നീ വന്നെങ്കിൽ ഉണ്ടെങ്കിൽ എൻ ചാരെ
മാരിവില്ലിൻ സ്വർഗീയ ചാരുത പാരം
പാരിനെ പൊതിയുന്നു പരിശുദ്ധ സ്നേഹവും
പരിമളം പരത്തുന്നു കുളിരിളംതെന്നൽപോൽ.
കാണുവാനെന്തിനീ കണ്ണുകളെൻ നാഥാ !
എല്ലാം കാണുന്ന നിൻ കണ്ണെന്മേലില്ലേ?
കേൾക്കുവാനെന്തിനു കാതുകളെൻ നാഥാ !
എല്ലാം കേൾക്കുന്ന നിൻ മനസ്സാണെൻ കാത് ?
ദർശനത്തിനെന്തിനു മറ്റൊരുരൂപം, നാഥാ !
കാണുന്നതെല്ലാം നിൻ വിശ്വരൂപമാം
കേൾക്കുവാനെന്തിനു മറ്റൊരിമ്പസ്വരം
കേൾക്കുന്നതെല്ലാം,നിൻ സ്വാനമല്ലോ?
സുഗന്ധമായ് നീയെൻ സമീപമുണ്ടെങ്കിൽ
എന്തിനെനിയ്ക്കുവേണമെൻ നാസിക
കോടികോടി പുഷ്പ സുഗന്ധം പേറുന്ന
വിശ്വപൂവാടിയിൽ, നാഥാ, നിൻ ഗന്ധമേ.
തേടുവതെന്തിനു മറ്റൊരാദ്രഹൃദയം
നീയെന്നുമെൻ ലോല ഹൃദയസ്പന്ദമാം
എൻ ഹൃദയവിപഞ്ചിക മനോജ്ഞം മീട്ടുക
ഒരപൂർവ സ്നേഹരാഗലയധാരയായ്.
മീട്ടുവതെന്തിനു മറ്റൊരു സ്‌നേഹരാഗം
പാടുവതെല്ലാം നിൻ അനുരാഗ ഗാനമാം
തപിക്കുവാനെന്തിനു മറ്റൊരു ഹൃദയവും
താപസ്സനാം നിൻ കൃപാകടാക്ഷമില്ലേ?
പാടുവാൻ മറ്റൊരു രസനയെന്തിനു,നാഥാ !
ഈ പ്രപഞ്ചമാകെ നിൻ പുകൾ പാടവേ
കൂടുവാനെന്തിനു മറ്റുള്ള കളികൂട്ടുകാർ
കൂട്ടായ് സദാ നീയെൻ കൂടെയുള്ളപ്പോൾ.
ആരാധനയ്‌ക്കു മറ്റു മൂർത്തികളെന്തിനു
നിൻ പ്രതിഷ്ഠയെൻ ഹൃദയത്തിലാകുകിൽ
നിന്നെ നിനയ്ക്കുമെൻ മനമെന്നുമെന്നും
നിന്നെയോർത്തു കനവുകൾ നെയ്യുന്നു .
നിൻ ശ്വാസമെൻശ്വാസം,ജീവനു തുല്യം
വിശ്വത്തിൻനാഥന്റെ ഉഛ്വാസ, മമൂല്യം
നിന്നെ വിശ്വസിയ്ക്കുമെൻ മനസാഫല്യം
നിന്നെധ്യാനിച്ചു നേടുന്നു കൈവല്യം.
തോമസ് കാവാലം