പൊയ്മുഖങ്ങൾ കണ്ടെൻ മനവും മടുത്തു..
തേടും സ്നേഹമുഖമെങ്ങും കണ്ടില്ലിതുവരെ.
അറിയാതടുത്താൽ മുതലെടുപ്പിനെത്തുമവതാരങ്ങൾ.

കയ്യിലുള്ളതുനാഗമാണിക്യമെങ്കിലും,
മണ്ടിയോടിടുന്നു കാക്കപ്പൊന്നിനായി .

അമ്മ, സോദരി, മകളെന്നില്ല
പെണ്ണെന്നാൽ വെറും കാമം
തീർക്കുമുപകരണം മാത്രം

പെണ്ണിന്നർത്ഥമറിയാതെ തൻ
മാനം തെരുവിലിഴക്കും സ്ത്രീജന്മങ്ങളും.

പൊയ്പ്പോയ ദിനങ്ങൾ മടങ്ങിയെത്തില്ലാ..
ഉള്ള സമയമോ സാർത്ഥകമാക്കാം …

അനാദിയായ് മനം മാറാതെ
ചരാചരങ്ങൾക്കുയിരേകുമർക്കനും
പ്രകൃതിയാമമ്മയും അതുമാത്രമല്ലോ…
നിതാന്ത സത്യങ്ങൾ !

കപടവേഷങ്ങളഴിച്ചു മാറ്റാം
നിയോഗമെന്തെന്നറിഞ്ഞിടാൻ…
കാലത്തിൻ കുളമ്പൊടിയൊച്ച മുഴങ്ങീടുന്നിതാ.
ഓർത്തിടാം വെറും എണ്ണപ്പെട്ട ദിനങ്ങൾ മാത്രം മുന്നിൽ.

Shyla Nelson

By ivayana