച്ചറിവിന്റെ കുഞ്ഞക്ഷരങ്ങൾ
കാണാനാകാതെവരുമ്പോൾ
ഹൃദയം വെള്ളെഴുത്തിന്റെ വിലക്കുകളിൽ
വിയർക്കാൻ തുടങ്ങുമ്പോൾത്തന്നെ
നീയൊരു മന:ശാസ്ത്രജ്ഞനെ കാണുക.
അസ്വസ്ഥമാക്കുന്ന
സ്റ്റെതസ്ക്കോപ്പുകളുടെ പിൻബലമില്ലാതെ,
ഭയപ്പെടുത്താതെ മയപ്പെടുത്തുന്ന
മന:ശാസ്ത്രജ്ഞരുടെ
അറിവുള്ള നോട്ടത്തിന്
വെള്ളെഴുത്തുള്ള ഹൃദയങ്ങൾക്ക്
വെളിച്ചം നൽകാനാകും.
(പള്ളിയിൽ മണികണ്ഠൻ )