കസേരയിൽ ചാരിയിരിയ്ക്കുമ്പോൾ
കണ്ണു നിറയെ പവിഴപ്പുറ്റുകൾ
ഒരു കടലിൽ അകപ്പെട്ടു പോയ
അരാഷ്ട്രീയവാദിയുടെ
ശ്വാസം നിലച്ചപ്പോലെ
നീലിച്ച ഘടികാരം.
ഒച്ചയുണ്ടാക്കാതെ
മുട്ടയിടാൻ പോകുന്ന കോഴി
മുട്ടകൾക്ക് അമ്മച്ചൂടുനല്കി
തിളച്ചുമറിയുന്ന കട്ടൻ കാപ്പി പോലെ
അവളുടെ ആശങ്ക കൂടുന്നു.
തകർന്ന വിമാനത്തിൽ ജീവിച്ചിരുന്നവരുടെ
കാതിൽ മായാത്ത നിലവിളിയായിരുന്നു
കലാപത്തിൽ വെന്തുമരിക്കും വരെ
ജീവിച്ചിരുന്നവൻ്റെ നിലവിളി.
കാറ്റുനിറച്ച ബലൂൺ പൊട്ടിയതുപോലായി
അവളുടെ സങ്കല്പങ്ങൾ തകർന്നപ്പോൾ
കരിനീല നിറമുള്ള ആകാശം
ചിത്രകാരൻ്റെ ഭാവനയെ തോല്പ്പിക്കുന്നു.
വാവക്കൂത്തു കളിയിലെ
കളിയ്ക്കാർ മറവിൽ തടവിലാക്കപ്പെടുന്നു.
വെളിച്ചം കെട്ടുപോയ
ഉത്സവപ്പറമ്പിലെ പ്രണയനോട്ടങ്ങൾക്കിടയിൽ
ഇരുട്ടിൻ്റെ വിടവുകൾ
അപ്പോഴും
നനച്ചിട്ട രണ്ടു ബെറ്റിക്കോട്ടിൽ
മായാതെ രക്തപാടുകൾ
ഒരു ദേശത്തിൻ്റെ കഥ രചിക്കുന്നു.
ഇതിഹാസത്തിലെ കരിമ്പനകൾ
ആർത്തു കരയുന്നു
ഈ കസേരയിൽ
ചാരിയിരിക്കുമ്പോൾ
എന്നെ ബാധിച്ചപ്രേതങ്ങൾ
പലതും പറയിപ്പിക്കുന്നു.
നിങ്ങൾ മരിച്ചതുകൊണ്ട് പ്രതികരിക്കാതെ
മാറി നില്ക്കുന്നതിൽ എനിക്ക് പരാതിയില്ല.
ഈ കസേരയാണ് എല്ലാറ്റിനും കാരണം.
ചാരാനും
ചിന്തിയ്ക്കാനും
ഉറങ്ങാനും, ഉപ്പേരി തിന്നാനും
ഉണ്ണിയെ കാലിലിരുത്തി തൂറിയ്ക്കാനും
ഈ കസേര മതി
ദാ, കസേര ഇവിടെത്തന്നെയുണ്ട്
വന്നൊന്നിരുന്ന് നോക്ക്
നിങ്ങളും ചിന്തിച്ച് മരിക്കും
‘ചന്തി വെക്കും കസേരതൻചിന്തയ്ക്ക്
ചാട്ടുളി പോലെ വേഗത ‘

………….. താഹാ ജമാൽ

By ivayana