ആയുർരേഖയിലും
ജീവിതരേഖയിലും
പ്രണയംകൊത്തിയവന് കാവലാവുക
മൃതിയേക്കാൾ ഭീതിദം
നല്ലൊരു
വിഷഹാരിയെങ്കിൽമാത്രം കൂട്ടിരിക്കുക.
വരുത്തിക്കൊത്തിയ
ജന്മപരമ്പരയത്രേ…………
ഒരു സീൽക്കാരംമതി
വഴിയും കാഴ്ചയും കരിച്ചുകളയാൻ
ഇടംകണ്ണിൽ
സ്നേഹത്തിന്റെ നാവോറ്
വലംകണ്ണിൽ
മരണത്തിന്റെ ചാവേറ്.
ചോരകടഞ്ഞ തീതൈലം
അവന് ധാര
മൃതിപൂത്ത നടവഴികൾ
ഇളവേൽക്കാൻ.
കഴുകുകളുടെ നടവരമ്പിൽ
പ്രണയവീട്………..
അവൻ
ദൈവംവരച്ച ചിത്രത്തിലെ
സ്ഥാനംതെറ്റിയ അവയവം.