ദീർഘകാലം പ്രവാസിയായിരുന്നു . ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. മദ്ധ്യ പൂർവ്വദേശത്തെ രോദനങ്ങളും വെടിയൊച്ചകളും അഭയാർത്ഥി പ്രവാഹങ്ങളും കണ്ടും കേട്ടുമാണ് ജീവിച്ചത്. ഇന്നും അതിനറുതിയായിട്ടില്ല. എന്നല്ല, നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
ഇറാഖികളും സിറിയക്കാരുമായി ധാരാളംസുഹൃത്തുക്കളുണ്ടായിരുന്നു. അവരോട്
യാത്രപറയാതെയാണ് പോന്നത്. അവരെ കാണാതായിട്ട് നാളുകൾ പിന്നിട്ടിരുന്നു. ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ നിശ്ചയമില്ല.
പോരുമ്പോൾ കുറച്ച് പുസ്തങ്ങൾ മാത്രമാണ് സമ്പാദ്യമായി ഉണ്ടായിരുന്നത്. കുട്ടികൾക്ക് അവരാഗ്രഹിച്ച വിദ്യാഭ്യാസം നൽകിയിട്ടുണ്ട്.
അവർക്ക് ജോലിയൊന്നുമായിട്ടില്ലെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്.
തിരിച്ചെത്തിയ ഉടൻ റേഷൻ കാർഡിൽ പേര് ചേർത്തിച്ചു.വാർദ്ധക്യ പെൻഷന് അപേക്ഷ നൽകി. രണ്ടും ശരിയായി. നോർക്കയുടെ കോൺട്രിബ്യൂട്ടറി പെൻഷൻ ഉണ്ട്. ആയിരം രൂപയായിരുന്നത് രണ്ടായിരമാക്കി ഉയർത്തിയിട്ടുണ്ട്. റേഷൻ പീടികയിലും മാവേലി സ്റ്റോറിലും ഗവണ്മെന്റ് ആശുപത്രിയിലും ക്യൂ നിൽക്കാൻ മടിയില്ല. കഞ്ഞിയിലും കപ്പയിലുമൊതുങ്ങുന്ന ജീവിത രീതി മറന്നിട്ടില്ല.
ഈയടുത്ത് വാരികയിൽ ഒരു കഥ വായിച്ച് ഖിന്നനായി. ദുബായിൽ കോവിഢ് വന്ന് മരണപ്പെട്ട ഈസയുടെ കഥ . ഈസയെ കോവിഢ് പ്രൊട്ടോക്കോൾ അനുസരിച്ച് അവിടെത്തന്നെ മറവ് ചെയ്യുകയായിരുന്നു. ഖബറിൽ നിന്ന് പുറത്ത് കടന്ന് അയാൾ നാട്ടിലെത്തുന്നു. ജനാലയ്ക്കൽ വന്ന് വേണ്ടപ്പെട്ടവരെ മുട്ടി വിളിയ്ക്കുകയാണ്. ഞാൻ ജീവിച്ചിട്ടില്ലാ വാതില് തുറക്ക് . എന്നെ അകത്ത് കേറ്റ്…
അവർ ഭയന്നു. അളിയൻ പോലീസിൽ പരാതിപ്പെടുന്നു. പരാതി കിട്ടിയാൽ പോലീസിന് വന്നേ പറ്റൂ. പരിസരം അരിച്ച് പെറുക്കിയിട്ടും ഒരു തുമ്പും കിട്ടുന്നില്ല.
അധികാരികളുടെ സമകാല ചെയ്തികളുമായി ഇഴ ചേർത്ത്, പ്രഛന്ന ഹാസ്യം കലർത്തി ഷിഹാബുദ്ദീൻ ഒന്നാന്തരം പ്രവാസകഥ മെനയുന്നു.
കഥ വായിച്ചു കൊണ്ടിരിക്കെ മുസല്ലയിലെ പഴയ കുടുസ് മുറി ഓർമ്മവന്നു.
കബീറും താഹിറും ഷൗക്കത്തും ജോൺസനും രാമേട്ടനുമൊന്നിച്ച് ആ മുറിയിലാണ് കഴിഞ്ഞിരുന്നത്. ഒരാൾ നിസ്കരിക്കുമ്പോൾ മറ്റേയാൾ ടീവി കാണുന്നുണ്ടാവും.ഷൗക്കു കട്ടിലിൽ കമഴ്ന്ന് കിടന്ന് ഉമ്മാക്ക് കത്തെഴുതുന്നുണ്ടാവും.ജോൺസൻ സോളമന്റെ പ്രണയ ഗീതം വായിയ്ക്കുകയാവും. രാമേട്ടൻ ഗ്ലാസിൽ പകർന്ന ചുവന്ന ദ്രാവകം മൊത്തുന്നുണ്ടാവും.
തീനും കുടിയും ടി വി കാണലും നിസ്ക്കാരവും ശീട്ട് കളിയും ജനൽപ്പാളികളില്ലാത്ത ഒറ്റ മുറിയ്ക്കകത്ത് തന്നെ. കട്ടിലിനടിയിൽ സവാളച്ചാക്കും മച്ചിഢബ്ബയും കോണോയൽ ക്യാനും നാട്ടിൽ നിന്ന് കൊണ്ടുവന്ന അച്ചാർ കുപ്പികളും നിരന്നിരിക്കുന്നുണ്ടാവും. വറുത്ത കായയുടെ മണം പിടിച്ച് ചുണ്ടെലികൾ കടന്ന് കൂടും. പിന്നെ പണിയായി.
ആ മുറിയിൽ കഴിയുന്ന കാലത്താണ് കിഢ്നിയിൽ കല്ല് രൂപം കൊണ്ടത്. കിഡ്നി സ്റ്റോണിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. രാത്രിയാണ് ദണ്ണമിളകുക. ഒന്ന് തേങ്ങാൻ പോലും വയ്യ.അലാറം വച്ച്, ഊഴം കാത്ത് കിടക്കുന്നവരാണ്.രാവേറെച്ചെന്നിട്ടാണ് ഒന്ന് തല ചായ്ക്കുന്നത്. കിടന്നതേ ഓർമ്മയുണ്ടാവൂ. തളർന്ന് അവശരായിട്ടാണ് പണിസ്ഥലത്ത് നിന്ന് വരുന്നത്. വന്നയുടനെ കവറോളഴിച്ച് കിച്ചനിൽ കയറുന്നു. ഐസ് വിടാത്ത സല്ലാജക്കോഴിയുമായുള്ള മൽപ്പിടുത്തം കഴിഞ്ഞ് വേണം കറി അടുപ്പത്ത് വയ്ക്കാൻ. തിളച്ചിട്ടേ ഉണ്ടാവൂ. ബ്രസീലിന്റെ ഇറച്ചിക്കോഴി വെന്ത് മലരും.
കോഴിയിറച്ചി കറിവച്ച മണമൊന്നും പ്രതീക്ഷിക്കരുത്. എന്നും ഒരേ ചേരുവകളാണ്. അവശ്യത്തിലധികം കറുവപ്പട്ടയും കരയാംപൂവും വാരിയിടും. സവാള എണ്ണയിൽ കുളിപ്പിച്ചാണ് വഴറ്റുന്നത്. എളുപ്പപ്പണി. കറി അടുപ്പത്ത് കേറ്റിയാൽ അന്നത്തെ അടുക്കള വ്യാപാരം കഴിഞ്ഞു. കുബ്ബൂസ് കൊണ്ട് വന്നിട്ടുണ്ടാവും. പഴയത് ഫ്രീസറിൽ വച്ചിട്ടുണ്ടെങ്കിൽ എടുത്ത് പുറത്ത് വയ്ക്കണം. ഐസ് പോകാൻ. നിസ്സാര വിലയുള്ള മൈതറൊട്ടി പോലും കളയില്ല. മെസ്സ്ചിലവ് ആളോഹരി മാസം എഴുപത് ദിർഹത്തിലൊതുക്കണം.
കളസം വലിച്ച് കേറ്റി ടീഷർട്ടിട്ട് സാഗരേട്ടൻ പുറത്ത് കടന്നപ്പോൾ മുറ്റത്ത് നാരകച്ചോട്ടിൽ ഒരാൾ കിടക്കുന്നു.
ധൈര്യവാനായിരുന്നുവെങ്കിലും അദ്ദേഹം ഒന്ന് പതറി. അകത്ത് കട്ടിലിൽ കിടന്ന മനുഷ്യൻ മുറ്റത്ത് വന്ന് കിടക്കുമെന്ന് ഊഹിക്കുന്നതെങ്ങനെ. പുറത്തെ ലൈറ്റ് തെളിച്ചപ്പോൾ ആളെ മനസ്സിലായി. കമ്പനി വണ്ടിയിൽ കയറ്റി ദുബായ് റാഷിദിയ ആശുപത്രിയിലെത്തിച്ചു. വേദനയ്ക്ക് താൽക്കാലിക ശമനമായെങ്കിലും മാസങ്ങളെടുത്തു കല്ല് പോയിക്കിട്ടാൻ. വല്ല ഫ്ലാറ്റിലോ മറ്റോ ആയിരുന്നെങ്കിൽ വേദന സഹിയ്ക്കാതെ ചാടിച്ചത്തേനെ.
മുസല്ലയിലെ മുറിയിൽ കഴിയുന്ന കാലത്ത് കോവിഢ് ബാധിച്ചാലത്തെ അവസ്ഥയോർത്ത് അമ്പരക്കുന്നു. ആരോഗ്യ പ്രവർത്തകർ നിർദ്ദേശിയ്ക്കുന്ന സാമൂഹ്യ അകലമോ മുഖാവരണം ചാർത്തലോ ഒന്നും അവിടെ പാലിക്കപ്പെടില്ല. ഒരാൾക്ക് വന്നാൽ എല്ലാവരേയും കൊണ്ടേ പോകൂ.
പഴയൊരു ശ്മശാനത്തിന് മുന്നിലാണ് താമസിച്ചിരുന്നത്. രാത്രി ആ ശ്മശാനത്തിലൂടെ നടന്നിരുന്നപ്പോൾ തോന്നാത്ത ഉൾക്കിടിലമാണ് കഥയിലെ ഭ്രമകൽപ്പനകൾ വായിച്ചപ്പോൾ ഉണ്ടായത്. കഥയും ജീവിതവും ഒന്നാവുമ്പോഴത്തെ ഭീകരാവസ്ഥ.