നിൻ്റെ കാർകൂന്തൽക്കെട്ടുപോൽ
വിടരും ഇരുട്ടിനെന്തൊരു കറുപ്പാണ്
പെണ്ണേ!
നെറ്റിത്തടത്തിലെ ചന്ദനക്കുറിപോൽ
തിളങ്ങും ശശിലേഖക്കെത്ര ഭംഗി!
ഒരു തരി വെട്ടമായുണരും നിലാവിന്
എന്തൊരു ചേലാണ് പെണ്ണേ!
കൊച്ചരിമുല്ലപോൽ മന്ദസ്മിതം
തൂകും താരകക്കുഞ്ഞുങ്ങൾക്കെത്ര
ഭംഗി!
രാവിൻ്റെ ചിറകേറി പാറിപ്പറക്കുന്ന
മിന്നാമിനുങ്ങിനും എത്ര ഭംഗി!
പരിമളംതൂകി വിടരാൻ വിതുമ്പുന്ന
നിശാഗന്ധിക്കും എത്ര ഭംഗി!
ഇറ്റിറ്റു വീഴുന്ന നീഹാര മുത്തുകൾ
തുള്ളിക്കളിക്കുന്ന പുഷ്പദലങ്ങൾക്കും
എത്ര ഭംഗി!
പരിഭവം പറയുന്ന മന്ദസമീരനുമതു
തഴുകിത്തലോടുന്ന മാമരങ്ങൾക്കുമെത്ര ഭംഗി!
രാപ്പാടിപ്പെണ്ണിൻ്റെ രാഗസുധാലഹരിയിൽ
ഒന്നുമയങ്ങുവാനെന്ത് സുംഖം!
രാമഴ പെയ്തുതോർന്നൊരു ക്ഷിതി –
ക്കും എന്തൊരു ഭംഗി!
എന്തെന്ത് പരിഭവങ്ങൾ രാവുകൾ
ഓതിയാലും രാവിൻ്റെ രാവിന്
എന്തൊരു ഭംഗി!
Dr. സ്വപ്ന പ്രസന്നൻ

By ivayana