കരിനീലജലത്തിലെ
അമ്പിളിവട്ടത്തിളക്കത്തിലേക്ക്
ഡൈവ് ചെയ്തവൾ
നീന്താൻ തുടങ്ങി.
അവ്യാഖ്യേയമായ അവളുടെ
അപ്പോഴുത്തെ മനോനിലയുടെ
അമിതാവേശം ചിതറിത്തെറിപ്പിച്ച
എണ്ണമറ്റ ജലകണങ്ങൾ
നിലാ സ്പോട്ട് ലൈറ്റിൽ
തിളങ്ങിക്കൊണ്ടേയിരുന്നു.
മനംതണുപ്പിച്ചമ്മയായ്
ചെറുചൂടിൻ ജലസ്പർശം.
കറുത്ത നീന്തൽവസ്ത്രങ്ങളണിഞ്ഞ
ആ സുന്ദരീ ജലകന്യക,
വരാനിരിക്കുന്ന മത്സരത്തിലെ
മുഖ്യ എതിരാളിയിപ്പോൾ
തനിക്കൊപ്പം നീന്തുന്നതായി സങ്കല്പിച്ച്,
അവളെ തോല്പിച്ചുകൊണ്ട്
‘ഫ്രീ സ്റ്റൈൽ’ ഇനമവസാനിപ്പിച്ചു.
ഒട്ടും ദേഹവിശ്രാന്തിയാവശ്യപ്പെടാതവൾ
‘ബാക്ക് സ്ട്രോക്ക് ‘ ആരംഭിച്ചു.
നീലാകാശക്കുളത്തിലപ്പോൾ
തനിക്കഭിമുഖമായി, മലർന്നു പിന്നിലേക്ക്
നീന്തുന്ന ചന്ദ്രനെക്കണ്ടവൾ
നീന്തൽക്കണ്ണടയൂരി കണ്ണിറുക്കി.
കുട്ടിക്കാലത്തു നീന്തൽപഠിക്കുമ്പോൾ
കരുതലിന്റെ കണ്ണുചിമ്മാത്ത
അച്ഛനെയോർത്തു കണ്ണുനിറച്ചവൾ
‘ബട്ടർഫ്ലൈ സ്ട്രോക്ക് ‘ തുടങ്ങി.
ജലത്തിൽ പറക്കും ചിത്രശലഭമേ,
നീയേതു സാന്ദ്രമധുരം തിരയുന്നു!
താൻ ജലത്തിൽ രചിക്കുന്ന
കവിതകളുടെ ദൃശ്യവിരുന്നിലേക്ക്
മനമപ്പോൾ കാമുകനെ ക്ഷണിച്ചു.
അയാളോ ജലഭയമുള്ളവൻ,
എങ്കിലും പ്രോത്സാഹകനായ
പ്രണയിതാവുണ്ടായിരിക്കുക നല്ലതാണ്.
അയാൾ നിങ്ങൾക്കു പകരം
നിങ്ങളെപ്പറ്റി വലിയ സ്വപ്നങ്ങൾകാണും.
നീന്തൽത്തൊപ്പിയഴിച്ച് മുടിവിടർത്തിയിട്ടവൾ
അലസഗതിയിൽ നീന്തിയെത്തി,
ഝടുതിയിലവനെ ജലകാവ്യത്തിലേക്ക്
വലിച്ചിട്ട്, ചുംബനങ്ങളാൽ മുക്കിത്താഴ്ത്തി
‘സിങ്ക്രൊണൈസ്ഡ് സ്വിമ്മിംഗ് ‘ ആരംഭിച്ചു.
സ്ഫടിക ജലഭേരിയിൽ,
ജലക്രീഡകളുടെയാ അനുരൂപകനൃത്തത്തിൻ
അവധാനതയിൽ തരളിതയായി
അവളൊരു രജതമീനായ്ത്തുടിച്ചു.
ജലകേളികളാടിക്കുഴഞ്ഞ്, അവസാനയിനമായ
‘ബ്രെസ്റ്റ് സ്ട്രോക്ക് ‘- നെപ്പറ്റി ഓർത്തപ്പോഴാണ്
വെള്ളത്തിൽക്കലർന്ന വിപത്ക്കരമായൊരു
ഗന്ധമവളെ പരിഭ്രാന്തയാക്കിയത്.
അശ്ലീലോക്തികളുമായി
പെൺദേഹത്തനുവാദമില്ലാതെ
തുഴയാൻ ശ്രമിച്ചെത്തും
പുതുപ്പരിശീലകന്റെയറയ്ക്കും മണം.
ജീവിത ജലവിതാനത്തിലെ
നിരാലംബതകളെയാണ്
ഒരു നീന്തൽതാരമാദ്യം അതിജീവിക്കേണ്ടത്.
അവളുടെ വെറുപ്പിൻ കരുത്തിൽ,
ആഴമേറ്റിയ കഠിന മർദ്ദത്തിൽ
അയാളുടെ നെഞ്ചകത്തിപ്പോൾ
ശ്വാസകുമിളകൾ ഒന്നൊന്നായ്
പൊട്ടിത്തുടങ്ങി, ജലസമാധിക്കായ്.
ഇന്നത്തെ ഏകാന്ത
രാത്രിപരിശീലനമവസാനിപ്പിച്ച്
തലതുവർത്താതവൾ മടങ്ങുമ്പോൾ,
മനസ്സൊരു ‘സ്വിമ്മിംഗ് പൂൾ’ ആവുകയും
അതിൽ ആ വിടനായ പരിശീലകൻ
നിത്യ ജലശയനംകൊള്ളുകയുമായിരുന്നു.
✍️ ദിജീഷ് കെ.എസ് പുരം.