അവധിയായതിനാൽ സ്വസ്ഥമായൊന്നു ഉറങ്ങാമെന്നു കരുതിയതാ, അപ്പോഴാണ് നേരം പുലരും മുൻപ് മീൻ വണ്ടിക്കാരുടെ നിർത്താതയുള്ള ഹോൺ…. കർണ്ണപുടങ്ങളെ തുളച്ചു കയറി എന്റെ ഉറക്കത്തെ കവർന്നത്!.
ഇനി എന്തായാലും എഴുന്നേൽക്കാം വണ്ടി ഒന്ന് കഴുകി വൃത്തിയാക്കണം!മഴയില്ലാത്തതിനാൽ പൊടിതട്ടി കൊണ്ട് ഓടിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…
മുറിതുറന്ന് പുറത്തിറങ്ങുമ്പോൾ നേരം
ശരിക്കും പുലരുന്നതെയുള്ളൂ…അമ്മയും അച്ഛനും രാവിലെ എഴുന്നേറ്റ് എവിടെയോ
പോകാനുള്ള ഒരുക്കത്തിലാണെന്നു തോന്നുന്നു…
എന്നെ കണ്ടതും അമ്മ അകത്തു പോയി ചായ എടുത്ത് വന്നു…
“നീ ഞായറാഴ്ച രാവിലെ എഴുന്നേറ്റു തുടങ്ങിയോ!അതൊരു വലിയ മാറ്റമാണല്ലോ!”. അച്ഛന്റെ കമന്റ് കേട്ട് ഞാൻ പറഞ്ഞു..
“അത് ആ മീൻ വണ്ടിയുടെ ഹോൺ കാരണം ഉറക്കം പോയതാ “…
“എവിടെയാ രണ്ടാളും കൂടെ?”
“അതോ… നിന്റെ അമ്മയ്ക്ക് കുറെ ദിവസമായി ഒരു പശുവിനെ വാങ്ങി വളർത്തണമെന്ന് മോഹം ” അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു…
“അപ്പോൾ കോഴി വളർത്തൽ നിർത്തിയോ?”.
“ഏയ് ഇല്ല! അതുമുണ്ട്!, ഇന്നിപ്പോൾ പശു തൊഴുത്തിൽ പണിയുവാൻ ജോലിക്കാർ വരും, നീ ഇവിടെ ഉണ്ടാവണം, ഞങ്ങൾ വന്നിട്ട് നിനക്ക് പോകാം “.
രാവിലെ പോസ്റ്റ് ആയല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…
“നിനക്ക് എവിടെയെങ്കിലും അത്യാവശ്യമായി പോകേണ്ടതുണ്ടോ?”അച്ഛൻ ചോദിച്ചു.
“ആ സബീർ ഇന്നലെയും വിളിച്ചിരുന്നു.. അവർക്കൊരു പുതിയ വാടക വീട് കണ്ടു പിടിയ്ക്കണം “.ഞാൻ പറഞ്ഞത് കേട്ട് അമ്മ ചോദിച്ചു..
“ഇപ്പോൾ താമസിക്കുന്നിടത്തു എന്താ, എല്ലാ സൗകര്യവും ഉള്ളതല്ലേ പിന്നെന്താ “
“അമ്മേ അവൻ സ്റ്റേജ് ആർട്ടിസ്റ്റ് അല്ലെ? കഴിഞ്ഞ എത്ര മാസമായി ഒരു പ്രോഗ്രാം പോലും ഇല്ലാതെ വെറുതെ നില്കുന്നു.. അപ്പോൾ വാടക സമയത്തിന് കൊടുക്കാനും കഴിയുന്നില്ല.ഹൗസ്
ഓണർക്ക് ആകെയുള്ള വരുമാനം ഈ വാടകയാണ്!അങ്ങനെ വീട് ഒഴിഞ്ഞു കൊടുക്കാൻ പറയുന്നു “..ഞാൻ പറഞ്ഞത് കേട്ട് അമ്മ അച്ഛനെ നോക്കി.
“ഇന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിയ്ക്കുന്നത് നമ്മുടെ കലാകാരന്മാർ ആണ്!കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ആരും ഇന്ന് അവരെ സഹായിക്കുവാൻ ഇല്ലല്ലോ “. അച്ഛൻ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി..
“എത്രയെങ്കിലും ദിവസം കൂട്ടായ കഠിനശ്രമം കൊണ്ടാണ് നല്ലൊരു സ്റ്റേജ് ഷോ സെറ്റ് ചെയ്തെടുക്കുന്നത്!. ഒത്തിരി കുടുംബങ്ങളിൽ അത്താണി ആണെങ്കിലും ഇതുപോലെ വറുതികൾ വരുമ്പോൾ ആരും കാണാതെ പോകുന്നതും കലാകാരന്മാരെയാണ്!”അച്ഛൻ അല്പം ഈർഷ്യയോടെയാണ് പറഞ്ഞത്!.
“നമ്മൾ പോയിട്ട് പെട്ടെന്ന് വരാം!. ആ ബ്രോക്കർ തങ്കപ്പൻ ഒന്ന് രണ്ടിടത്തു നോക്കി വെച്ചിട്ടുണ്ട്, അതിനാൽ താമസിക്കില്ല!”.അച്ഛൻ അതുംപറഞ്ഞിട്ട് അകത്തുപോയി കുടയുമെടുത്തു പോകാനിറങ്ങി..
നല്ല തെളിഞ്ഞ അന്തരീക്ഷം, കുറച്ചു ദിവസം മഴയും വെയിലും എല്ലാം കൂടി വല്ലാത്ത ഒരവസ്ഥ ആയിരുന്നു..
നിറയെ പൂത്തു നിന്ന മാമ്പൂ മൊത്തം മഴയത്തു കൊഴിഞ്ഞു പോയതിനു അമ്മയ്ക്ക് ഒത്തിരി സങ്കടം പറച്ചിലായിരുന്നു. അല്ലെങ്കിൽ മാമ്പഴം ആവുമ്പോൾ എന്നും മാമ്പഴപുളിശ്ശേരി ഊണിന് കൂട്ടായ് ഉണ്ടാകും.. അതോർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും..
വണ്ടി കഴുകികൊണ്ട് നില്കുമ്പോൾ തൊഴുത്തു് കെട്ടുന്ന ജോലിക്കാർ എത്തി. അച്ഛൻ നേരത്തെ തന്നെ എല്ലാം ഏർപ്പാട് ചെയ്തതിനാൽ എനിക്ക് പ്രത്യേക റോൾ ഒന്നും ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും എന്തോ ഇത്തരം കാര്യങ്ങളിലൊന്നും വലിയ അവബോധം എനിക്കെന്നല്ല, എന്റെ ജനറേഷന് ഉണ്ടെന്ന് തോന്നുന്നില്ല!.മിക്കവാറും എന്റെ ഈ ഉത്തരവാദിത്വമില്ലായ്മയ്ക്ക് അച്ഛൻ ശകാരിക്കാറുണ്ട്!എന്നിട്ടും ഞാൻ നന്നായില്ലല്ലോ!. ഓർത്തപ്പോൾ വെറുതെ ചിരിച്ചുപോയി.
അച്ഛൻ എപ്പോഴും പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ഇവൻ പെണ്ണ് കെട്ടി ഒരു കുടുംബം ആവുമ്പോൾ ശരിക്കുംപഠിക്കും”.
അതുകേൾക്കുമ്പോൾ ഞാൻ ആ പരിസരത്ത് നില്ക്കില്ല.കൂടുതൽ നിന്നാൽ അച്ഛൻ ഉപദേശിച്ചു പതം വരുത്തിക്കളയും..
കുളിച്ചു റെഡിയായി വന്നപ്പോൾ വിശപ്പ്
പുകഞ്ഞു തുടങ്ങിയിരുന്നു..മേശപ്പുറത്ത് അമ്മ എല്ലാം ശരിയാക്കി വെച്ചിരുന്നു..അതെടുത്തു കഴിച്ചു പുറത്ത് വന്നു പത്രം നോക്കിയിരിക്കുമ്പോൾ പാർട്ടിക്കാർ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും കൊണ്ട് ഗേറ്റ് കടന്ന് വരുന്നത് കണ്ടു. രണ്ട് മൂന്ന് പേരെ ഉള്ളൂ, മുൻപ് ഒരു കുതിരയെടുപ്പിനുള്ള ആൾക്കാർ കൂടെ ഉണ്ടാകും.
ജോലി കിട്ടുന്നതിന് മുൻപ് ഞാനും യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നതിനാൽ ഇവിടുത്തെ വോട്ട് ആർക്കാണെന്നു അവർക്കറിയാം..
“സാറിനെയും, അമ്മയെയും വഴിയിൽ വെച്ച് കണ്ടിരുന്നു. ഇന്ന് വന്നാലല്ലേ നിങ്ങളെ പ്പോലുള്ളവരെ കാണാൻ പറ്റുള്ളൂ.. അതാ.”
ഞാൻ ചിരിച്ചു നിന്നത്തെയുള്ളൂ…
അവർ പോയിക്കഴിഞ്ഞപ്പോൾ എന്റെ മൊബൈൽ റിങ് ചെയുന്നത് കേട്ട് ഞാൻ പെട്ടെന്ന് റൂമിൽ കയറി ഫോൺ എടുത്തു..
അപ്പോഴേക്കും കട്ട് ആയി..
സബീർ ആണല്ലോ വിളിച്ചത്…എന്നെ കാണാത്തത് കൊണ്ട് വിളിച്ചതാകും, പാവം എന്റെ കൂടെ പഠിച്ചതാണ്.. കോളേജിൽ ബെസ്റ്റ് ആക്ടർ പട്ടം എന്നും അവനവകാശപ്പെട്ടതായിരുന്നു.ഇന്നിപ്പോൾ സുഖിമില്ലാതെ കിടപ്പിലായ ബാപ്പയും, ഉമ്മയും അവന്റെ വരുമാനം മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.പ്രോഗ്രാം ഉള്ളപ്പോൾ ഒന്നിനും ഒരു കുറവും ഉണ്ടാകാതെ അവൻ നോക്കി.ഇന്ന് എല്ലാം തകിടം മറിഞ്ഞു.. ഞാൻ തിരിച്ചു വിളിച്ചു.
അവൻ ഫോൺ എടുത്തുടനെ ഞാൻ പറഞ്ഞു.. “അച്ഛനും, അമ്മയും, ഒരിടം വരെ പോയി അവർ വന്നാലുടനെ ഞാൻ അങ്ങെത്തും..”.
“എടാ അതല്ല നീ വരേണ്ട. സാർ വന്ന് ഹൗസ് ഓണറെ കണ്ടു സംസാരിച്ചെല്ലാം ശരിയാക്കി.ഇനി നമുക്ക് ഇഷ്ടമുള്ളത് വരെ ഇവിടെ താമസിച്ചോളാൻ,” “സത്യത്തിൽ വിഷ്ണു –സാറിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല “.. എന്റെ തോളിൽ തട്ടിയിട്ട് സാറ് പറയുകയാ..
“വിഷ്ണു വിഷമിക്കുന്നത് പോലെയാ നിന്റെ വിഷമം കണ്ടാലും എനിക്ക് തോന്നുകയെന്നു “
“അമ്മ രണ്ട് കിറ്റ് നിറയെ എന്തൊക്കെയോ വാങ്ങിക്കൊണ്ടു വന്ന് എന്റെ ഉമ്മയെ ഏൽപ്പിക്കുന്നതും കണ്ടു.”
അവന്റെ ശബ്ദം ഇടറുന്നത് പോലെ എനിക്ക് തോന്നി..
“എടാ അതിനെന്താ… നിനക്ക് സമാധാനം ആയല്ലോ!.എന്നാലും എന്നോട് ഒന്നും പറയാതെ ഉള്ള അച്ഛന്റെ കരുനീക്കം എന്നെ ഞെട്ടിച്ചു. ഇങ്ങു വരട്ടെ…”
ഞാൻ നോക്കുമ്പോൾ പുറത്ത് ഒരു ടെമ്പോ വന്നു നിന്നു. അതിൽ വലിയൊരു പശുവും, കൂടെ വളിച്ച ചിരിയുമായി ബ്രോക്കർ തങ്കപ്പണ്ണനും ഉണ്ട്!
അതിന് പുറകെ ഓട്ടോയിൽ അച്ഛനും, അമ്മയും വന്നിറങ്ങി…
എന്നെ കണ്ടതും അച്ഛൻ ചിരിച്ചു… ഞാൻ അടുത്ത് ചെന്ന് പറഞ്ഞു
“സബീർ വിളിച്ചിരുന്നു, അവന് വലിയ സന്തോഷമായി!, എന്നാലും അച്ഛൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ “.
“എടാ അത് നടക്കുമോ എന്നറിയാതെ വെറുതെ പ്രതീക്ഷ കൊടുക്കണ്ടെന്നു കരുതിയാ നിന്നോട് പറയാതിരുന്നത്!”
“നിന്റെ ഈ പ്രായത്തിൽ അവൻ ആ കുടുംബം പൊന്ന്പോലെ നോക്കുന്നത് കാണുമ്പോൾ അറിയാതെ ബഹുമാനിച്ചു പോകും “.അച്ഛൻ പറഞ്ഞു.
എന്റെ മനസ്സിൽ സന്തോഷം പൂമഴയായി പെയ്തിറങ്ങി..
കൊച്ചു കുട്ടിയെ പ്പോലെ അച്ഛന്റെ വിരലിൽ പിടിച്ചു ഞാനും ഉമ്മറത്തേക്ക് നടന്നു….
മോഹൻദാസ് എവർ ഷൈൻ.