നീയിതു കാണണം നീയിതു കേൾക്കണം
നേരിന്റെ പാതയിലെന്നേ നടത്തണം
നോവിന്റെ വേളകൾ നീളാതെ കാക്കണം
നീ തന്നെ സർവ്വവും തമ്പുരാനേ…..
പൂർവ്വാംബരത്തിലുദിക്കും ദിവാകരൻ
പൂർണ്ണമാം ശോഭയിലാഗമിക്കേ
നേരായ ചിന്തകളെന്നിൽ നിറയ്ക്കണേ
നീളേ, ദിനത്തിൽ നീ കൂട്ടിരിക്കൂ
രാഗമാകേണമെൻ ഭാവം നിരന്തരമേറാതെ
കാക്കണം, നീ വെറുപ്പെന്നിലായ്
കൂടാതിരിക്കണം വന്യതയേറ്റുന്ന
ക്രൂര ഭാവങ്ങളെൻ മാനസേയെൻ വിഭോ
നന്മചെയ്യാനെനിക്കേക നീ കൈക്കരുത്തെ-
ന്നുമെൻ കൈകളിൽ നന്മനിറയ്ക്ക നീ
തിന്മതൻ പാതയിലെന്നേ നടത്താതെ
വന്മതിലായി നീ കാവലാളാകുക
നന്മയിലുന്മേഷമേറും മനസ്സൊന്ന് വൻ-
കൃപ തോന്നി നീയെന്നിലുണർത്തുക
ചിന്മയരൂപനേ നിന്മുഖം കണ്ടു ഞാനെ-
ന്നും ദിനത്തെ തുടങ്ങാൻ കടാക്ഷിക്ക
ഉത്തരം കിട്ടാസമസ്യയിലൊക്കെയും
ഉത്തരമായി നീ ചിത്തേ വസിക്കണം
ഒട്ടും തമസ്സെന്റെ ഹൃത്തിൽ വസിക്കാതെ
നിത്യം വെളിച്ചത്തിലെന്നേനയിക്കണം
വിശ്വത്തിലേവരുമന്യരേയല്ലെന്ന വിശ്വാ-
സമെന്നിൽ നീ രൂഢമായ് മാറ്റുക !
വിശ്വപ്രകൃതിക്കു ദോഷംഭവിക്കുന്ന
ദുഷ്കൃതമെന്നിൽ വളരാതെ കാക്കണം
ത്വൽകൃപയെന്നെ നയിക്കട്ടെ നിത്യവും
സദ്ഗുരുവായി നീയുളളിൽ വിളങ്ങുക
നന്മതൻ ദീപം ജ്വലിച്ചു നിന്നീടുവാൻ
ഇന്ധനമായി നീയെന്നും നിറയുക
നീ തന്നെ ജീവനും സത്യവും മാർഗ്ഗവും
നീ തന്നെയെന്റെയീ പ്രാണനും ത്രാണിയും
നീ തന്നെ താപവും വായുവും തന്നെന്നെ
നേർവഴികാട്ടുന്ന സത്യസ്വരൂപവും
അജിത്.എൻ.കെ -ആനാരി