കയ്ച്ചിട്ടും മധുരിച്ചിട്ടും
ഇറക്കാൻ വയ്യാതെ ,
ജീവിതത്തിൻ്റെ നിഴലിൽ
നീലിച്ചു കിടക്കുന്ന ,
ഒരു കടലിൻ്റെ
രണ്ടറ്റങ്ങളിലാണ്
നാം കണ്ടുമുട്ടുന്നത് ,
കരയിലും വെള്ളത്തിലു
മല്ലാത്തൊരവസ്ഥയിൽ ,
നമ്മൾ പരസ്പരം
ചിരിക്കുന്നു ?
നീ ദുഃഖത്തിൻ്റെ
നടുത്തളത്തിലേക്കിറങ്ങി വന്ന്
എന്നെ പരിചയപ്പെടുന്നു ,
സന്തോഷത്തിൻ്റെ
ദ്രവിച്ച വിരലുകൾ കൊണ്ട്
ഞാൻ ,
ഞാനെന്ന ചതുപ്പിലേക്ക്
നിന്നെ വലിച്ചു കയറ്റുന്നു ,
ദൂരെ ……,
രാത്രിയുടെ പടിഞ്ഞാറ് ,
നമുക്കിടയിലെന്തെന്ന് ?
ഒരു ചോദ്യം
ഉദിച്ചു വരുന്നു ,
നമ്മൾ ജനിച്ചിട്ടില്ലെന്ന്,
എല്ലായിടത്തും
ഇരുട്ട് പരക്കുന്നു
എൻ്റെ നിഴലുപോലുമില്ലാതെ
നീ തിരിച്ചു പോകുന്നു ,
നീയുണ്ടായിരുന്നിടത്ത്
നിൻ്റെയോർമ്മകൾ പോലെ
മുൾച്ചെടികൾ മുളയ്ക്കുന്നു .
അനസ്ത്യേഷ്യയുടെ
മരവിപ്പ് മാറുംപോലെ
ജീവിതമെന്ന വേദനയിലേക്ക് ,
വീണ്ടുമുണരുമ്പോൾ ,
വർഷങ്ങളോളം
നമ്മളേതോ
മരവിപ്പുകളുടെ ലോകത്ത്
ഒന്നിച്ചുണ്ടായിരുന്ന പോലെ .

By ivayana