ആൾപൊക്കം മതിലുണ്ട്
ഇരുമ്പിന്റെ ചക്രം വച്ച ഗേറ്റും
തൊപ്പിവച്ച പാറാവുണ്ട്
അതിനടുത്തായി
ഇംഗ്ലീഷിലും മലയാളത്തിലുമായി
എഴുതി വച്ചിട്ടുണ്ട്
‘പട്ടിയുണ്ട് സൂക്ഷിക്കുക’.
അയ്യോ!
പട്ടികൾക്ക് താമസിക്കാൻ
ഇത്രയും വലിയ വീടോ..!!


ചെളിയുണ്ട്
തെറിക്കാതെ നോക്കണം
മുള്ളുണ്ട്
തറയ്ക്കാതെ സൂക്ഷിക്കണം
കമ്പിയുണ്ട്
കോറാതെ നോക്കി പോണം
വിഴിയിൽ ചെക്കിങ് ഉണ്ട്
ആ വഴിക്ക് പോകണ്ട..!!


ഇത് എന്തുട്ട് കവിത ല്ലേ
സാധാരണ വാക്കുകള്
ചേർത്ത്‌ കുട്ടികള് എഴുതിയ പോലെ;
മറ്റതാണ് സൂപ്പർ കവിത
സംഗതി അടിപൊളി എഴുത്താ
ഒന്നും മനസ്സിലായില്ലെങ്കിലും..!!


അയാള് വല്ല ബംഗാളിയുമാവും
ഡ്രസ്സും നടത്തവുമൊക്കെ കണ്ടില്ലേ;
അല്ല മലയാളിയാ
അയാളുടെ കൂടെയുള്ളവരാണ് ബംഗാളികൾ..!!
~~~~
വി.ജി മുകുന്ദൻ

By ivayana