പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടു
നില്ലു നില്ലെന്നു ചൊല്ലുന്നതാര് !
നീലരാവിന്റെ യോമൽച്ചൊടികളൊ
നീർമണികളേന്തുന്ന മേനിയൊ
നീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാ
പൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊ
നീഹാരമുത്തുകളേന്തും നിശാപുഷ്പ
നീൾമിഴികളൊ നീരജങ്ങളൊ
കാലത്തിന്റെ യിടവഴിയിലെങ്ങൊ
കണ്ടകന്ന കാവ്യപുഷ്പങ്ങളൊ
പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടു
നില്ലു നില്ലെന്നു ചൊല്ലുന്നതാര്
കാത്തിരിയ്ക്കും അമ്മതന്നോർമ്മയൊ
കാന്തി ചിന്നും പ്രിയ്യതൻ രാഗമൊ
കണ്ടു മറന്നകന്നയിഷ്ടങ്ങളൊ
കണ്ണെത്താതെ പോയ കിനാക്കളൊ
കാലിൽ മെല്ലെ പിണഞ്ഞ പൂവ്വള്ളിയൊ
കാതിലേയ്ക്കു വന്നെത്തിയ ഗാനമൊ
കാവുതീണ്ടുന്ന നാടിന്റെ നാദമൊ
നാടുവാഴും ദേവസ്തുതികളൊ
പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടു
നില്ലു നില്ലെന്നു ചൊല്ലുന്നതാര് !