വിവാദമായ പോലീസ് നിയമഭേദഗതി 118 A പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും.മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചു ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. പോലീസ് നിയമഭേദഗതിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേത്തുടർന്നു സിപിഎം കേന്ദ്രനേതൃത്വം ഇടപെടുകയും നിയമഭേദഗതി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയിൽ വിശദ ചർച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടർനടപടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനം അതിശക്തമായ ജനരോഷത്തിന് മുന്നിൽ പിണറായി സർക്കാരിന് മുട്ടു മടക്കേണ്ടി വന്നതുകൊണ്ടാണെന്നു കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. തല തിരിഞ്ഞ നടപടികൾ ആവർത്തിച്ച് കൊണ്ടിരിക്കുന്ന പിണറായിക്കും കൂട്ടർക്കും ഇതൊരു ഷോക്ക് ട്രീറ്റ്മെന്റാണെന്നും അദ്ദേഹം പരിഹസിച്ചു.