രാഘവേട്ടന്റെ, നടന്നാൽതീരാത്തത്രയും അതിവിശാലമായിട്ടുള്ള പറമ്പുകൾ നനക്കുന്നത് മണലിപ്പുഴയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ മോട്ടോർ പമ്പ് ഉപയോഗിച്ചിട്ടായിരുന്നു. ഈ മോട്ടോർ പുരയും പമ്പും നോക്കി നടക്കുന്നതാണ്, അവിടുത്തെ കാര്യസ്ഥനായിരുന്ന എന്റെ അച്ഛച്ഛന്റെ പ്രധാന പണി. വേനൽക്കാലം വരുന്നതോടെ മിക്കവാറും മോട്ടോർ പുരയിൽ തന്നെയാവും ഏറെ സമയം അച്ഛച്ഛൻ ചിലവിടുന്നത്. ഇടയ്ക്ക് ഉച്ചക്ക് വീട്ടിൽ വരും. അല്ലെങ്കിൽ രാഘവേട്ടന്റെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ട് പോവും. ചിലപ്പോഴൊക്കെ രാത്രിയും മോട്ടോർ പ്രവർത്തിക്കും. എങ്കിലും ആ ദിവസങ്ങളിൽ സന്ധ്യക്ക്മുൻപ് വീട്ടിലൊന്ന് വന്നിട്ടേ, തിരിച്ച് മോട്ടോർ പുരയിലേക്ക് പോവൂ. പിന്നെ രാത്രി പത്തുമണിയോ പതിനൊന്ന് മണിയോ കഴിഞ്ഞാവും മടക്കം.

എങ്കിലും ചില ദിവസങ്ങളിൽ സന്ധ്യക്ക് മുൻപ് അച്ഛച്ഛന് വീട്ടിലെത്താൻ പറ്റാറില്ല. ഇരുട്ട് വീണ് തുടങ്ങിയിട്ടും അച്ഛച്ഛൻ എത്തിയില്ലെങ്കിൽ അമ്മമ്മ (അച്ഛമ്മയായിരുന്നുവെങ്കിലും അമ്മമ്മയെന്നാണ് വിളിച്ചിരുന്നത്) വെപ്രാളപ്പെടാൻ തുടങ്ങും. വീടിന്റെ ഇറയത്തിരുന്ന് “അപ്പനിതുവരെ വന്നില്ലല്ലോ…അപ്പനിതുവരെ വന്നില്ലല്ലോ” എന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടേയിരിക്കും. ഇടക്കിടക്ക് മുറ്റത്തിറങ്ങി താഴെ വഴിയിലേക്ക് നോക്കിതിരിച്ചു വരും. എന്റെ അമ്മയോ ഇളയമ്മയോ ചിലപ്പോ തൊട്ടടുത്ത് എന്തെങ്കിലും പണികൾ ചെയ്തു നിൽക്കുന്നുണ്ടാവും. അമ്മമ്മ കുറെ പുലമ്പുമ്പോൾ ‘അമ്മ എന്തിനാ ഇങ്ങനെ പെടക്കണത്….? അപ്പൻ ഇള്ളകുട്ട്യോന്നും അല്ലല്ലോ.. ഇങ്ങു വന്നോളും.” എന്നവർ പറയുന്നത് കേൾക്കാം.

കുറച്ച് നേരം കഴിഞ്ഞാൽ അമ്മമ്മയെ പൊടുന്നനെ കാണില്ല. “തള്ള അപ്പനെ തിരക്കി പോയോ ഈ ത്രിസന്ധ്യക്ക്! ആ..പോയിട്ട് വരട്ടെ… ഇത്രേം പ്രായമായിട്ടും ഒരു നേരം കാണാതാവുമ്പോഴേക്കും എന്താ വെപ്രാളം”. ഇതും പറഞ്ഞ് അമ്മയും ഇളയമ്മയും ചിരിക്കും. അച്ഛച്ഛൻ വരാൻ വൈകുന്നു. അമ്മമ്മ തിരക്കി പോകുന്നു. അതിനെന്താ ഇത്ര ചിരിക്കാനുള്ളതെന്ന് പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്.

“പണ്ട് നമ്മുടെ പാറക്കുഴിയിൽ മീൻ പിടിക്കണ കാലത്ത്, രാത്രി കാവലിന് അപ്പൻ വെച്ചു കെട്ടുന്ന മാടത്തിലേക്ക്, ഒരു ചൂട്ട് കറ്റയും കൊണ്ട് ഈ ദൂരമത്രയും ഒറ്റക്ക് പോയിരുന്ന മുതലാണ് അമ്മ. അങ്ങനെ പോയിട്ട് പിന്നെ പിറ്റേന്ന് രാവിലെയാണ് രണ്ടുംകൂടി വരാ. ഹോ.. എന്താ ധൈര്യാലേ….നമ്മുക്ക് പകലെന്നെ പോവാൻ പേട്യാവും. .” അടുക്കളപ്പുറത്ത് അങ്ങനെ കേട്ടിരുന്ന സംസാരത്തിലും ചിരിയിലും അശ്ലീലതയുടെ വൃത്തികെട്ടൊരു ആവരണമുണ്ടായിരുന്നുവെന്ന് പിന്നെയുമേറെ കാലംകഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. “ഒരു പ്രായമായാൽ കുറച്ചൊന്ന് ഒതുങ്ങണം. മക്കളെ കെട്ടിച്ച്, അവർക്ക് കുട്ട്യോളായി… ദേ…കുട്ടികൾ അടുത്തുള്ളതോണ്ട് കൂടുതലൊന്നും പറയുന്നില്ല…”എന്നിങ്ങനെയുള്ള മുറുമുറുപ്പുകൾ പിന്നെയും ഞാൻ കേട്ടു. “എന്തിനാണ് അമ്മമ്മ അച്ഛച്ഛനെ കാണാതെ വെപ്രാളപ്പെടുന്നത്.

എന്തിനാണ് ഇങ്ങനെ കളിയാക്കാൻ പാകത്തിൽ ഓരോന്ന് ചെയ്യുന്നത് എന്നൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ ഒരു കൊച്ചുകുട്ടിക്ക് എങ്ങനെയാണ് അതിനുള്ള ഉത്തരങ്ങൾ കിട്ടുക ! അമ്മമ്മ ഭയങ്കരിയായിരുന്നു, മരുമക്കളെ കുറേ കഷ്ടപെടുത്തിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അതാവും അമ്മയ്ക്കും ഇളയമ്മക്കുമൊക്കെ ഇത്ര ദേഷ്യം.
പക്ഷേ, ആരെന്ത് പറഞ്ഞാലും അതൊന്നും അമ്മമ്മയെ ഒരുനിലക്കും ബാധിച്ചേയില്ലായിരുന്നു. വൈകീട്ട് കടയിൽ പോയി വരാൻ വൈകിയാലോ, രാഘവേട്ടന്റെ പറമ്പിൽ പോകുന്ന സമയത്ത് അപ്രതീക്ഷിതമായി ഇടവപ്പാതി തിമിർത്തു പെയ്യുമ്പോഴോ, മഴക്കൊപ്പമെത്തുന്ന ചുഴലിക്കാറ്റിന്റെ ഹുംങ്കാര ശബ്ദം കേൾക്കുമ്പോഴോ, തുലാവർഷ സന്ധ്യകളിൽ ഇടിമിന്നൽ ഭൂമിയെ ഞെട്ടിവിറപ്പിക്കുമ്പോഴോ, ഡിസംബറിലെ സന്ധ്യകളിൽ നേരത്തേ മഞ്ഞുവീണ് തുടങ്ങുമ്പോഴോ,

അങ്ങനെ എല്ലാകാലങ്ങളിലും അച്ഛച്ഛൻ വീട്ടിലെത്തുവാൻ വൈകുമ്പോഴെല്ലാം വഴിയിലേക്ക് കണ്ണുംനട്ട് “അപ്പൻ വന്നില്ലല്ലോ, അപ്പൻ വന്നില്ലല്ലോ ” എന്ന് അമ്മമ്മ പിറുപിറുത്തുംകൊണ്ട് തന്നെയിരുന്നു. അമ്മമ്മയുടെ സംഭ്രമവും വെപ്രാളവും കാണുമ്പോൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളിൽ ഇവർ പലപ്പോഴും തല്ലുകൂടുകയാണല്ലോ എന്ന് ഞാൻ അത്ഭുതപ്പെടുകയും ചെയ്തു.
അവരവരുടെ ശരികളിൽ ഉറച്ചു നിന്നതുകൊണ്ട് തന്നെയാവും തറവാട്ടിൽ നിന്നും പിരിഞ്ഞ്, എന്നാൽ അതിനോട് ചേർന്ന്തന്നെ അച്ഛനും പാപ്പനും വേറെ വേറെ വീടുകൾ വെച്ചത്.

വല്യവീടെന്ന് ഞങ്ങൾ വിളിച്ചിരുന്ന ആ കുഞ്ഞു തറവാട്ടു വീട്ടിൽ അച്ഛച്ഛനും അമ്മമ്മയും മാത്രമായി. ”ഇപ്പോ അപ്പനും അമ്മക്കും സുഖായീലോ”എന്നുള്ള കുത്തുവാക്കുകളും എവിടെയൊക്കെയോ ഞാൻ കേട്ടു. പക്ഷെ ഒറ്റയോട്ടത്തിന് അച്ഛച്ഛന്റെയും അമ്മമ്മയുടെയും അടുത്തെത്തുമെന്നതിനാൽ എനിക്കൊരിക്കലും ഒരു അകൽച്ച തോന്നിയില്ല. വീട്ടിൽ നിന്ന് എന്ത് കഴിച്ചാലും അമ്മമ്മ വിളമ്പി തരുമ്പോൾ അതെന്ത് തന്നെയായാലും മുഴുവനും കഴിച്ചു തീർക്കും.

പിന്നേയുമേറെക്കാലം കഴിഞ്ഞ് അപ്രതീക്ഷിതമായി ഒരു ദിവസം അച്ഛച്ഛൻ ഞങ്ങളെ വിട്ട് പോയി. ഞാനപ്പോഴേക്കും ഏറെ വളർന്നു പോയിരുന്നു. അച്ഛച്ഛന്റെ ശരീരം കെട്ടിപ്പിടിച്ച് എണ്ണിപ്പെറുക്കി അമ്മമ്മ കരയുമ്പോഴും ആരേം കഷ്ടപെടുത്താതെ അച്ഛച്ഛൻ പോയല്ലോയെന്ന് ഞാൻ ആശ്വസിച്ചു.എന്നാലും പള്ളിക്കണ്ടത്ത് നിന്നും പട്ടിക്കാട് സ്കൂൾ വരെ ബസ്സിൽ പോകുവാൻവേണ്ടി, ട്രൗസറിന്റെ പോക്കറ്റിൽ നിന്നും എടുത്തു തന്നിരുന്ന അണിൽബീഡിയുടെ മണമുള്ള ചില്ലറ തുട്ടുകളുടെ,

വൈകുംനേരംങ്ങളിൽ കല്യാണിയമ്മേടെ ചായക്കടയിൽ നിന്ന് കൊണ്ടുവന്നിരുന്ന നെയ്യപ്പത്തിന്റെ വാസനയുടെ, കുഞ്ഞുമോൻ ചേട്ടന്റെ കടയിലെ കപ്പലണ്ടിമിഠായിയുടെ മധുരത്തിന്റെ, ആ വിരൽ തുമ്പിൽ തൂങ്ങി ചില വൈകുംനേരങ്ങളിൽ ഒരു കിലോമീറ്ററോളം നടന്ന് എടപ്പലത്തെ സായ്‌വിന്റെ കടയിൽ നിന്ന് വാങ്ങികഴിച്ചിരുന്ന ചൂടുള്ള പൊറോട്ടയുടെ രുചിയുടെ, അങ്ങനെയങ്ങനെ ഒരിക്കലും മറക്കുകയില്ലാത്ത കുറേ സ്നേഹാർദ്രമായ ഓർമ്മകൾ പിന്നീട് പലപ്പോഴുമെന്റെ കണ്ണുകളെ നനയിച്ചു.

അച്ഛച്ഛൻ മരിച്ചതിന് ശേഷം അച്ഛമ്മക്ക് പിടിവാശി കൂടി എന്നായിരുന്നു അമ്മേടേം എളാമ്മേടേം പക്ഷം. കാലം പിന്നെയും കടന്നു പോയി… രാജിക്ക് കൂടി ജോലി കിട്ടിയതോടെ ജന്മസ്ഥലത്തുനിന്ന് പിന്നേയും കുറച്ചുകൂടി ദൂരേക്ക് ഞങ്ങൾ പറിച്ചു നടപ്പെട്ടു.
പതിയെപ്പതിയെ അമ്മമ്മക്ക് വയ്യാതായി. കുറേ കാലം കിടന്നുപ്പോയി. കുഞ്ഞമ്മായിയും വല്യമ്മായിയും ഇളയമ്മയും ഇളയമ്മയുടെ മരുമകൾ അജിയുമായിരുന്നു അവസാന കാലങ്ങളിൽ അമ്മമ്മയെ നോക്കിയിരുന്നത്. ഓർമ്മകൾ മാത്രം ബാക്കിയാക്കി ഒരു ദിവസം അമ്മമ്മയും പോയി. ..
വർഷങ്ങൾ ഇടതടവില്ലാതെ കൊഴിഞ്ഞുവീഴുന്നു. തലമുടി വളരുന്നതിന്റേയും കൊഴിയുന്നതിന്റേയും ആനുപാതം നഷ്ടപ്പെട്ടിരിക്കുന്നു. മുടിയിഴകളിൽ അങ്ങിങ്ങായി നിരവധി വെള്ളിയിഴകൾ ! നാല്പതുകൾക്കപ്പുറത്തേക്ക് ഞാനും കടന്നു.

അതേ….കാലം അനസ്യൂതം കുതിച്ചൊഴുകികൊണ്ടേയിരിക്കുന്നു.
ഇപ്പോൾ…
അച്ഛൻ എവിടെയെങ്കിലും പോയി തിരിച്ചുവരാൻ വൈകുമ്പോൾ “അച്ഛനിതുവരെ വന്നില്ലല്ലോ, അച്ഛനിതുവരെ വന്നില്ലല്ലോ” എന്ന് അറുപത്തിമൂന്നിലെത്തി നിൽക്കുന്ന അമ്മ പിറുപിറുക്കുന്നത് പലപ്പോഴും ഞാൻ കേൾക്കുന്നു. ഇനി ദൂരെക്കാണ് അച്ഛൻ പോയതെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയമാവുമ്പോൾ “അച്ഛൻ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ എന്തോ? സുഖമില്ലാത്ത മനുഷ്യനാണ്, നേരത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരിയാവില്ല” എന്ന് അച്ഛനെക്കാൾ സുഖമില്ലാത്ത അമ്മ വെപ്രാളപ്പെടുന്നു. എന്നാൽ ഒരുമിച്ചിരിക്കുന്ന സമയങ്ങളിൽ തല്ല് കൂടുന്നു.

കാലമാവർത്തിക്കപ്പെടുന്നു…
കാലമനസ്യൂതമൊഴുകിപോകുന്നുണ്ടെങ്കിലും ഓർമ്മകൾ പലയിടത്തും കുരുങ്ങി കിടക്കുന്നു. ചിലതോ, തണുക്കാതെ ഉമിത്തീ പോലെ നീറിക്കൊണ്ടിരിക്കുന്നു, ഇടക്കെന്നെ വന്നു പൊള്ളിക്കുന്നു. രാത്രിയിൽ ഏതോ യാമത്തിൽ ഞെട്ടിയുണരുമ്പോൾ കല്യാണം കഴിഞ്ഞ് ഇത്രവർഷങ്ങളായിട്ടും ഒരുവൾ കൈത്തണ്ടയിൽ മുഖം ചേർത്ത് പിടിച്ചു തന്നെ കിടക്കുന്നു. ഏറെനേരം ഒരേരീതിയിൽ തന്നെ വച്ചുപോയതിനാൽ, രക്തയോട്ടം കുറഞ്ഞ് തരിച്ചുപോയ കൈത്തലത്തിൽ നിന്നും അവളുടെ മുഖം പതിയെ മാറ്റിവെക്കുവാൻ ശ്രമിക്കുമ്പോൾ ഗാഢമായ ഉറക്കത്തിലും കൈതണ്ടയിൽ നിന്നും മുഖം മാറ്റാതെ അള്ളിപിടിക്കുന്നു. ഒരു കുഞ്ഞിനെപോൽ ചുരുണ്ടുകൂടുന്നു.

അവളുടെ നെറ്റിയിൽ പതിയെ തലോടുന്നു. ഏറ്റവും സമാധാനത്തോടെ അവൾ ഉറങ്ങുന്നത് കണ്ടു ഞാൻ സന്തോഷിക്കുന്നു. വെറുതേ കണ്ണടച്ചു കിടക്കുമ്പോൾ അച്ഛച്ഛനേയും അമ്മമ്മയേയും ഓർമ്മവരുന്നു. അണിൽ ബീഡിയുടെ മണമുള്ള ചില്ലറ തുട്ടുകളുടെ കിലുക്കം, കപ്പലണ്ടിമിഠായിയുടെ മധുരം, കല്യാണിയമ്മേടെ കടേലെ നെയ്യപ്പത്തിന്റെ വാസന, സായ്‌വിന്റെ കടയിലെ പൊറോട്ടയുടെ രുചി, അമ്മമ്മ അരച്ചു വെച്ചിരുന്ന തേങ്ങാ ചമ്മന്തിയുടെ മണം… പിന്നെ പതിയേ ‘അപ്പനിതുവരെ വന്നില്ലല്ലോ അപ്പനിതുവരെ വന്നില്ലല്ലോ’ എന്ന അമ്മമ്മയുടെ പിറുപിറുക്കൽ……

നേർത്തമയക്കത്തിൽ നിന്നും ഞെട്ടിയുണരുന്നു.
അമ്മമ്മേ… എനിക്കിപ്പോഴാണ് അമ്മമ്മയുടെ വേവലാതികളുടെ, വെപ്രാളങ്ങളുടെ, ആഴവും വ്യാപ്തിയും മനസ്സിലാകുവാൻ തുടങ്ങിയത്. അച്ഛച്ഛൻ വരാൻ വൈകുന്ന നിമിഷങ്ങളിൽ പരിഭ്രമിക്കുന്നതും, തിരഞ്ഞു പോകുന്നതും, പുഴയോരത്തെ പാറപ്പുറത്ത് വച്ചുകെട്ടിയ മാടത്തിലേക്ക് ഒരു ചൂട്ടു കറ്റയുടെ വെളിച്ചത്തിൽ ഒട്ടുംഭയമില്ലാതെ രാത്രിയിലേക്കുള്ള ചോറും കൊണ്ട് ചെന്നെത്തുന്നതും , അവിടെ കൂട്ടിരുന്ന് രാവിലെ ഒരുമിച്ചു പോരുന്നതും എന്തിനെന്ന് മനസിലാക്കുവാൻ എനിക്കിപ്പോഴേ സാധിച്ചുള്ളൂ. ശരികൾ തെറ്റുകളാവുന്നതും തെറ്റുകൾ ശരികളാവുന്നതും നിസ്സഹായതോടെ ഞാനിപ്പോൾ നോക്കി നിൽക്കുന്നു, അറിയാതെ രണ്ടുതുള്ളി കണ്ണുനീരിറ്റി വീഴുന്നു.
കെ വി വിനോഷ്

By ivayana