നവംബർ 23 മുഹമ്മദ് അബ്ദുറഹിമാൻ എന്ന വീര പുത്രൻ വിട പറഞ്ഞിട്ട് 75 വർഷമാവുന്നു .
കേരള സർക്കാർ ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് 1978 മെയ് 12 ന് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം കുറ്റമറ്റ രീതിയിൽ എഴുതി തയ്യാറാക്കിയത് നാലു പേരിൽ ഒന്ന് എൻ.പി. ഹാഫിസ് മുഹമ്മദിന്റെ പിതാവ് എൻ.പി. മുഹമ്മദാണ് . പ്രശസ്ത സഞ്ചാര സാഹിത്യകാരനും , ചരിത്രകാരനുമായ എസ്.കെ. പൊറ്റക്കാട് , വിദ്യാഭ്യാസ വിചക്ഷണൻ പി.പി. ഉമർ കോയ , പ്രശസ്ത സാഹിത്യകാരന്മാരും മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതത്തെ അടുത്തറിഞ്ഞിരുന്ന എൻ.പി. മുഹമ്മദ് , മുഹമ്മദ് അബ്ദുറഹിമാന്റെ വളർത്ത് പുത്രൻ കെ.എ. കൊടുങ്ങല്ലൂർ എന്നിവരാണ് ആ നാലു പേർ .
ഒപ്പം എഡിറ്റോറിയൽ ബോർഡിൽ നിരവധി പ്രമുഖരും .
‘ കേരള ചരിത്രത്തിൽ കൊടുങ്കാറ്റു പോലെ അദ്ദേഹം വന്നു കൊടുങ്കാറ്റു പോലെ ഒരിടത്തും തങ്ങിയില്ല . കൊടുങ്കാറ്റിന്റെ വേഗത്തിൽ പോവുകയും ചെയ്തു ‘
2020 ഫെബ്രുവരി 23 ന് ഏറിയാട് പ്രദേശത്തുള്ള , ഇപ്പോൾ മ്യൂസിയമായ മുഹമ്മദ് അബ്ദുറഹിമാന്റെ തറവാട് കാണാൻ പോയപ്പോൾ . അതിനെ സംബന്ധിച്ച് ഞാൻ മുഖ പുസ്തകത്തിൽ കൊടുത്തിരുന്നു . പുനർവായനക്കായി അത് ഒന്നുകൂടി ഇതിൽ നിങ്ങൾക്കായി ഉൾപ്പെടുത്തുന്നു .
ഏറിയാട് നിന്നൊരു പോരാളി ………..
” സാഗര രക്തത്തിന്റെ ചേണിയാൽ വളം ചേർന്ന മംഗല സമാധാന കേദാരം കൃഷി ചെയ്കേ അതുലാനന്ദം പാടും ഞങ്ങളീ മലനാട്ടിന്നഭിമാനം അബ്ദുറഹിമാനുടെ ഗാനം ..”
( വൈലോപ്പിള്ളി ശ്രീധരമേനോൻ )
എന്റെ രചനയിൽ കൊച്ചി നൈനാ അസോസിയേഷൻ പുറത്തിറക്കിയ
‘ നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ ‘
എന്ന പുസ്തകത്തിൽ ധീര ദേശാഭിമാനിയായ ‘മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ ‘ കുറിച്ച് പറഞ്ഞിരുന്നു എങ്കിലും എന്റെ നാടായ കൊച്ചിയിൽ നിന്ന് കേവലം 50 കിലോമീറ്റർ മാത്രം ദൂരമുള്ള അദ്ദേഹത്തിന്റെ ജന്മദേശം കാണണം എന്ന ആഗ്രഹം സാധിച്ചിരുന്നില്ല
അങ്ങിനെയാണ് 2020 ഫെബ്രുവരി 23 ന് ഒരു ഞായറാഴ്ച ദിവസം ആ ധീര പോരാളിയുടെ ഏറിയാടിന്റെ മണ്ണിലേക്ക് പോയത് . അദ്ദേഹം പിറന്ന് വീണ തറവാട്ട് വീട് തന്നെയാണ് മ്യൂസിയം ആക്കിയിട്ടുള്ളത്
അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ , പോരാട്ട വീര്യമുള്ള ധീരരിൽ ധീരരായവരുടെ രക്തം തന്നെയാണ് മുഹമ്മദ് അബ്ദുൾറഹിമാൻ സാഹിബിന്റെ സിരകളിലും ഓടിയിരുന്നത് . പോർച്ചുഗീസ് പട്ടാളത്തിന് എതിരെ പോരാടിയ , കോഴിക്കോട് നിന്ന് കൊച്ചിയിലെത്തി കൊച്ചങ്ങാടിയിൽ വലിയ വേലിക്കകത്ത് വീട്ടിൽ താമസിച്ചിരുന്ന കുഞ്ഞാലി നൈന എന്ന ധീര പോരാളിയുടെ സുന്ദരിയായ ഏക മകളെയാണ് അതിസമർത്ഥനായ അഭ്യാസിയും കളരിപയറ്റുകാരനുമായിരുന്ന ഏറിയാട് കറുകപാടത്ത് കലന്തൻ പോക്കർ വിവാഹം കഴിച്ചത് . ഈ പരമ്പരയിലെ പത്താം തലമുറയിലാണ് മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ ജനനം . ഏറിയാട് കറുകപ്പാടത്ത് കുടുംബാംഗമായ അബ്ദുറഹിമാന്റെയും അയ്യാരിൽ കുടുംബത്തിലെ കൊച്ചൈശുമ്മയുടെയും ആദ്യ മകനാണ് മുഹമ്മദ് അബ്ദുറഹിമാൻ .
മ്യൂസിയം സന്ദർശിക്കാൻ ചെന്നപ്പോഴാണ് തൊട്ടടുത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ കുഞ്ഞികോമുവിന്റെ മകന്റെ ഭാര്യ അവിടെയുണ്ടെന്ന് അറിഞ്ഞത് . പേര് ഫാത്തിമ 80 വയസ്സിനോട് അടുക്കുന്ന പ്രായം പക്ഷെ ഊർജ്ജസ്വലയായിരുന്നു . ഇവർ വേഴപ്പള്ളി കുടുംബാംഗമാണ് . കുറച്ച് നേരം ഇരുന്ന് വിശേഷങ്ങൾ പങ്ക് വെച്ചു . പലതും ചോദിച്ചറിഞ്ഞു .
പറഞ്ഞ് വരുമ്പോൾ കറുകപാടത്ത്കാരും , കൊടുങ്ങല്ലൂർ അയ്യാരിൽ കുടുംബവും , വെളിയത്ത് നാട് വേഴപ്പിള്ളി കുടുംബവും ഒറ്റ കുടുംബക്കാരാണ് ഈയടുത്ത് വരെ ഈ കുടുംബക്കാർ തമ്മിൽ മാത്രമായിരുന്നു വിവാഹം കഴിച്ചിരുന്നത് . വേഴപ്പള്ളിക്കാർ ഇപ്പോഴും അവരുടെ പേരിനൊപ്പം ‘നൈന ‘ എന്ന് എഴുതി ചേർക്കാറുണ്ട് .
കറുകപാടം കുടുംബക്കാരനാണ് മുഹമ്മദ് അബ്ദുറഹിമാന്റെ അടുത്ത ബന്ധുവും നവോത്ഥാന നായകനും നിഷ്പക്ഷ സംഘം ജനറൽ സെക്രട്ടറിയുമായിരുന്ന മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ( MES സ്ഥാപിച്ചത് ഈ കുടുംബമാണ് ) , മറ്റൊരു ബന്ധുവും സഹപാഠിയുമായിരുന്നു നവോത്ഥാന നായകനായ കെ.എം. സീതി സാഹിബ് . മറ്റൊരു അടുത്ത ബന്ധുവാണ് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും പാർലമെന്റംഗവുമായിരുന്ന വെളിയത്തുനാട് വേഴപ്പിള്ളി നൈനാ കുടുംബാംഗവുമായ വി.സി. അഹമ്മദുണ്ണി എന്നിവർ .
1898 – ൽ ജനിച്ച മുഹമ്മദ് അബ്ദുറഹിമാൻ കോഴിക്കോട് ബാസൽ മിഷൻ കോളേജിൽ നിന്ന് ഇൻറർമീഡയറ്റും , മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കി .
1920 – കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് എത്തി . 1921 ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് രാഷ്ട്രിയ രംഗ പ്രവേശം . ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനടക്കം നിരവധി തവണ ജയിലിൽ കിടന്നു .
‘ അൽ അമീൻ ‘ എന്ന പേരിൽ സ്വന്തമായി പത്രം പ്രസിദ്ധീകരിച്ചു . 1937- ൽ ഏറനാട് വള്ളുവനാട് നിയോജക മണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു .
1938 – 40 കാലത്ത് KPCC പ്രസിഡന്റായി അതും ഇ.എം.എസ്സിന്റെ ശക്തമായ പിന്തുണയോടെ . അന്ന് മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ് KPCC യുടെ പ്രസിഡൻറും EMS സെക്രട്ടറിയുമായിരുന്നു .
അടിമുടി കോൺഗ്രസുകാരനായ അബ്ദു റഹിമാനാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് എന്ന് പറഞാൽ വിശ്വസിക്കാനാവുമൊ ? പക്ഷെ അതാണ് സത്യം . അലിഗഡിലെ പഠനത്തിലൂടെ നേടിയ ആധുനിക കാഴ്ചപാടാണ് സ്വന്തം പത്രമായ അൽ അമീനിന്റെ അന്നത്തെ കല്ല് അച്ചിൽ മാനിഫെസ്റ്റോ അച്ചടിക്കാൻ അബ്ദുറഹിമാനെ പ്രേരിപ്പിച്ചത് .
1937 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെല്ലിന് അടിത്തറ പാകിയ നാലു പേരിൽ ഒരാളായ കെ. ദാമോദരനാണ് ഈ ആശയവുമായി മുഹമ്മദ് അബ്ദുറഹിമാനെ സമീപിച്ചത് . കോൺഗ്രസിന്റെ നോട്ടീസൊ ലഘുലേഖകൾ പോലുമൊ അച്ചടിക്കാൻ പ്രസ്സുകൾ വിസ്സമ്മതിച്ചിരുന്ന കാലത്ത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ അച്ചടിക്കാൻ അതും മലയാളത്തിൽ അച്ചടിക്കാൻ രാഷ്ട്രീയ തന്റേടം കാണിച്ച വ്യക്തിയാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് .
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കിന്റെ കേരളാ ഘടകം സ്ഥാപക ചെയർമാനായിരുന്ന മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിനെ കേരളത്തിന്റെ സുഭാഷ് ചന്ദ്ര ബോസ് എന്നും വിശേഷിപ്പിച്ചിരുന്നു .
നവോത്ഥാന നായകനും , സാമുഹ്യ പരിഷ്കർത്താവും ,ആദർശ ധീരനും , രാഷ്ട്രിയത്തിലെ തിളങ്ങുന്ന നക്ഷത്രം , സത്യസന്ധതയുടെ ആൾരൂപം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ധീര ദേശാഭിമാനി , സ്വാതന്ത്ര്യ സമര പോരാളി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് 1945 നവംബർ 23 – ന് എന്നന്നേയ്ക്കുമായി യാത്രയായി ….
47 വയസ്സു വരെ ജീവിച്ചിരിന്നുള്ളു ഇതിനിടയിൽ നാളുകളോളം ജയിലിലും കഴിയേണ്ടി വന്നു ……..
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരിത്രം എഴുതിയാൽ തീരുന്നതല്ല എന്നറിയാം എങ്കിലും ഞാനവിടെ പോയിരുന്നു എന്നതിനാൽ ചിലത് കുറിച്ചുവെന്ന് മാത്രം .
” പാടിടട്ടെ സുസ്വതന്ത്ര
കൺOമുയർത്തെങ്ങൾ പാടലമാം നിന്റെ കീർത്തി തലമുറകൾക്കായി എങ്കിലെന്തീ ഹർഷ ബിന്ദു തങ്കുമൊ നിൻ കാതിൽ മംഗളാത്മനേ , മുഹമ്മദ് അബ്ദുറഹിമാനെ ! “
(ഇടശ്ശേരി ഗോവിന്ദൻ നായർ )
മറ്റൊരു ചരിത്രം പറയാനുള്ള ഒരു തുടക്കം മാത്രമാണിത് . ഞാൻ മേലെ പറഞ്ഞത് പോലെ അതിനായി നമുക്കൊരൽപ്പം ക്ഷമയോടെ കാത്തിരിക്കാം ……
മൻസൂർ നൈന