ദൈവത്തിന്റെ നെഞ്ചിലൊരു
കൊടുങ്കാറ്റ് നീറി നീറി
ഒതുങ്ങി കിടക്കുന്നുണ്ട്.
ഇടയ്ക്കിടെ അവ ഭൂമിയിലേക്ക്
എത്തിനോക്കും.
പരിധി വിട്ട് പുറത്തേക്ക് ചാടുന്ന
കൊടുങ്കാറ്റിനെ ദൈവം
ഉള്ളംകയ്യിലൊതുക്കി നിർത്തും
തിന്മകൾ പൂത്ത് നിൽക്കുന്ന
ഭൂമിയുടെ മടക്കുകളിൽ
ചോരയിൽ ചവിട്ടി
ആൾക്കൂട്ടം വഴി പിരിയവെ
നിലവിളികളിൽ പടുത്ത
വഴി പിഴച്ച ചിന്തകൾ
കോർത്ത രാവണജന്മങ്ങൾ
ചവിട്ടി മെതിക്കപ്പെട്ട ധർമ്മത്തിന്റെ
കരള് പിഴുതെടുത്ത്
ഭൂമിയും ആകാശവും അളന്നെടുത്ത്
പ്രപഞ്ചത്തിന് വില പറഞ്ഞ്
വിരൽത്തുമ്പിലാണ്
ലോകമെന്ന് നിനച്ച്
ദൈവത്തിന്റെ നെഞ്ചിൽ
കനല് കോറി വരയുന്നു.
കൃഷ്ണനെയും യേശുവിനെയും
മുഹമ്മദ്‌നബിയെയും
സൃഷ്ടിച്ച ദൈവം
വഴികൾ പിരിയുന്നിടത്ത്
അവരകന്നകന്ന്
നിൽക്കുന്നത് കണ്ട്
അശാന്തിയുടെ താളക്കേടിന്
മീതെ പറന്ന ചിറകടിയൊച്ചകളിൽ
നെഞ്ച് പൊട്ടി നമുക്ക് നേരെ
തീക്കണ്ണുകളെറിയുന്നു.
അവരടയാളപെടുത്തിയ
തത്വശാസ്ത്രങ്ങൾ വളച്ചൊടിച്ച്
വിള കൊയ്യുന്ന ജന്മങ്ങളെ
നിങ്ങൾ ചോദ്യം ചെയ്യപ്പെടും.
വക്ക് പൊട്ടിയ ജീവിതത്തിന്റെ
കാണാപ്പുറങ്ങളിൽ
വിശന്ന നിലവിളികൾ കൊത്തിവച്ച
മുഖങ്ങൾ കാണാതെ
ദേവാലയങ്ങളിലേക്ക്
ഒഴുകുന്നവരെ
കാണാതെ പോവരുത്
പള്ള പൊള്ളി കരള് കത്തുന്ന
കാഴ്ചകൾ.
സൃഹൃത്തെ വിലാപങ്ങളിൽ
തല ചായ്ച്ചുറങ്ങുന്ന
ഭൂമിയുടെ നെഞ്ചിലേക്ക്
സമത്വത്തിന്റെ വാതിൽ
മലർക്കെ തുറന്ന്
മതങ്ങളില്ലാത്തൊരു
ലോകത്തെക്കുറിച്ച്
ഞാനിപ്പോൾ സ്വപനം കാണുന്നു.

( ഷാജു. കെ. കടമേരി )

By ivayana