ഇന്ന് വെള്ളിയാഴ്ചയാണ്. നവാസ് ഇന്നും ക്ലാസിൽ വന്നിട്ടില്ല. ഹരി ഇരുകൈകളിലെയും വിരലുകളാൽ ഒരു സങ്കലന ക്രിയ നടത്തി . നവാസ് സ്കൂളിൽ വന്നിട്ട് പതിനൊന്ന് ദിവസമായിരിക്കുന്നു.
ക്ലാസിലെ ബെഞ്ചും ഡസ്ക്കുമൊക്കെ പിടിച്ച് മാറ്റിയിടുന്നതിനിടയിലാണ് അത് സംഭവിച്ചത് . ഡെസ്ക്കിൽ , ഉള്ള ശക്തി മുഴുവൻ ഉപയോഗിച്ചു തള്ളുമ്പോൾ മറ്റേ അറ്റം ആരിലെങ്കിലും ചെന്നിടിക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല.
സുന്നത്ത് കഴിഞ്ഞ് മുറിവ് ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ലാത്ത അവൻ്റെ …….
കുറച്ച് നേരം കൈ കൊണ്ട് പൊത്തി ഒരു ഇരിപ്പായിരുന്നു ,അവൻ . പിന്നീട് എഴുന്നേറ്റ് ബാത്റൂമിലേക്കാണ് നടന്നത്. താനും പുറകേ ഓടി.
“ചോര വരുന്നുണ്ട് … “
ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയ അവൻ വേദന കടിച്ചു പിടിച്ച് പറഞ്ഞു.
വേദനയുടെ തീവ്രതയിൽ അവൻ്റെ ചിറി കോടിപോവുന്നത്, അതിലധികം നൊമ്പരത്തോടെയാണ് കണ്ടു നിന്നത്. ഡെസ്ക്ക് തള്ളാൻ തോന്നിയ നിമഷത്തെ ,ഹരി സ്വയം പഴിച്ചു കൊണ്ടിരുന്നു.
മൂന്നു ദിവസം നവാസിനെ കാണാതെ വന്നപ്പോൾ അവൻ്റെ അയൽവാസിയായ ഏഴാം ക്ലാസിലെ സുബൈറിനോട് ചോദിച്ചു .
മുറിവ് പഴുത്തൂന്നാ പറഞ്ഞ് കേട്ടതെന്ന് സുബൈർ ആണ് പറഞ്ഞത് .
കർമം നടത്താനായും രണ്ടു മൂന്നു ദിവസം നവാസ് ക്ലാസിൽ വരാതിരുന്നു. വന്ന ആ ദിവസം ഉച്ച സമയത്താണ് ഇതെല്ലാം നടക്കുന്നത്.
“അതിൻ്റെ ” പുറമേയുള്ള ചർമം മുറിച്ചു കളയുന്നതിനെ കുറിച്ച് നവാസ് അവന് അറിയാവുന്നതൊക്കെ ഒരു ആറാം ക്ലാസുകാരൻ്റെ ഭാഷയിൽ പറഞ്ഞു തന്നിരുന്നു . വൃത്തിയായി നടക്കാൻ അത് ആവശ്യമാണത്രേ .
ശരിയായിരിക്കും, പക്ഷേ എന്ത് വേദനയായിരിക്കും .
അതിന് ഒരു ചിരി മാത്രമായിരുന്നു നവാസിൻ്റെ മറുപടി. ഈ വിഷയം സർവജ്ഞാനിയായ മുത്തശ്ശനു മുന്നിലും ഹരി അവതരിപ്പിച്ചു. മുത്തശ്ശനും പറഞ്ഞു ആ കർമം ശരീരശുദ്ധിക്ക് നല്ലതു തന്നെയെന്ന്. വേദനയില്ലാതെ തന്നെ ഇപ്പോ ചെയ്യാൻ മാർഗങ്ങളുണ്ടത്രേ.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് ഹരി ഓർത്തത്.
അടുത്തുള്ള കടയിൽ പോയി ഉള്ളി വാങ്ങിച്ചു വരാൻ അമ്മ പറഞ്ഞപ്പോഴാണ് , ഇറയത്ത് കഴുകി തൂക്കിയിരുന്ന നിക്കറും ഷർട്ടും എടുത്തിട്ട് പോവുന്നത്.
കടക്കാരൻ ചിത്രൻ ചേട്ടൻ ഉള്ളി ,പത്രക്കടലാസിൽ പൊതിയുമ്പോൾ , നിക്കർ ഒന്നു കുടയാതെ ധരിച്ചതിൻ്റെ ഫലം അനുഭവിച്ചു തുടങ്ങുകയായിരുന്നു. ഉറുമ്പിൻ്റെ ആദ്യകടിയിൽ തന്നെ നിലത്തു നിന്ന് പെരുവിരലിൽ ഉയർന്നു പോയി.
ഉള്ളിപ്പൊതി വാങ്ങിച്ച് ഒരു ഓട്ടമായിരുന്നു. ഗോപി ഡോക്ടറുടെ ക്ലിനിക്കിന് അപ്പുറം മറവിൽ വച്ച് ട്രൗസർ താഴ്ത്തി ഉറുമ്പിനെ ഞെരിച്ചു കൊന്നെങ്കിലും ചൊറിച്ചിലും വേദനയും വീട്ടിലെത്തിയിട്ടും തുടർന്നു.
ട്രൗസർ ഊരി മാറ്റി തിരുമേണ്ടി വന്നു. ക്രമത്തിൽ ചൊറിച്ചിൽ മാറിയെങ്കിലും
“അത് ” നീര് വന്ന് കണ്ടാൽ പേടിയാവുന്ന വിധം വീർത്തു.
അമ്മയോട് പറയാതെ നിർവാഹമില്ലാതെ വന്നു.
അമ്മ കുറച്ച് വെളിച്ചെണ്ണ കയ്യിൽ പകർന്നു തന്ന് പുരട്ടാൻ പറഞ്ഞു . നീര് നേരത്തോട് നേരം കഴിയുമ്പോൾ മാറു മെന്നും പറഞ്ഞു.
ഒരു ദിവസം മുഴുവൻ ഹരിയെ മുൾമുനയിൽ നിർത്തിയ അനുഭവമായിരുന്നു അത് . ആ സംഭവത്തിനു ശേഷം
” അതുമായി ” ബന്ധപ്പെട്ട എന്തിനും അല്പം ശ്രദ്ധ കൂടുതൽ കൊടുക്കാറുണ്ട് .
നവാസ് എത്ര വേദനിച്ചിട്ടുണ്ടാവുമെന്ന ചിന്ത ഹരിയെ വളരെയധികം നുള്ളി തുടങ്ങിയപ്പോളാണ് അവധി ദിവസം അവൻ്റെ വീട്ടിൽ ഒന്നു പോവുക എന്ന തീരുമാനമെടുക്കുന്നത്.
അവൻ അവൻ്റെ ഉമ്മയോടും ബാപ്പയോടുമൊക്കെ പറഞ്ഞിരിക്കാം . അവർ തന്നെ ചീത്ത പറയുകയോ ചിലപ്പോ തല്ലുക തന്നെയോ ചെയ്തേക്കാം . എങ്കിലും പോവുക തന്നെ.
ശനിയാഴ്ച രാവിലെ കൂട്ടുകാരൻ്റെ വീട്ടിൽ പോവുന്നു എന്ന് പറഞ്ഞ് ഹരി വീട്ടിൽ നിന്നിറങ്ങി.
കവലയിലെത്തി ഇടത്തോട്ട് കുറച്ച് ചെല്ലുമ്പോളാണ് നവാസിൻ്റെ പള്ളി. തുറവൂർ അമ്പലത്തിൽ പോവുമ്പോ ഒരു തവണ ബസിൽ വച്ച് അമ്മ കാണിച്ചു തന്നിട്ടുണ്ട്, ആ പള്ളി .
പള്ളിക്ക് അടുത്തു കൂടി കിഴക്കോട്ട് കിടക്കുന്ന പൂഴി റോഡിലാണ് അവൻ്റെ വീടെന്ന് നവാസ് പറഞ്ഞിട്ടുണ്ട്.
ഹൈവേ മുറിച്ചു കടന്ന് പള്ളിക്കടുത്തൂടെയുള്ള റോഡിലൂടെ നടന്നു തുടങ്ങിയപ്പോൾ ഉള്ളിൽ മയങ്ങി കിടന്നിരുന്ന ഭീതി ഉണർന്നെണീറ്റു. എന്തായിരിക്കും നവാസിൻ്റെ വീട്ടുകാരുടെ പ്രതികരണം എന്നോർത്തപ്പോൾ തിരിച്ചു പോയാലോന്നു വരെ തോന്നി.
കറുകപ്പുല്ലു നിറഞ്ഞ പൂഴി റോഡ് ,വാഹനങ്ങളുടെ വീൽ ഓടിതെളിഞ്ഞ വഴി മാത്രം സമാന്തരമായി പുൽരഹിതമാണ്. ഇരുവശവും വീടില്ലാത്ത ഒഴിഞ്ഞ പറമ്പുകളുമുണ്ട്. അവിടെയും പച്ചപ്പ് പരന്നു കിടന്നിരുന്നു.
എതിരേ വന്ന ഏറെക്കുറെ സമപ്രായക്കാരനായ കുട്ടിയോട് നവാസിൻ്റെ വീടേതെന്ന് ചോദിച്ചു.
“രാശിപ്പുറത്തെയാ …….” നവാസിൻ്റെ വീട്ടു പേരാവും ആ കുട്ടി പറഞ്ഞത് . ഹരി എന്തെങ്കിലും പറയുന്നതിനു മുന്നെ ആ കുട്ടി മുന്നോട്ട് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
” വളവ് തിരിഞ്ഞ് ആദ്യത്തെ വീട് .,,, “
വളവ് തിരിഞ്ഞ് ഉടനെയുള്ളത് ഒരു വലിയ വീടായിരുന്നു. ചുറ്റിനും മതിലുള്ള ആ വീടിൻ്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു.
ഗേറ്റ് മുതൽ മുറ്റം വരെയുള്ള വഴിക്ക് ഇരുവശവും ഹരിക്കേറ്റവും ഇഷ്ടമുള്ള മയിലാഞ്ചി ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു. മുറിച്ച കമ്പുകളിൽ നിന്ന് കരുത്തോടെ മനം മയക്കുന്ന മയിലാഞ്ചി യുടെ പുതുനാമ്പുകൾ പൊന്തി തുടങ്ങിയിരിക്കുന്നു.
മയിലാഞ്ചി തലപ്പിൽ മൃദുസ്പർശമേൽപ്പിച്ച് കൊണ്ട് വർദ്ധിച്ച നെഞ്ചിടിപ്പോടെ ഹരി മുന്നോട്ട് നടന്നു.
വിശാലമായ മുറ്റത്ത് ഉണക്കപ്പായയിൽ പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഉണക്കപ്പായിൽ തലങ്ങും വിലങ്ങും നടന്ന് വിരിച്ച നെല്ല് കാൽ കൊണ്ട് ചിക്കുകയാണ് തട്ടമിട്ട ഒരു സ്ത്രീ.
നവാസിൻ്റെ ഉമ്മയാവും അത്.
അവരുടെ ജോലി തുടരുന്നതിനിടയിൽ എപ്പോഴോ മുറ്റത്തു നിൽക്കുന്ന ഹരിയെ അവർ കണ്ടു. ശ്രീദേവി അമ്മായിയുടെ ചേലുള്ള മുഖമാണ് പെട്ടെന്ന് ഹരിക്ക് ഓർമ വന്നത്.
ആരാ എന്ന അർത്ഥത്തിൽ ഉമ്മ മുഖം ഒന്നു വെട്ടിച്ചു.
“നവാസിൻ്റെ …. വീടല്ലേ … “
“അതേല്ലോ ………”
“നവാസ് ….ഒണ്ടോ …”
“ഒണ്ടല്ലോ …….
കുട്ടിയേതാ …….” ഇപ്പോൾ നെഞ്ചിടിപ്പ് മുമ്പിലത്തേക്കാളും കൂടി തുടങ്ങി.
“നവാസിൻ്റെ ക്ലാസിലെ കുട്ടിയാ ……….. ഹരി … ” ശ്വാസമടക്കി പിടിച്ചാണ് ഇത്രയും പറഞ്ഞത് .
”ഹരിയാ …..” എന്ന് ചോദിക്കുമ്പോൾ ഉമ്മയുടെ മുഖത്ത് ദേവി അമ്മായിയുടേതിന് സമാനമായ ഭംഗിയുള്ള പുഞ്ചിരി വന്നു കഴിഞ്ഞിരുന്നു.
ഉണക്ക് നോക്കാനായി വായിലിട്ട നെല്ലിൻ്റെ ഉമി ദൂരേക്ക് തുപ്പി ,കാലിൽ പറ്റിപ്പിടിച്ചിരുന്ന നെന്മണികളെ മറു കാലിൽ കൊട്ടി പായയിൽ തന്നെ നിക്ഷേപിച്ച് , ഉമ്മ ഹരിയുടെ അടുത്തേക്ക് വന്നു.
” ഓ ….. ഇതാണ് …. ഹരി ….” ഹരിയെ ആപാദചൂഢം നോക്കിയിട്ട് ഉമ്മ ചോദിച്ചു .
ഉമ്മയുടെ ഹൃദ്യമായ പെരുമാറ്റം ഹരി പ്രതീക്ഷിക്കാത്തതായിരുന്നു.
ആ വലിയ വീടിൻ്റെ ഉള്ളിലേക്കു നോക്കി ഉമ്മ ഉച്ചത്തിൽ വിളിച്ചു
“നവാ ……….”
ഒരു വേറിട്ട ഈണമായിരുന്നു ആ വിളിക്ക്. തലയിൽ ഇട്ടിരുന്ന തട്ടം ഒന്നുകൂടി ഉമ്മ ഉയർത്തി വച്ചു.
അകത്തെ ഏതോ മുറിയിൽ നിന്ന് ഉടൻ തന്നെ നവാസിൻ്റെ പ്രതികരണവുമുണ്ടായി.
കിണറ്റിൽ നിന്നു കേൾക്കുന്ന ഒരു ശബ്ദം പോലെയായിരുന്നു അവൻ്റെ ശബ്ദം.
”അവനിപ്പ .. വരും … ഹരി അകത്ത് കേറി ഇരിക്ക് ….”
ഇത്രയും പറഞ്ഞ് ഉമ്മ വീടിന് ഉള്ളിലേക്ക് നടന്നു.
ഉണ്ടായിരുന്ന സംശയം കുറേശ്ശയായി കുറഞ്ഞു കൊണ്ടിരുന്നു .
വീടിനു ചുറ്റും അടുക്കളയുള്ള വടക്കു വശമൊഴികെ
മിനുസമേറിയ വരാന്തയുണ്ടായിരുന്നു. ചാഞ്ഞു വീഴുന്ന സൂര്യരശ്മിയേറ്റ് തിണ്ണ പളപളാ തിളങ്ങുന്നു. എന്തു രസമായിരിക്കും കളിച്ച് ക്ഷീണിച്ച് വരുമ്പോൾ പളുങ്ക് പോലുള്ള തിണ്ണയിൽ ഭിത്തിയും ചാരിയിരുന്ന് വേർപ്പാറ്റാൻ .,ഹരി ഓർത്തു.
പറമ്പിൻ്റെ തെക്കുവശം മതിലിനടുത്ത് ഉയർന്നു നില്ക്കുന്ന കോൺക്രീറ്റ് സ്തൂപത്തിനു മുകളിൽ മരം കൊണ്ട് പ്രാവുകൾക്കായി ഒരു കൂട് . ഏറെ വാതിലുകളുള്ള കൂട്ടിൽ നിന്ന് പ്രാവുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
പ്രാവുകളിൽ ചിലത് തൂവെള്ളയാണെന്നതും ഹരി ശ്രദ്ധിച്ചു.
വീടിനു മുന്നിലെ വാതിൽ പടിയിൽ നവാസ് വന്ന് നില്ക്കുന്നത് അപ്പോഴാണ് ഹരി കണ്ടത്. ഹരിയെ കണ്ടതും നവാസിൻ്റെ മുഖത്ത് ഒരു നാണം വട്ടമിട്ടു നിന്നു .
ഹരി മുഖം വെട്ടിച്ച് അവനെ പുറത്തേക്ക് വിളിച്ചു.
വെട്ടി നിർത്തിയ മയിലാഞ്ചിയോട് ചേർന്ന് നിന്ന് ഹരി ചോദിച്ചു.
“വേദനേക്കെ …..
മാറിയാ …”
നവാസ് ചിരിച്ചു കൊണ്ട് മാറി എന്നു തലയാട്ടി.
പിന്നീടാണ് ഹരി അവൻ്റെ ഏറ്റവും പ്രധാന കാര്യം ചോദിച്ചത്.
” നീ …. ഉമ്മയോട് … പറഞ്ഞോ ….”
“എന്ത് ……?.”
” ഡെസ്ക് തള്ളി …. മുട്ടിയ ..”
നവാസ് ഹരിയുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചിരിച്ചു.
” എട ….. പൊട്ടാ …. അത് ഞാൻ പറയുവോട ……”
ഇപ്പോഴാണ് ഹരിക്ക് സമാധാനമായത് .അവൻ മയിലാഞ്ചിയുടെ വളഞ്ഞ് നിന്ന ഒരു കമ്പ് പിടിച്ച് നേരെയാക്കി.
“നവാ ……. എന്താടാ പുറത്ത് തന്നെ നിക്കണേ …. ഹരിയേം വിളിച്ച് അകത്തേക്ക് വാ …..”
പൂമുഖത്ത് നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു.
വീടിന് ഉള്ളിലെ വിശാലമായ ഒരു മുറിയിലേക്കാണ് നവാസ് ഹരിയെ കൊണ്ടുപോയത്. പുസ്തകങ്ങളും പഠന സാധനങ്ങളുമൊക്കെ എത്ര ഭംഗിയായാണ് അവിടെ അടുക്കി വച്ചിരുന്നത് .എന്ത് വൃത്തിയും വെടിപ്പുമായിരുന്നു മുറിക്ക് . മുറിയിലെ മേശമേൽ കുനിഞ്ഞിരുന്ന് ഒരു പെൺകുട്ടി എന്തോ ചെയ്തു കൊണ്ടിരിക്കുന്നു. നവാസിൻ്റെ സൈനബ ഇത്തയാണ് അതെന്ന് ഹരിക്കു മനസ്സിലായി. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നതെന്നും വലിയ പഠിത്തക്കാരിയുമാണെന്നൊക്കെ അവൻ പറഞ്ഞറിയാം . നന്നായി ചിത്രം വരക്കുമെന്നും അവൻ പറഞ്ഞിരുന്നു.
ഇപ്പോ ഇത്ത ഏതോ ചിത്രം വരച്ചു കൊണ്ടിരിക്കുകയാണന്നു തോന്നുന്നു. ഞങ്ങൾ വന്നത് അറിഞ്ഞിട്ടേയില്ല .
“ഇതാണ് ….സൈനുത്താ …”
പടം വരച്ചു കൊണ്ടിരുന്ന സൈനു പെട്ടെന്നു തിരിഞ്ഞു. ഉമ്മയെ പോലെ തന്നെ ഇഷ്ടം തോന്നുന്ന മുഖം .ബാലരമയിൽ കാണുന്ന മാലാഖയുടെ രൂപമായിരുന്നു സൈനുത്താക്ക് .ഇട്ടിരുന്ന ഉടുപ്പിൻ്റെ തോളിലെ തൊങ്ങലുകൾ മാലാഖയുടെ ചിറകുകളായിട്ടാണ് ഹരിക്കു തോന്നിയത്.
ഹരിയുടെ നേരെ നോക്കിയ ശേഷം സൈനു ചോദിച്ചു ..
“ഏതാ ….. ഈ കുട്ടി ….”
നവാസിനെ കൊണ്ട് മറുപടി പറയിക്കാതെ തന്നെ സൈനു പറഞ്ഞു .
“ഹരിയല്ലേ …..”
സൈനുവിൻ്റെ മനോഹരമായ ചിരിക്കൊപ്പം ഹരിയുടെ മുഖത്ത് അത്ഭുതവും വന്നെത്തി.
ഉമ്മ ചായയും പലഹാരവും കൊണ്ടു വന്നു. അരിമുറുക്ക് പൊട്ടിച്ച് ചവക്കുന്നതിനിടയിൽ സൈനു ചോദിച്ചു.
”നല്ല അരിമുറുക്ക് … അല്ലേ … ഹരി … “
ശരിയാണ് ഇത്ര രുചിയുള്ള മുറുക്ക് ആദ്യമായാണ് കഴിക്കുന്നത്.
” ഉമ്മ ഉണ്ടാക്കുന്നതാ ….. ഞാനും സഹായിക്കും… ട്ടോ “
അരിമുറുക്ക് കഷണം വായിലിട്ട് ഞെരിക്കുന്നതിനിടയിൽ സൈനു വീണ്ടും ചോദിച്ചു .
“ഈ … നവാ … ക്ലാസിൽ വല്യ കുസൃതിയാ ….ല്ലേ … “
ഹരിയോടായിരുന്നു അവളുടെ ചോദ്യം .
”ഹേയ് ……” അല്ല എന്ന അർത്ഥത്തിൽ ഹരി തോൾ ചലിപ്പിച്ചു.
” എന്നിട്ടെന്താ ….. പള്ളിക്കൂടത്തി പോവാതെ ഇത്രേം ദിവസം ഇരിക്കേണ്ടി വന്നേ ……”
ഹരിയുടെ ദൃഷ്ടി പെട്ടെന്ന് കിഴ്പോട്ടായി . മുഖമുയർത്തിയപ്പോൾ നവാസ് കണ്ണടച്ചു കാണിച്ചു.
“ഹരി .. നല്ല കുട്ടിയാണെന്ന് ഇവൻ എപ്പോഴും പറയും ട്ടോ …..”
ഹരിയുടെ സന്ദേഹത്തിന് അല്പം അയവു വന്നു.
സൈനുത്താ ഒരു കഥ പറഞ്ഞു തരാമെന്നു പറഞ്ഞു. ഒരാളുടെ മൂക്ക് വളർന്ന് വരുന്ന ഒരു കഥയാണ് ഇത്ത പറഞ്ഞത് . ഒമ്പതാം ക്ലാസിൽ പഠിക്കുവാനുള്ളതാണത്രേ. ഒരു സുൽത്താനാണത്രേ അത് എഴുതിയിട്ടുള്ളത് . എന്ത് രസമുള്ള കഥ.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഹരി തിരിച്ചു പോകണമെന്നത് ഓർക്കുന്നത്. ട്യൂഷനെടുക്കാൻ അശോകൻ ചേട്ടൻ വരും മുമ്പെത്തണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അവൻ പോകുവാനായി എഴുന്നേറ്റു.
സൈനു അപ്പോ വരച്ചു തീർത്ത ഉദയസൂര്യൻ്റെ ചിത്രം നാലായി മടക്കി ഹരിക്കു കൊടുത്തു ,കൂടെ ഒരുപദേശവും. പടത്തിൻ്റെ മടക്ക് മാറിക്കിട്ടാൻ ചൂടുള്ള തേപ്പ് പെട്ടി കൊണ്ട് ഒന്നു തേച്ചാൽ മതിയെന്ന് .
വീടിൻ്റെ ഒതുക്കിറങ്ങി ഹരിയും നവാസും പുറത്തേക്ക് നടന്നു തുടങ്ങി. ഹൈവേ വരെ നവാസും കൂടെയുണ്ടാവും .മുറ്റം കഴിയാറായപ്പോൾ ഹരി ഒന്നു തിരിഞ്ഞു നോക്കി. പൂമുഖത്ത് മാലാഖയും ഉമ്മയും തങ്ങളെ തന്നെ ശ്രദ്ധിച്ചു നില്ക്കുന്നു. സൈനുത്തയുടെ തോളിലെ മനോഹരമായ തൊങ്ങലുകൾ തോളിലൂടെ താഴെക്ക് വീണ് ശരിക്കും ചിറകുകളായി മാറിയിരിക്കുന്നു . നിറചിരിയുമായി ഇത്ത ഹരിക്ക് കൈ ഉയർത്തി ബൈ പറഞ്ഞു കൊണ്ടിരുന്നു.
പൂഴി റോഡിലൂടെ നടക്കുമ്പോൾ ഹരി പറഞ്ഞു ഇത്ത ചോദിച്ചപ്പോ താൻ ചമ്മിപ്പോയെന്ന് . ഇത്തയോടെങ്കിലും ആ സത്യം പറയാമായിരുന്നെന്നും ഹരി പറഞ്ഞു.
”സൈനുത്താക്ക് …. അറിയാം … ഞാൻ പറഞ്ഞു. …:. “
നവാസ് പറഞ്ഞത് കേട്ട് ഹരി പെട്ടെന്ന് സ്തബ്ധനായി . അപ്പോ എല്ലാം അറിഞ്ഞ് വച്ചിട്ടാണ് ഇത്ത സ്നേഹമൊക്കെ കാട്ടിയത്. ഹരി നല്ല കുട്ടിയാണെന്ന് മനപ്പൂർവ്വം പറയുകയായിരുന്നോ …
എല്ലാ കാര്യവും സൈനുത്ത ഉമ്മയോടു പറയുമെന്ന ചിന്ത ഒരു മിന്നൽ പോലെ ഹരിയുടെ ഉള്ളിലൂടെ പാഞ്ഞു.
” ഇനി ….സൈനുത്ത .. ഉമ്മയോട് പറഞ്ഞാലോ ….” ഹരിയുടെ സംശയങ്ങൾക്ക് ഒരവസാനവുമില്ലായിരുന്നു.
” അങ്ങനെയുണ്ടാവില്ലടാ ……”
ഹരിക്ക് വിശ്വാസം വന്നിട്ടില്ല എന്ന് മനസിലായതു കൊണ്ടാവും നവാസ് വീണ്ടും പറഞ്ഞത്
” എട … പൊട്ടാ … സൈനുത്തയാണ് എന്നോട് പറഞ്ഞത് ഈ വിവരമൊന്നും ഉമ്മയോടും ബാപ്പയോടും പറയണ്ടാന്ന്…. “
ഹൈവേ എത്തും വരെ ഹരിക്ക് പിന്നീട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച കാണാം എന്ന് പറഞ്ഞ് ഹരി ഹൈവേ മുറിച്ച് കടന്നു. അപ്പുറത്തെത്തി ഒന്നുകൂടി നവാസിനെ നോക്കി കൈ വീശി കാണിച്ച് അവൻ നടന്നു തുടങ്ങി.
മനസു നിറയെ സൈനബ എന്ന ഒമ്പതാം ക്ലാസുകാരി പെൺകുട്ടിയായിരുന്നു. വിശ്വവിഖ്യാതമായ മൂക്കിൻ്റ കഥ പറഞ്ഞു തരാൻ ഇങ്ങനെ ഒരു ചേച്ചി തനിക്കില്ലാതെ പോയല്ലോ.
എത്ര ഘനപ്പെട്ട മനസുമായാണ് നവാസിൻ്റെ വീടിൻ്റെ പടി കയറിയത്. ആ ഭാരമെല്ലാം അപ്പുപ്പൻ താടികളായി ആകാശത്തേക്ക് പറന്നുയർന്ന് കഴിഞ്ഞു. അപ്പൂപ്പൻ താടിക്ക് നരച്ച നിറമല്ലായിരുന്നു , അവക്കെല്ലാം സൈനു ത്തയുടെ തോൾ തൊങ്ങലിൻ്റെ തൂവെള്ള നിറമായിരുന്നു.
നിരത്തിലൂടെ പായുന്ന വാഹനങ്ങളുടെ ഇരപ്പ്, ഉയരെ പറന്നിരുന്ന അപ്പൂപ്പൻ താടികൾക്കിടയിൽ നിന്ന് ഹരിയെ വീണ്ടും താഴേക്ക് കൊണ്ടു വന്നു.
അവൻ പുറകോട്ട് തിരിഞ്ഞു നോക്കി . അകലെ പൂഴി റോഡ് ഹൈവേയിൽ ചേരുന്നിടത്ത്, നവാസ് അപ്പോഴും അവനെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
എ എൻ സാബു