അകന്നകന്നുപോയിട്ടേറെ നാളുകളായെൻ
ദൃഷ്ടിഗോചരത്തിൽ നിന്നെങ്കിലും
അകന്നു പോകില്ലകക്കണ്ണിൽ നിന്നുമെൻ
ഗ്രാമ സൗന്ദര്യങ്ങളും സ്നേഹസൗഹാർദ്ദങ്ങളും..
പുലർവെളിച്ചമെത്തും മുൻപുണർത്തും കുക്കുടങ്ങളും
കുളിരാൽ കിടുകിടെ വിറപ്പിക്കും നീഹാരപ്പുലരികളും
പുലരിത്തുടുപ്പിലെ പുഴയോരക്കാഴ്ചകളും
പവനന്റെ തഴുകലിൽ ആടിപ്പാടുമില്ലിക്കാടുകളും
മറക്കുവതെങ്ങനെ…
കാട്ടുചെടികൾ പൂത്തുനിൽക്കും നാട്ടുവഴിയോരങ്ങളും
കാത്തിരുന്നു പൂവിടും കൈതപ്പൂവിൻ സുഗന്ധവും
കനക കാന്തിയോടെ നിൽക്കും കതിർമണിക്കുടങ്ങളും
കുമുദങ്ങൾ പൊന്തിനിൽക്കും വയൽക്കുളത്തിൻ ചാരുതയും
മറക്കുവതെങ്ങനെ…
ഇല്ലായ്മകളിൽ കണ്ടെത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങളും
വല്ലായ്മകളിൽ വന്നെത്തിയ കരുണാർദ്ര ചിത്തങ്ങളും
പങ്കിട്ടു നൽകിയോരളവില്ലാ സ്നേഹ സമ്പത്തും
പരസ്പരമറിഞ്ഞു ജീവിച്ചോരാ നല്ല നാളുകളും
മറക്കുവതെങ്ങനെ…

By ivayana